
ഇന്ത്യയിൽ സ്ത്രീകൾക്ക് സുരക്ഷിതമായി യാത്ര ചെയ്യാൻ കഴിയുന്നുണ്ടോയെന്ന ചോദ്യം പലപ്പോഴും പ്രശ്നകരമായി തുടരുന്നു. പല വിദേശ സ്ത്രീ യാത്രക്കാരും തങ്ങൾക്ക് ഇന്ത്യയിൽ നിന്നും മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് വെളിപ്പെടുത്തുന്നു. അതേസമയം ഇന്ത്യക്കാരായ സ്ത്രീകളും ഇന്ത്യയിൽ സുരക്ഷിതരാണോയെന്ന ചോദ്യത്തിന് മുന്നിൽ രണ്ട് വട്ടം ആലോചിക്കുന്നു. പോലീസ് സ്റ്റേഷനിൽ രേഖപ്പെടുത്തുന്ന സ്ത്രീ പീഡന കേസുകൾ ഓരോ വർഷം കഴിയുന്തോറും വർദ്ധിക്കുകയാണെന്ന് കണക്കുകളും വ്യക്തമാക്കുന്നു. ഇതിനിടെയാണ് കൊൽക്കത്തയിൽ നിന്നും ഒരു കാബ് ഡ്രൈവർ മദ്യപിച്ച് അവശയായ ഒരു യുവതിയെ സുരക്ഷിതമായി വീട്ടിലെത്തിയ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെടുന്നതും പിന്നാലെ വൈറലാകുന്നതും.
നക്ഷത്ര എന്ന എക്സ് ഹാൻറിലിൽ നിന്നും 'ഇതാണ് കൊൽക്കത്ത' എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചത്. മനുഷ്യത്വം വിജയിച്ചുവെന്ന വാചകവം ഇതാണ് ഞങ്ങളുടെ കൊൽക്കത്ത എന്ന വാചകവും എഴുതിയ ഒരു വീഡിയോയിൽ കാറിന്‍റെ ഡാഷ്കാമിൽ നിന്നുള്ള ദൃശ്യങ്ങളാണ് പങ്കുവച്ചത്. കാബ് ഡ്രൈവർ കാർ ഓടിക്കുമ്പോൾ പിന്നിലിരിക്കുന്ന യുവതി, 'അങ്കിൾ, ഞാൻ ഒരുപാട് മദ്യപിച്ചു, എന്നെ വീട്ടിലെത്തിക്കാമോ?' എന്ന് ചോദിക്കുന്നത് കേൾക്കാം. പിന്നാലെ നിങ്ങൾ മദ്യപിച്ചിട്ടുണ്ടെന്ന് എനിക്ക് അറിയാമെന്നും ഞാന്‍ നിങ്ങളെ സുരക്ഷിതമായി വീട്ടിലെത്തിക്കാമെന്നും കാബ് ഡ്രൈവർ യുവതിക്ക് ഉറപ്പ് നൽകുന്നു. എന്നാൽ മദ്യ ലഹരിയിൽ യുവതി പറഞ്ഞത് തന്നെ വീണ്ടും വീണ്ടും ആവർത്തിക്കുന്നു.
ഈ സമയം നിങ്ങൾ സ്വസ്ഥനായി മിണ്ടാതെയിരിക്കൂവെന്ന് കാബ് ഡ്രൈവർ യുവതിയോട് പറയുന്നു. ഞാൻ അതിന് ശ്രമിക്കാമെന്നായിരുന്നു യുവതിയുടെ മറുപടി. ഇതിനിടെ യുവതിയുടെ അമ്മ വിളിക്കുകയും ഫോണ്‍ യുവതി ഡ്രൈവർക്ക് കൈമാറുകയും ചെയ്യുന്നു. അമ്മയോട് മകളെ സുരക്ഷികമായി വീട്ടിലെത്തിക്കുമെന്ന് പറഞ്ഞ കാബ് ഡ്രൈവർ, തത്സമയ സ്ഥലത്തെ കുറിച്ചുള്ള വിവരം അവരുമായി പങ്കുവയ്ക്കുന്നു. വൈകിയതിന് അമ്മ തന്നെ വഴക്ക് പറയുമെന്ന് പറയുന്ന യുവതിയോട് നീയൊരു വൃത്തിക്കെട്ട കുട്ടിയെ പോലെയാണ് പെരുമാറുന്നതെന്നും കാബ് ഡ്രൈവർ പറയുന്നത് കേൾക്കാം. തന്നെ സഹായിച്ചതിന് യുവതി കാബ് ഡ്രൈവറോട് നന്ദി പറയുമ്പോൾ. ഇത് തന്‍റെ ജോലിയാണെന്നും അതിന് താൻ പണം വാങ്ങുന്നുണ്ടെന്നുമാണ് കാബ് ഡ്രൈവറുടെ മറുപടി. യാത്രയുടെ അവസാനം കാബ് ഡ്രൈവർ യുവതിയെ സുരക്ഷിതമായി വീട്ടിലെത്തിക്കുന്നതും വീഡിയോയിൽ കാണാം.
ഇതുപോലുള്ള ബഹുമാനവും മനുഷ്യത്വവും ആളുകളിൽ വിശ്വാസം പുനഃസ്ഥാപിക്കുന്നു. കരുതൽ നിറഞ്ഞ ഒരു ചെറിയ പ്രവൃത്തി, പക്ഷേ അത് സുരക്ഷയും സഹാനുഭൂതിയും ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന വലിയ ഓർമ്മപ്പെടുത്തലായി മാറുന്നെന്ന് ഒരു കാഴ്ചക്കാരൻ എഴുതി. ഇപ്പോഴും ഒരു യഥാർത്ഥ മനുഷ്യർ ജീവിച്ചിരിക്കുന്നുണ്ടെന്ന് തെളിഞ്ഞതായി മറ്റൊരു കാഴ്ചക്കാരൻ എഴുതി. മദ്യപിച്ച പെണ്‍കുട്ടികളെ പോലും സുരക്ഷിതത്വത്തോടെ വീട്ടിലെത്തിക്കാൻ കഴിയുന്ന ഇടമാണിതെന്നും ഇതാണ് ഉയർന്ന തലത്തിലുള്ള പ്രൊഫഷണലിസമെന്നും മറ്റൊരു കാഴ്ചക്കാരൻ കുറിച്ചു.