
ഗ്രേറ്റർ നോയ്ഡയിൽ നിന്നുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ഭക്ഷണം എത്തിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന തർക്കങ്ങളാണ് പ്രശ്നത്തിലേക്ക് നയിച്ചത്. മെയിൻ ഗേറ്റിൽ ആളുകൾ കൂട്ടം കൂടി നിൽക്കുന്നതിന്റെയും കയ്യാങ്കളിയിലേക്ക് തർക്കം നീങ്ങുന്നതിന്റെയും ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ഗ്രേറ്റർ നോയിഡയിലെ ബീറ്റ-2 ഏരിയയിലുള്ള നിംബസ് സൊസൈറ്റിയിലാണ് സംഭവം നടന്നതെന്ന് പൊലീസ് പറയുന്നു. ഒരു ഡെലിവറി റൈഡർ ഓർഡർ നൽകാൻ കെട്ടിടത്തിൽ എത്തിയപ്പോഴാണ് സംഭവം നടന്നത്.
കെട്ടിടത്തിലെത്തിയ യുവാവ് മറ്റൊരു ഫ്ലാറ്റിന്റെ ഡോർബെല്ലാണ് അബദ്ധത്തിൽ അടിച്ചത്. ഇതാണ് സംഘർഷത്തിന് കാരണമായി തീർന്നത്. ആ ഫ്ലാറ്റിലെ താമസക്കാരൻ സൊസൈറ്റിയുടെ സുരക്ഷാ ജീവനക്കാരെ വിവരമറിയിച്ചു. തുടർന്ന് റൈഡറും മെയിൻ ഗേറ്റിലെ ഗാർഡുകളും തമ്മിൽ തർക്കമുണ്ടായി. വാക്കുതർക്കമായി തുടങ്ങിയത് അധികം വൈകാതെ തന്നെ കയ്യാങ്കളിയായി മാറി. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ ഗേറ്റിൽ നിരവധി പേർ പരസ്പരം അടിക്കുകയും ഇടിക്കുകയും ചെയ്യുന്നത് കാണാം. അത് മാത്രമല്ല, ഇവരുടെ കയ്യിൽ വടികളും മറ്റും ഉണ്ട്. ഇതുപയോഗിച്ചാണ് പരസ്പരം അക്രമിക്കുന്നത്. ഡെലിവറി റൈഡർ തന്റെ കൂട്ടാളികളെ കൂടി സ്ഥലത്തേക്ക് വിളിച്ചതിനു പിന്നാലെയാണ് സ്ഥിതി കൂടുതൽ വഷളായതായത് എന്നും ഇത് സംഘർഷത്തിന് ആക്കം കൂട്ടി എന്നും പൊലീസ് പറയുന്നു.
സംഘർഷം കുറച്ചുനേരം നീണ്ടുനിന്നു. ഇത് താമസക്കാരെയും അതുവഴി കടന്നു പോകുന്നവരെയും ഭയപ്പെടുത്തി. ആളുകൾ കുറച്ച് മാറി നിന്ന് കയ്യാങ്കളി വീക്ഷിക്കുന്നതും വീഡിയോയിൽ കാണാം. പിന്നാലെ, പൊലീസ് സ്റ്റേഷനിൽ എഫ്ഐആറും രജിസ്റ്റർ ചെയ്തിട്ടുണ്ട്. വീഡിയോ വൈറലായി മാറിയതോടെ നിരവധിപ്പേരാണ് കമന്റുകളുമായി എത്തിയത്. മിക്കവരും ഡെലിവറി റൈഡറെ വിമർശിച്ചു. എന്നാൽ, ഒരു കഥയ്ക്ക് രണ്ടുവശം ഉണ്ടാകുമെന്നും എന്താണ് സംഭവിച്ചത് എന്ന് നമുക്ക് അറിയില്ല എന്നും ആളുകൾ പ്രതികരിച്ചിട്ടുണ്ട്.