
വന്യ മൃഗങ്ങളുടെ ആക്രമണം അപ്രതീക്ഷിതമായിരിക്കും. പ്രത്യേകിച്ചും വിശന്നിരിക്കുമ്പോഴോ ശത്രുവിവോട് പോരാടുമ്പോഴോ അതിന്‍റെ തീവ്രത കനക്കും. മൃഗങ്ങളുടെ അത്തരം അസാധാരണമായ നീക്കങ്ങളുടെ വീഡിയോകൾ സമൂഹ മാധ്യമ ഉപയോക്താക്കളുടെ കാഴ്ചയെയും പിടിച്ചെടുക്കുന്നു. അത്തരം വീഡിയോകൾക്കെല്ലാം സമൂഹ മാധ്യമങ്ങളിൽ ഏറെ കാഴ്ചക്കാരുണ്ട്. റോഷ്നി പി എന്ന എക്സ് അക്കൗണ്ടിൽ നിന്നും പങ്കുവച്ച ഒരു വീഡിയോയും സമൂഹ മാധ്യമ ഉപയോക്താക്കളെ ഏറെ ആകർഷിച്ചു. മണിക്കൂറുകൾ കൊണ്ട് വീഡിയോ നാല് ലക്ഷത്തി എപത്തിരണ്ടായിരത്തിന് മേലെ ആളുകളാണ് കണ്ടത്. എന്നാല്‍ അതൊരു എഐ ജനറേറ്റഡ് വീഡിയോയായിരുന്നു.
ഒരു മൃഗശാലയിൽ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. ആളുകൾ നോക്കി നിൽക്കെ തന്‍റെ കൂടിന്‍റെ ഫെന്‍സിംഗിന് മുകളിലൂടെ അസാധാരണ മെയ്‍വഴക്കത്തോടെ ഒരു പുള്ളിപ്പുലി ചാടിക്കടക്കുന്നു. കൂടിന് പുറത്ത് മൃഗശാല കാണാനെത്തിയ ആൾക്കൂട്ടിത്തിന് നടുവിലേക്കാണ് പുള്ളിപ്പുലി ചാടിയത്. ഈ സമയം ആളുകൾ പരക്കം പായുന്നതും ഒരു കൗമാരക്കാൻ അമ്മയെ രക്ഷിക്കാനായി പിന്നിലേക്ക് പിടിച്ച് വലിക്കുന്നതും കാണാം. ഇതിനിടെ പുലിയുടെ ക്ലോസപ്പിലേക്കും കാമറ പോകുന്നതോടെ വീഡിയോ അവസാനിക്കുന്നു.
യാഥാർത്ഥ്യ വീഡിയോ ആണെന്ന തോന്നൽ ജനിപ്പിക്കാൻ വീഡിയോയ്ക്ക് ആദ്യ ഘട്ടത്തിൽ കഴിയുന്നുണ്ടെങ്കിലും തൊട്ടടുത്ത നിമിഷം അതൊരു എഐ വീഡിയോയാണെന്ന ബോധ്യം കാഴ്ചക്കാരനിൽ സൃഷ്ടിക്കുന്നു. പുലിയുടെയും ആളുകളുടെയും ചലനങ്ങൾ, ഹൈപ്പർ-റിയലിസ്റ്റിക് ടെക്സ്ചറുകൾ, ക്യാമറ ആംഗിളുകൾ എന്നിവ ഒരു മൃഗശാല സംഭവത്തിലെ യഥാർത്ഥ ഫൂട്ടേജുകളേക്കാൾ അഡ്വാൻസ്ഡ് AI വീഡിയോയെ ഓർമ്മിപ്പിക്കുന്നു. 'മരണത്തെ മുന്നിൽ കണ്ട നിമിഷം. കണ്ണ് ചിമ്മിത്തുറക്കുന്ന സമയത്തിനിടെ കൂട്ടിൽ നിന്നും ഒരു പുള്ളിപ്പുലി പുറത്ത് വന്നപ്പോൾ. വീഡിയോയുടെ അവസാനം നിങ്ങളുടെ രോമങ്ങൾ എഴുന്നേറ്റ് നിൽക്കും . നിങ്ങൾക്ക് എന്താണ് തോന്നിയത് കുറിപ്പെഴുതൂ.' എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. നിരവധി പേരാണ് വീഡിയോ എഐയാണെന്ന് എഴുതിയത്. മറ്റ് ചിലർ കാമറാ ആംഗിളുകൾ എടുത്ത് കാണിച്ച് കൊണ്ട് കുറവുകൾ നിരത്തി.