
ഒരു ജോലി എന്നത് പലപ്പോഴും ഒരു സ്വപ്നമാണ്. പ്രത്യേകിച്ചും ഇന്നത്തെ കാലത്ത്. എഐയും മറ്റ് സാങ്കേതിക സംവിധാനങ്ങളും മനുഷ്യരുടെ ജോലി സാധ്യത കുറയ്ക്കുമെന്ന് കാലങ്ങളായി കേൾക്കുന്ന വാദമാണ്. എഐ മനുഷ്യ ജീവിതത്തിലേക്ക് കടന്നു കയറിയിട്ട് അധിക കാലവുമായിട്ടില്ല. എന്നാൽ, സമീപ ഭാവിയിൽ ജോലികളെ എഐ നേരിട്ട് ബാധിക്കുമെന്ന് ഈ രംഗത്തെ വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു. ഇതിനിടെയാണ് 17 ലക്ഷം വാർഷിക ശമ്പളമുള്ള കോർപ്പറേറ്റ് ബാങ്കിംഗ് ജോലി ഉപേക്ഷിക്കുന്നുവെന്ന് യുവാവ് വെളിപ്പെടുത്തിയത്. ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി.
'യുവർ ബാങ്കർ ചിരാഗ്' എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ഐഐടി ദില്ലിയിലെ പൂർവ്വ വിദ്യാർത്ഥിയും 24 -കാരനുമായ ചിരാഗ് മദാൻ തന്‍റെ വീഡിയോ പങ്കുവച്ചത്. ജോലി ഉപേക്ഷിക്കാനുള്ള തീരുമാനം പെട്ടെന്ന് ഉണ്ടായതല്ലെന്നും മറിച്ച് വർദ്ധിച്ചുവരുന്ന ജോലി സമ്മർദ്ദമാണ് അതിന് കാരണമെന്നും ചിരാഗ് വീഡിയോയിൽ വിശദീകരിച്ചു. തൊഴിൽ-ജീവിത സന്തുലിതാവസ്ഥ തകർന്നെന്നും ചിരാഗ് പറയുന്നു. തുടക്കത്തിൽ 9 മുതൽ 5 വരെയുള്ള ഒരു സാധാരണ ജോലിയായിരുന്നു, പിന്നാലെ അത് രാവിലെ 9 മുതൽ വൈകുന്നേരം 7 വരെ നീണ്ടു. തുടർന്ന് അഞ്ച് ദിവസം എന്നത് ആറ് പ്രവർത്തി ദിവസങ്ങളിലേക്കും നീണ്ടു.
തിരക്കേറിയ ഈ സമയക്രമം വിശ്രമത്തിനോ വ്യക്തി ജീവിതത്തിനോ ഒരു സ്ഥാനവും നൽകിയില്ല. ജോലി കഴിഞ്ഞ് ഇറങ്ങിയാലും തലയിൽ നിന്നും ആ ഭാരം ഒഴിഞ്ഞ് പോകാത്തത് പോലെയായി. ഈ അതിസമ്മർദ്ദം താങ്ങാൻ കഴിയാതെയാണ് താൻ ജോലി രാജിവച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തീർന്നില്ല, ജോലി സ്ഥലത്തെ ദൈനംദിന ദിനചര്യകളിലെ നിയന്ത്രണം കടുത്തതായിരുന്നു. ഉൽപാദനക്ഷമത ഉയർത്താൻ ജീവനക്കാർക്ക് 10 മുതൽ 15 മിനിറ്റാണ് ഭക്ഷണത്തിനായി അനുവദിച്ചിരുന്നത്. അസുഖം വന്നാൽ പോലും അവധിയില്ല. അല്ലെങ്കിൽ വിശദമായ ന്യായീകരണങ്ങൾ ആവശ്യമായി വരും. ജീവനക്കാരുടെ ആരോഗ്യം കമ്പനിക്ക് ഒരു വിഷയമേ അല്ലെന്നും ചിരാഗ് പറയുന്നു.
ചിരാഗിന്‍റെ തുറന്ന് പറച്ചിലുകൾ ഇന്ത്യയിലെ ബാങ്കിംഗ് സംവിധാനത്തിലെ തൊഴിൽ നീതി നിഷേധത്തെ കുറിച്ചുള്ള ചർച്ചകൾക്ക് തുടക്കമിട്ടു. ജീവനക്കാരുടെ അവകാശങ്ങൾ, ജോലിസ്ഥലത്തെ അതിരുകൾ എന്നിവയെക്കുറിച്ചുള്ള ചർച്ചകളും, യുവ പ്രൊഫഷണലുകൾക്കിടയിൽ ബേൺഔട്ടിനെക്കുറിച്ചുള്ള വർദ്ധിച്ചുവരുന്ന കുറിപ്പുകളും വീഡിയോയ്ക്ക് താഴെ നിരവധി പേർ കുറിച്ചു. ഇന്ത്യയിലെ മത്സരാധിഷ്ഠിത സാമ്പത്തിക മേഖലയിലെ ജോലി സമ്മർദ്ദം, ജീവനക്കാരുടെ ക്ഷേമം, കരിയർ വിജയം തുടങ്ങിയ നിരവധി വിഷയങ്ങൾ ആളുകൾ എഴുതി. നിരവധി പേരാണ് സ്വകാര്യ ബാങ്കുകളിലെ ജോലി സമ്മർദ്ദത്തെ കുറിച്ച് എഴുതിയത്. പലരും ബാങ്കിങ് ജോലി ഉപേക്ഷിച്ച് മറ്റ് ജോലികളിലേക്ക് കടന്നതായും ഇപ്പോൾ സമാധാനം തോന്നുന്നുണ്ടെന്നും കുറിച്ചു.