
അച്ഛനമ്മമാരെ നമ്മുടെ വിജയത്തോടൊപ്പം ചേർത്ത് നിർത്തുക എന്നത് പല മക്കളും ആഗ്രഹിക്കുന്ന ഒരു കാര്യമാണ്. ആ ആഗ്രഹം നിറവേറ്റാനാവുക എന്നത് തന്നെ വലിയ സന്തോഷമാണ്. അതുപോലെ തന്നെ മക്കളുടെ ഉയർച്ച നേരിൽ കാണാനാവുന്നതാണ് മാതാപിതാക്കളുടെ വലിയ സന്തോഷവും. അങ്ങനെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. ബെംഗളൂരുവിലെ ഗൂഗിൾ ഓഫീസിൽ നിന്നുമാണ് ഈ മനോഹരമായ വീഡിയോ പകർത്തിയിരിക്കുന്നത്. ഗൂഗിളിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറായ വിനീത് ശർമ്മ ബുദ്ദാരപു തന്റെ അച്ഛനെ ഓഫീസ് സന്ദർശിക്കാൻ ഒപ്പം കൂട്ടിയ രംഗങ്ങളാണ് വീഡിയോയിൽ ഉള്ളത്.
വളരെ സാധാരണമായ ഒരു ചെറിയ ഗ്രാമത്തിൽ നിന്നാണ് തങ്ങൾ വരുന്നതെന്ന് വിനീത് തന്റെ പോസ്റ്റിൽ കുറിച്ചിട്ടുണ്ട്. ആദ്യമായാണ് അച്ഛൻ ഒരു കോർപ്പറേറ്റ് ഓഫീസ് സന്ദർശിക്കുന്നത്. താൻ ജോലി ചെയ്യുന്ന ഇടം നേരിട്ട് കാണാൻ സാധിച്ചതിന്റെ ആവേശത്തിലും അഭിമാനത്തിലുമായിരുന്നു അച്ഛൻ എന്നും യുവാവ് പറയുന്നു. 'തന്റെ മകൻ ഇവിടെ ജോലി ലഭിക്കാൻ എത്രത്തോളം കഷ്ടപ്പെട്ടുവെന്ന് അച്ഛന് ബോധ്യമായി. ഒരു ഓഫീസിനുള്ളിൽ ഇത്രയധികം സൗകര്യങ്ങൾ ഉണ്ടെന്നത് അദ്ദേഹത്തെ അത്ഭുതപ്പെടുത്തി. അച്ഛൻ ഇത്രയധികം സന്തോഷിച്ചു ഞാൻ മുമ്പ് കണ്ടിട്ടില്ല' എന്നും വിനീത് കുറിച്ചു.
1.6 ദശലക്ഷം ചതുരശ്ര അടിയിൽ പരന്നുകിടക്കുന്ന ഗൂഗിളിന്റെ അത്യാധുനികമായ ബെംഗളൂരു ഓഫീസിലൂടെ വിനീത് അച്ഛനെ കൊണ്ടുപോയി. ഓഫീസിലെ കഫറ്റീരിയ, ഗെയിമിംഗ് സോൺ, വിശ്രമസ്ഥലങ്ങൾ എന്നിവയും വിനീത് അച്ഛന് കാണിച്ചുകൊടുത്തു. ഒപ്പം ഓഫീസിന് ചുറ്റുമുള്ള സ്ഥലങ്ങളും പച്ചപ്പുമെല്ലാം കാണിച്ചുകൊടുത്തു. ഇരുവരും ചേർന്ന് കോഫി കുടിച്ചും ആർക്കേഡ് ഗെയിമുകൾ കളിച്ചും സമയം ചിലവഴിച്ചു.
ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഈ വീഡിയോ ഇതിനോടകം നിരവധി ആളുകളാണ് കണ്ടത്. 'ഓരോ മാതാപിതാക്കളും ആഗ്രഹിക്കുന്ന നിമിഷമാണിത്', 'നിങ്ങളെ ഓർത്ത് അച്ഛൻ അഭിമാനിക്കുന്നുണ്ടാകും' എന്നിങ്ങനെ നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്.