
വിവാഹമോചനക്കേസുകളിൽ ഭർത്താവ് ഭാര്യയ്ക്ക് നൽകേണ്ട ജീവനാംശത്തെ ചൊല്ലിയുള്ള തർക്കങ്ങൾ ഇന്ത്യയിൽ പുതിയതല്ല. എന്നാൽ, അടുത്തിടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ X-ൽ പ്രചരിച്ച ഒരു കോടതി ദൃശ്യം ഈ വിഷയത്തിൽ പുതിയൊരു സംവാദത്തിന് വഴിവെച്ചിരിക്കുകയാണ്. തന്റെ മുൻഭാര്യയ്ക്ക് മാസം 15,000 രൂപ ജീവനാംശം നൽകാൻ കഴിയില്ലെന്ന് ഒരു ഭർത്താവ് ജഡ്ജിയോട് വാദിക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. വിവാഹേതരബന്ധം ഉണ്ടന്ന് സമ്മതിച്ച ഭാര്യയ്ക്ക് താൻ എന്തിന് ജീവനാംശം നൽകണമെന്നായിരുന്നു കോടതിയിൽ ഭർത്താവ് ഉന്നയിച്ച ചോദ്യം.
തനിക്ക് രണ്ട് മക്കളുണ്ടെന്നും അവർ പ്രായപൂർത്തിയാകാത്തവരാണെന്നും ഭർത്താവ് കോടതിയെ അറിയിച്ചു. നിലവിൽ കുട്ടികൾ അദ്ദേഹത്തിന്റെ സംരക്ഷണത്തിലാണ് കഴിയുന്നത്. അവരുടെ പഠനവും മറ്റ് ചിലവുകളും നോക്കേണ്ട പൂർണ്ണ ഉത്തരവാദിത്തം തനിക്കാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മാസം 60,000 രൂപയാണ് തന്റെ ശമ്പളമെന്നും, ഇതിൽ 20,000 രൂപ 2020-ൽ എടുത്ത ഭവന വായ്പയുടെ തിരിച്ചടവായി പോകുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബാക്കി വരുന്ന 40,000 രൂപ കൊണ്ട് വേണം മക്കളുടെ കാര്യങ്ങളും സ്വന്തം ജീവിതച്ചിലവുകളും നോക്കാൻ.
2015-ൽ വിവാഹിതരായ ഇവർ 2021-ലാണ് വേർപിരിഞ്ഞത്. ഭാര്യ തന്നെ ഉപേക്ഷിച്ചു പോയതിനെത്തുടർന്ന് നൽകിയ പോലീസ് പരാതിയിൽ, തനിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് ഭാര്യ സമ്മതിച്ചിട്ടുണ്ടെന്ന് അദ്ദേഹം കോടതിയിൽ വെളിപ്പെടുത്തി. ഭാര്യ ആവശ്യപ്പെട്ട 15,000 രൂപ (10,000 രൂപ ജീവിതച്ചിലവിനും 5,000 രൂപ വീട്ടുവാടകയ്ക്കും) നൽകുന്നതിൽ എന്താണ് ഇത്ര പ്രയാസമെന്ന് ജഡ്ജി ചോദിച്ചു. ഇതിന് മറുപടിയായാണ് തന്റെ ശമ്പളവിവരങ്ങളും വായ്പാ ബാധ്യതകളും ഭർത്താവ് നിരത്തിയത്. ജോലി ചെയ്യുന്ന, സ്വന്തമായി വരുമാനമുള്ള, കൂടാതെ വിവാഹേതര ബന്ധമുണ്ടെന്ന് സമ്മതിച്ച ഭാര്യയ്ക്ക് എന്തിനാണ് താൻ പണം നൽകുന്നതെന്നാണ് ഇദ്ദേഹത്തിന്റെ ചോദ്യം.
ഈ സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്. പലരും ഇതിനെ 'ലീഗൽ ടെററിസം'എന്നാണ് വിശേഷിപ്പിച്ചത്. 'വഞ്ചനയ്ക്ക് ലഭിക്കുന്ന പാരിതോഷികമാണോ ജീവനാംശം?' എന്ന് ചിലർ ചോദിക്കുന്നു. അധാർമ്മികമായ പ്രവർത്തികൾക്ക് നിയമപരമായ സംരക്ഷണം നൽകുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും വിമർശനമുയർന്നു. നിലവിലുള്ള നിയമങ്ങൾ ലിംഗഭേദമന്യേ എല്ലാവർക്കും തുല്യമായിരിക്കണം എന്ന ആവശ്യവും ശക്തമായിട്ടുണ്ട്. ഈ കേസ് കൃത്യമായി എവിടെയാണ് നടന്നതെന്ന് വീഡിയോയിൽ വ്യക്തമല്ല.