
മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള സൗഹൃദത്തിന്റെ പല കാഴ്ചകളും സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. കൗതുകമുണർത്തുന്ന അത്തരം കാഴ്ചകൾ പലപ്പോഴും ആളുകൾക്ക് വലിയ ഇഷ്ടവുമാണ്. അങ്ങനെയുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. ഒരു കുരങ്ങനോടുള്ള ഒരു അമ്മയുടെ സ്നേഹവും കരുതലുമാണ് വീഡിയോയിൽ കാണുന്നത്.
ഭക്ഷണമാണെന്നു കരുതി സോപ്പ് കടിച്ചു തിന്നാൻ ശ്രമിക്കുന്ന ഒരു കുരങ്ങനെയാണ് വീഡിയോയിൽ കാണുന്നത്. കുരങ്ങൻ സോപ്പ് തിന്നാൻ ശ്രമിക്കുന്നത് കണ്ട സ്ത്രീ ഉടൻ തന്നെ കുരങ്ങനെ വഴക്കുപറഞ്ഞുകൊണ്ട് അവിടേക്ക് എത്തുകയായിരുന്നു. സ്വന്തം കുട്ടികളോടെന്നപോലെ സ്നേഹത്തോടെയും എന്നാൽ ഗൗരവത്തിലും കുരങ്ങനെ അവർ സോപ്പ് തിന്നുന്നതിന് വഴക്ക് പറയുന്നതും കേൾക്കാം. പിന്നാലെ അവർ അതിന് കഴിക്കാനായി ഒരു ഉരുളക്കിഴങ്ങും നൽകുന്നു.
സോപ്പ് കളഞ്ഞ് ഉരുളക്കിഴങ്ങ് വാങ്ങാൻ അവർ കുരങ്ങനോട് ആവശ്യപ്പെടുന്നതും വീഡിയോയിൽ കേൾക്കാം. ഒടുവിൽ കുരങ്ങൻ സോപ്പ് ഉപേക്ഷിച്ച് ഉരുളക്കിഴങ്ങുമായി മടങ്ങുകയും ചെയ്തു. 'അമ്മ എപ്പോഴും അമ്മ തന്നെ' എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വളരെ പെട്ടെന്നാണ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. നിരവധിപ്പേരാണ് ഈ മനോഹരമായ വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. അമ്മ എപ്പോഴും അമ്മ തന്നെ, അമ്മയുടെ ശകാരത്തിൽ നിന്നും കുരങ്ങന് പോലും രക്ഷയില്ല എന്ന കാര്യം പലരും അംഗീകരിച്ചു.
'അമ്മമാർക്ക് കുരങ്ങന്മാരെ കൈകാര്യം ചെയ്ത് നല്ല ശീലമുണ്ട്' എന്നായിരുന്നു ഒരാളുടെ രസകരമായ കമന്റ്. 'എന്റെ വീട്ടിലെ അവസ്ഥയും ഇതുതന്നെയാണ്' എന്നായിരുന്നു മറ്റൊരാൾ കുറിച്ചത്. വളരെ വൈകാരികവും മനോഹരവുമാണ് ഈ ദൃശ്യം എന്നാണ് മറ്റ് പലരും ഇതിനെ വിശേഷിപ്പിച്ചത്.