
മുറുക്കിയ പാൻ പെതു ഇടത്ത് തുപ്പിവയ്ക്കാതെ പിന്നെന്തെന്നാണ് ചില ഇന്ത്യക്കാരുടെ, പ്രത്യേകിച്ചും ഉത്തരേന്ത്യക്കാരുടെ ചിന്ത. റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാന്‍റ് എന്തിന് മെട്രോ സ്റ്റേഷനിലടക്കമുള്ള പൊതു ഇടങ്ങളിൽ പാൻ മുറുക്കി തുപ്പുന്ന ഇന്ത്യൻ ശീലത്തിനെതിരെ ഇംഗ്ലണ്ടുകാർ അടക്കം പരാതി പറയാൻ തുടങ്ങിയിട്ട് കാലമേറെയായി. ഇതിനിടെയാണ് നേപ്പാളിലെത്തിയ ഒരു ഇന്ത്യൻ വിനോദ സഞ്ചാരി, പൊതു ഇടത്ത് തുപ്പിയപ്പോൾ ഉടനടി തിരുത്തുമായി നേപ്പാൾ സ്വദേശിയെത്തിയത്. സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈലായി.
നേപ്പാളിലെത്തിയ സഞ്ചാരികളായ ഇന്ത്യക്കാർ റോഡിൽ തുപ്പിയതിന് പിന്നാലെ ഒരു നേപ്പാൾ സ്വദേശി ഇരുവരെയും തിരുത്തി. വീഡിയോയിൽ, രാജു ലാമിച്ചനെ എന്നയാൾ രണ്ട് ഇന്ത്യൻ യുവാക്കളുടെ അടുത്തെത്തി റോഡിൽ തുപ്പി മലിനമാക്കിയതെന്തിനെന്ന് ചോദിച്ചു. ഒപ്പം പൊതു ഇടങ്ങൾ വൃത്തികേടാക്കരുതെന്ന് ആവശ്യപ്പെട്ടു. "ഇത് ഇന്ത്യയല്ല സഹോദരാ, ഇത് നേപ്പാളാണ്, ഇവിടെ മലിനമാക്കരുത്, അവിടെ വെള്ളം ഒഴിക്കൂ," അദ്ദേഹം ഇന്ത്യൻ യുവാക്കളോട് ആവശ്യപ്പെട്ടു. പിന്നലെ ഇന്ത്യക്കാരിലെരാൾ തുപ്പിയ സ്ഥലത്ത് വെള്ളമൊഴിച്ചപ്പോൾ മറ്റേയാൾ 'സോറി' പറഞ്ഞു. എന്നാൽ സോറി കൊണ്ട് ആയില്ലെന്ന് പറഞ്ഞ രാജു, 'നീ ഇത്രയും വലിയൊരു രാജ്യത്ത് നിന്നാണ് വരുന്നത്, എന്നിട്ടും നീയാണ് ഇത്രയും കുഴപ്പങ്ങൾ സൃഷ്ടിക്കുന്നത്. ക്ഷമിക്കണം എന്ന് പറയുന്നതിന് മുമ്പ് നീ ഒന്ന് ആലോചിക്കണം.' എന്ന് ചൂണ്ടിക്കാണിച്ചു. പൊതു ശുചിത്വത്തിന്‍റെയും പൊതു ഇടങ്ങളിലെ പെരുമാറ്റത്തിന്‍റെയും പ്രശ്നങ്ങളിലേക്ക് ശ്രദ്ധ ആകർഷിച്ച വീഡിയോ പെട്ടെന്ന് തന്നെ വൈറലായി.
വീഡിയോ വൈറലായതോടെ നിരവധി പേരാണ് കുറിപ്പെഴുതാനെത്തിയത്. പരസ്യമായി പൊതു ഇടത്ത് തുപ്പിയതിന് നിരവധി പേരാണ് യുവാക്കളെ വിമർശിച്ചു. ഇരുവരുടെയും പെരുമാറ്റം അനാദരവുള്ളതും ശുചിത്വമില്ലാത്തതുമാണെന്നും നിരവധി പേരാണ് എഴുതിയത്. അതേസമയം ശുചിത്വത്തെയും പൊതു പെരുമാറ്റത്തെയും കുറിച്ച് സംസാരിച്ചതിന് നിരവധി പേർ രാജുവിനെ അഭിനന്ദിക്കാനുമെത്തി. "ഇത് സ്വന്തം രാജ്യത്തോടുള്ള സ്നേഹമാണ്, അതിനാൽ ഇതിനെ പോസിറ്റീവായി എടുക്കുക" എന്ന് ഒരു കാഴ്ചക്കാരൻ കുറിച്ചു. "നേപ്പാളികൾ ഞങ്ങളുടെ രാജ്യത്തേക്ക് വരുമ്പോൾ, ഇവിടെ ജോലി ചെയ്യുമ്പോൾ, ഇവിടെ തന്നെ തുടരുമ്പോൾ, ഞങ്ങൾ നിങ്ങളെയോ നിങ്ങളുടെ രാജ്യത്തെയോ അനാദരിക്കുന്നില്ല, അതെ അവർ ചെയ്തത് തെറ്റാണ്, പക്ഷേ അവർ ക്ഷമ ചോദിക്കുന്നു, എന്നിട്ടും നിങ്ങൾ മുഴുവൻ രാജ്യത്തെയും കുറ്റപ്പെടുത്തുന്നത് വളരെ മനഃപൂർവ്വം ആണെന്ന് തോന്നുന്നു " എന്നായിരുന്നു മറ്റൊരു കാഴ്ചക്കാരൻ കുറിച്ചത്. ഒറ്റ ദിവസം കൊണ്ട് വീഡിയോ 36 ലക്ഷം പേരാണ് കണ്ടത്.