
വൈറ്റ് കോളർ ജോലി കൊണ്ട് മാത്രമല്ല, അല്ലാതെയും നന്നായി സമ്പാദിക്കുകയും നന്നായി ജീവിക്കുകയും ചെയ്യാമെന്ന് തെളിയിക്കുകയാണ് മുംബൈയിൽ നിന്നുള്ള ഒരു ഓട്ടോ ഡ്രൈവർ. ഈ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. ഇൻഫ്ലുവൻസറായ ഉത്കർഷ് വർമ്മയാണ് ഇൻസ്റ്റഗ്രാമിൽ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. മുംബൈയിലെ ജീവിതച്ചെലവിനെക്കുറിച്ച് സംസാരിക്കുന്നതിനിടയിലാണ് ഡ്രൈവർ തന്റെ വരുമാനത്തെക്കുറിച്ച് യുവാവിനോട് വെളിപ്പെടുത്തിയത്. ചെലവുകളെല്ലാം കഴിഞ്ഞ് ദിവസം ശരാശരി 2,500 രൂപ തനിക്ക് ലഭിക്കാറുണ്ടെന്നാണ് ഓട്ടോ ഡ്രൈവർ പറയുന്നത്. 'ഇവിടെ പൈസയൊക്കെയുണ്ട്, അത് മഴ പോലെ പെയ്യുകയാണ്. അവസരങ്ങൾ കണ്ടെത്തുക എന്നതാണ് ഏക വെല്ലുവിളി' എന്നാണ് ഡ്രൈവർ വീഡിയോയിൽ പറയുന്നത്.
ഡ്രൈവർ പറയുന്നത് വച്ച് കണക്കുകൂട്ടിയാൽ അദ്ദേഹത്തിന്റെ മാസവരുമാനം 75,000 രൂപയോളം വരും. അല്പം കൂടി കഠിനാധ്വാനം ചെയ്താൽ ഇത് ഒരു ലക്ഷം രൂപ വരെയാക്കാമെന്നും കുറഞ്ഞത് 60,000 രൂപയെങ്കിലും ഉറപ്പായും കിട്ടുമെന്നും ഓട്ടോ ഡ്രൈവറായ യുവാവ് പറയുന്നു. വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടതോടെ നിരവധിപ്പേരാണ് ഇതിന് കമന്റുകളുമായി എത്തിയത്. കോർപ്പറേറ്റ് മേഖലയിലെ എൻട്രി ലെവൽ ശമ്പളത്തേക്കാൾ കൂടുതലാണ് ഈ തുക എന്നത് പലരേയും അമ്പരപ്പിച്ചിരിക്കയാണ്. ഒരു ഓഫീസിനുള്ളിൽ അടച്ചിരുന്ന് ജോലി ചെയ്യുന്നതിനേക്കാൾ വരുമാനവും കൂടുതൽ ആളുകളുമായി ഇടപഴകാനുള്ള അവസരവും ഈ ഓട്ടോ ഡ്രൈവർക്കുണ്ട് എന്നാണ് പലരും പറയുന്നത്.
അതേസമയം, വരുമാനം കൂടുതലാണെങ്കിലും ഈ ജോലിയിലെ കഷ്ടപ്പാടുകളാണ് മറ്റ് ചിലർ ചൂണ്ടിക്കാട്ടിയത്. കഠിനമായ ചൂട്, ട്രാഫിക്, നിശ്ചിത ജോലി സമയമില്ലായ്മ, ആരോഗ്യപ്രശ്നങ്ങൾ എന്നിവ ഇതിന്റെ ഭാഗമാണെന്നാണ് ഇവരുടെ അഭിപ്രായം. മാത്രമല്ല, ഒരു തുടക്കക്കാരന്റെ ശമ്പളവുമായി ഇതിനെ താരതമ്യം ചെയ്യാനാകില്ലെന്നും ആളുകൾ അഭിപ്രായപ്പെട്ടു. കോർപ്പറേറ്റ് ജോലിയിൽ കൃത്യമായ പ്രൊമോഷനും ശമ്പള വർദ്ധനവും കിട്ടും എന്നാൽ ഓട്ടോ ഡ്രൈവർക്ക് അത്തരത്തിലുള്ള വളർച്ച ഒന്നുമുണ്ടാകുന്നില്ല എന്നാണ് ഇവർ അഭിപ്രായപ്പെട്ടത്.