
പണം ഉള്ളവന് ഇന്ത്യയിൽ എന്തും നേടാമെന്നൊരു ശ്രുതു അടുത്തകാലത്തായി ഉയർന്ന് കേൾക്കുന്ന ഒന്നാണ്. എത്ര കുറ്റം ചെയ്താലും നിങ്ങൾ പണക്കാരനോ ജാതിയിൽ ഉയർന്നയാളോ ആണെങ്കിൽ നിങ്ങളുടെ കുറ്റം ഒരു കുറ്റമല്ലാതാകുമെന്നാണ് സമൂഹ മാധ്യമ ഉപയോക്താക്കൾ അടുത്ത കാലത്തായി കുറിക്കുന്ന ഒരു സ്ഥിരം വാചകം. ഇതിനെ സാധൂകരിക്കുന്ന ഒരു സംഭവം കഴിഞ്ഞ ചൊവ്വാഴ്ചയുണ്ടായി. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ കല്യാൺ റിങ് റോഡിന്റെ പൂർത്തിയാകാത്ത ഒരു ഭാഗത്ത് വച്ച് ഒരു 17 -കാരൻ ഓടിച്ച കാറിടിച്ച് 42 വയസുള്ള ഒരു സൈക്കിൾ യാത്രക്കാരൻ മരിച്ചു. പിന്നാലെ തനിക്കൊരു ചെറിയ തെറ്റ് പറ്റിയെന്ന കൗമാരക്കാൻ എക്സിൽ കുറിപ്പെഴുതി. അപകടത്തിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ കൗമാരക്കാരനെതിരെയും അവന്‍റെ രക്ഷിതാക്കൾക്കെതിരെയും നടപടി വേണമെന്ന ആവശ്യം നെറ്റിസെന്‍സ് ശക്തമാക്കി.
കല്യാണിൽ നിന്നുള്ള ബിസിനസുകാരനും 42 -കാരനുമായ ശ്രീനിവാസ് ടാൻഡിൽ ആണ് കൊല്ലപ്പെട്ടത്. 17 വയസ്സുള്ള ഒരു ആൺകുട്ടി അമിതവേഗതയിൽ ഓടിച്ച കാർ ശ്രീനിവാസിനെ പിന്നിൽ നിന്നും ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടത്തിന് പിന്നാലെ കുട്ടി രക്ഷപ്പെട്ടെങ്കിലും ബുധനാഴ്ചയോടെ (25.3.2026) പോലീസ് അറസ്റ്റ് ചെയ്തു. കൗമാരക്കാരനെതിരെ പോലീസ് കേസെടുത്തു. കല്യാണിൽ ഒന്നിലധികം വസ്ത്രശാലകളുടെ ഉടമയായ ശ്രീനിവാസ് ടാൻഡിൽ രണ്ട് ദിവസം മുമ്പ് ഒരു സുഹൃത്തിൽ നിന്ന് കടം വാങ്ങിയ സൈക്കിളുമായി ഇറങ്ങിയതായിരുന്നു. രാത്രി 8 മണിയോടെ, പൂർത്തിയാകാത്ത റോഡിന്‍റ ഒരു വശത്ത് കൂടി ഇയാൾ സൈക്കിൾ ചവിട്ടുമ്പോൾ, നിയന്ത്രണം വിട്ട് അമിത വേഗതയിൽ പിന്നിൽ നിന്നുമെത്തിയ കാർ അദ്ദേഹത്തെ ഇടിച്ച് തെറിപ്പിച്ചു. റോഡിലേക്ക് തെറിച്ച് വീണ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
സംഭവം നടന്നതിന് പിന്നാലെ കൗമാരക്കാരൻ തനിക്ക് ചെറിയൊരു അപകടം പറ്റിയെന്നും അഭിഭാഷകനായ അച്ഛൻ ശകാരിക്കുമെന്ന് ഭയക്കുന്നെന്നും എക്സിൽ പോസ്റ്റ് പങ്കുവച്ചു. പിന്നാലെ ഈ പോസ്റ്റ് നീക്കി. ഡ്രൈവറുടെ അശ്രദ്ധമായ പെരുമാറ്റമാണെന്ന് അപകടത്തിലേക്ക് നയിച്ചതെന്ന് ശ്രീനിവാസിന്‍റെ സഹോദരൻ ഗണേഷ് പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. വാർത്തയും അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ അഭിഭാഷകനായ അച്ഛൻ ഇതിനകം മകനെ പുറത്തിറക്കാനുള്ള പഴുതുകൾ നോക്കിക്കാണുമെന്ന് നിരവധി പേരാണ് എഴുതിയത്. അതേസമയം അശ്രദ്ധമായി വാഹനമോടിച്ചതിന് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കൗമാരക്കാരനും വാഹന ഉടമയായ അമ്മയ്ക്കും എതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞതായും റിപ്പോർട്ടുണ്ട്. കാർ എടുക്കുന്നതിന് മുമ്പ് കുട്ടി അമ്മയെ അറിയിച്ചിരുന്നതായും റിപ്പോര്‍ട്ടിൽ പറയുന്നു.