
ആശുപത്രിക്കിടക്കയിൽ കിടക്കുന്ന ഒരു രോഗിയ്ക്ക് സിപിആർ നൽകി ജീവിതത്തിലേക്ക് തിരികെ കൊണ്ട് വന്ന ഒരു ഡോക്ടറെ ആഘോഷിക്കുകയാണ് സമൂഹ മാധ്യമ ഉപയോക്താക്കൾ. വീഡിയോയിൽ ഒരു ഐസിയുവിലെ കിടക്കയിൽ കിടക്കുന്ന രോഗിയുടെ നെഞ്ചിൽ നിർത്താതെ അമർത്തുന്ന വനിതാ ഡോക്ടറെ കാണാം. ഇടയ്ക്ക് മോണിറ്ററിലേക്ക് കാമറ മാറുമ്പോൾ അവിടെ സംഖ്യകളിലും ഗ്രാഫുകളിലും കാര്യമായ വ്യത്യാസം കാണുന്നു. എക്സ്, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ നിരവധി സമൂഹ മാധ്യമങ്ങളിൽ വീഡിയോ പങ്കുവയ്ക്കപ്പെടുകയും വൈറലാവുകയും ചെയ്തു. നെറ്റിസെന്‍സ് ഡോക്ടറാണ് 'യഥാർത്ഥ ഹീറോ; എന്ന് വിധിയെഴുതി. എന്നാൽ സംശയങ്ങളുമായി ഡോക്ടർമാർ തന്നെ എത്തി.
ഐസിയുവിൽ രോഗിയ്ക്ക് സിപിആർ നൽകുന്ന വനിതാ ഡോക്ടറിന്‍റെ വീഡിയോ പങ്കുവച്ച ഹാന്‍റിലുകളെല്ലാം തന്നെ ഒരേ കാര്യമാണ് എഴുതിയത്. "ഒരു വനിതാ ഡോക്ടർ ഏകദേശം 30 മിനിറ്റ് സിപിആർ നടത്തി, ഐസിയുവിൽ കിടന്ന ഒരു രോഗിയെ വിജയകരമായി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നു. ആ തീവ്രമായ നിമിഷം വൈറലായി മാറിയിരിക്കുന്നു, പലരും ഇതിനെ ഒരു യഥാർത്ഥ ധൈര്യത്തിന്‍റെയും സമർപ്പണത്തിന്‍റെയും പ്രവൃത്തി എന്ന് വിളിക്കുന്നു." എന്നാൽ ആ വീഡിയോ എവിടെ ഏത് ആശുപത്രിയിൽ എപ്പോ, ഏത് രോഗിക്ക് ഏത് ഡോക്ടർ നടത്തി തുടങ്ങിയ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളൊന്നും നൽകിയില്ല. വീഡിയോയ്ക്ക് താഴെ ഡോക്ടറെ യഥാർത്ഥ ഹീറോയെന്നും ദൈവമെന്നും വിശേഷിപ്പിച്ച് കൊണ്ടുള്ള കുറിപ്പുകൾ നിറയുകയും ചെയ്തു.
വീഡിയോ ആളുകൾ ആഘോഷിക്കാൻ തുടങ്ങിയതോടെ ചില സംശയങ്ങളുമായി ഡോക്ടർമാർ തന്നെ രംഗത്തെത്തി. അൻഷുൽ ഗാർഗ് എന്ന എക്സ് ഉപയോക്താവ് വീഡിയോ പങ്കുവച്ച് കൊണ്ട് കുറിച്ചത് ആളുകൾക്ക് ശരിക്കും ഭ്രാന്താണെന്നായിരുന്നു. രോഗി മരിക്കാൻ കിടക്കുമ്പോൾ ഐസിയുവിൽ ആരാണ് റെക്കോർഡിംഗ് അനുവദിച്ചതെന്ന് അദ്ദേഹം ചോദിക്കുന്നു. മാത്രമല്ല. ഐസിയു നിമിഷങ്ങൾ പ്രത്യേകിച്ച് ഇത്തരം സന്ദർഭങ്ങളിൽ അങ്ങേയറ്റം തീവ്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ഇന്ന് ഒരാൾ മരിക്കുമ്പോൾ പോലും ആളുകൾ മരണത്തിന് മുമ്പ് വൈറലാകാൻ വീഡിയോകൾ നിർമ്മിക്കുന്നു, അത് അതിശയിപ്പിക്കുന്ന രീതിയിൽ ഒരു പശ്ചാത്തല സംഗീതം നിങ്ങൾ ഇടുന്നു. അൻഷുൽ ഗാർഗ് രോഷത്തോടെ കുറിച്ചു.
"ഈ 'അത്ഭുതം' വിശ്വസിക്കാൻ എനിക്ക് പ്രയാസമാണ്, കാരണം സിപിആർ ചെയ്യുന്നത് ഒരു ഡോക്ടർ മാത്രമാണ്. ഒരു ഐസിയുവിൽ നിറയെ സ്റ്റാഫ് അംഗങ്ങളാണ്, അവർ കോഡ് പ്രവർത്തിപ്പിക്കുന്നതിനും രോഗിയെ പുനരുജ്ജീവിപ്പിക്കുന്നതിനുമായി ഒത്തുകൂടുന്നു. ഇത് എനിക്ക് ഒരു വ്യാജ വീഡിയോ പോലെ തോന്നുന്നു. സിപിആർ ഒരു ടീം വർക്കാണ്!" ഡോ. അനിരുദ്ധ മാൽപാനി എക്സ് എഐയായ ഗ്രോക്കിനോട് മറ്റൊരു ത്രഡിൽ സംശയം ചോദിച്ചു. ഗ്രോക്ക് അദ്ദേഹത്തിന്‍റെ സംശയം യുക്തിസഹമാണെന്ന് മറുപടി നൽകി. രോ 2 മിനിറ്റിലും റോളുകൾ മാറ്റുന്ന ഒരു ടീം ഉൾപ്പെടുന്നതാണ് സ്റ്റാൻഡേർഡ് ഐസിയു സിപിആർ പ്രോട്ടോക്കോളുകളെന്നും ഇത് ടീമിനുണ്ടാകുന്ന ക്ഷീണം മാറ്റാനാണെന്നുമായിരുന്നു ഗ്രോക്കിന്‍റെ മറുപടി. വിഡിയോയിൽ ആധികാരിക വിവരങ്ങളില്ലെന്നും വീഡിയോ വിശ്വസനീയമല്ലെന്നും ഗ്രോക്ക് മറുപടി പറഞ്ഞു.