2010-ൽ ഓർഡർ ചെയ്ത നോക്കിയ ഫോണുകൾ എത്തിയത് 16 വർഷങ്ങൾക്ക് ശേഷം; കടയുടമയുടെ പ്രതികരണം വൈറൽ

Published : Jan 11, 2026, 12:29 PM IST
Nokia phones

Synopsis

ലിബിയയിലെ ഒരു കടയുടമ 2010-ൽ ഓർഡർ ചെയ്ത നോക്കിയ ഫോണുകൾ 16 വർഷത്തെ കാലതാമസത്തിന് ശേഷം ഇപ്പോൾ ലഭിച്ചു. രാജ്യത്തെ ആഭ്യന്തരയുദ്ധവും രാഷ്ട്രീയ അസ്ഥിരതയുമാണ് ഈ അസാധാരണമായ കാലതാമസത്തിന് കാരണമായത്. ഒരുകാലത്ത് വിപണി അടക്കിവാണിരുന്നവയാണ് ഈ ഫോണുകൾ.

 

തിനാറ് വർഷങ്ങൾക്ക് മുമ്പ് ഓർഡർ ചെയ്ത ഫോണുകൾ ഇപ്പോൾ കൈയ്യിൽ കിട്ടിയാലുള്ള അവസ്ഥ ഒന്ന് ആലോചിച്ചു നോക്കൂ! ലിബിയയിലെ ഒരു കടയുടമയ്ക്കാണ് ഈ വിചിത്രമായ അനുഭവമുണ്ടായത്. 2010 -ൽ അദ്ദേഹം ഓർഡർ ചെയ്ത നോക്കിയ ഫോണുകൾ നീണ്ട 16 വർഷങ്ങൾക്ക് ശേഷം ഇപ്പോൾ അദ്ദേഹത്തിന്‍റെ കടയിലെത്തിയിരിക്കുകയാണ്.

ഓർഡർ ചെയ്തത് 2010 -ൽ

ദീർഘകാലമായി ലിബിയയിലുള്ള രാഷ്ട്രീയ അസ്ഥിരതയുടെ ഒരു പ്രതിഫലനമായി വേണം ഈ സംഭവത്തെ വിശേഷിപ്പിക്കാൻ. ട്രിപ്പോളിയിലെ ഒരു മൊബൈൽ ഫോൺ ഡീലർക്കാണ് 2010 -ൽ ഓർഡർ ചെയ്ത നോക്കിയ ഫോണുകളുടെ ഒരു ശേഖരം ഈയിടെ ലഭിച്ചത്. 2011 -ൽ പൊട്ടിപ്പുറപ്പെട്ട ആഭ്യന്തര യുദ്ധവും രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങളുടെ തകർച്ചയും കാരണം, ഈ ഫോണുകൾ 16 വർഷത്തോളം വെയർഹൗസുകളിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. ഇപ്പോൾ വിസ്മൃതിയിൽ ആണ്ടു പോയെങ്കിലും ഒരുകാലത്ത് വിപണി ഭരിച്ചിരുന്ന ബട്ടണുകളോട് കൂടിയ നോക്കിയ ഫോണുകളാണ് പതിറ്റാണ്ടുകൾക്കിപ്പുറം കടയുടമയെ തേടി എത്തിയിരിക്കുന്നത്.

 

 

കടയുടമ തന്നെ തേടിയെത്തിയ ബോക്സുകൾ തുറന്ന് മൊബൈൽ ഫോണുകൾ പുറത്തെടുക്കുന്ന വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. നഷ്ടപ്പെട്ടുവെന്ന് കരുതിയ സാധനങ്ങൾ ഒടുവിൽ എത്തിയപ്പോൾ, വലിയ സന്തോഷത്തോടെയാണ് അദ്ദേഹം അത് തുറക്കുന്നത്. ഫോണുകൾ പുറത്തെടുത്ത് ഇത് ഫോണുകളോ അതോ ചരിത്രപരമായ വസ്തുക്കളോയെന്ന് ചെറു ചിരിയോടെ അദ്ദേഹം ചോദിക്കുന്നതും വീഡിയോയിൽ കാണാം. ആ കാലഘട്ടത്തിലെ ഉയർന്ന നിലവാരമുള്ള മോഡലുകളായ "മ്യൂസിക്-എഡിഷൻ" ഫോണുകളും നോക്കിയ കമ്മ്യൂണിക്കേറ്ററുകളുമാണ് പെട്ടിയിൽ ഉണ്ടായിരുന്നത്. ഒരുകാലത്ത് എലൈറ്റ് സ്റ്റാറ്റസിന്‍റെ പ്രതീകങ്ങളായിരുന്ന ഇവ ഇപ്പോൾ സാങ്കേതികമായി കാലഹരണപ്പെട്ടിരിക്കുന്നു.

നല്ല വില കിട്ടുമെന്ന് നെറ്റിസെന്‍സ്

ഈ സംഭവത്തിലെ മറ്റൊരു കൗതുകകരമായ കാര്യം നോക്കിയ ഫോണുകൾ അയച്ചയാളും അത് ലഭിക്കേണ്ടയാളും ട്രിപ്പോളിയിൽ തന്നെ ഏതാനും കിലോമീറ്ററുകൾ മാത്രം അകലെയായിരുന്നു താമസിച്ചിരുന്നത്. ഇത്രയും കുറഞ്ഞ ദൂരമായിരുന്നിട്ടും, ആ പാഴ്സൽ ലക്ഷ്യസ്ഥാനത്ത് എത്താൻ 16 വർഷമെടുത്തു! ആഭ്യന്തര യുദ്ധകാലത്തെ അടിസ്ഥാന സൗകര്യങ്ങളുടെ തകർച്ചയാണ് ഈ വമ്പിച്ച കാലതാമസത്തിന് കാരണമായി പലരും ചൂണ്ടിക്കാണിക്കുന്നത്. അതേസമയം നിലവിലെ ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ, ഈ ഫോണുകൾ തികച്ചും മൂല്യമുള്ളതാണ്. ഇവയിൽ ട്രാക്കറുകൾ ഒന്നുമില്ലെന്നാണ് ഒരു ഉപയോക്താവ് വീഡിയോയ്ക്ക് താഴെ കുറിച്ചത്. മറ്റൊരാൾ അഭിപ്രായപ്പെട്ടത് "അവ നഷ്ടപ്പെട്ടുപോയ ഒരു മഹത്തായ കാലഘട്ടത്തിന്‍റെ വിലപ്പെട്ട സ്മരണികകളാണ്, അന്നത്തേക്കാൾ വലിയ മൂല്യം ഇന്ന് അവയ്ക്കുണ്ട്." എന്നാണ്. മൂന്നാമതൊരാൾ പറഞ്ഞത്, "അമേരിക്കയിലെ അപൂർവ്വ വസ്തുക്കൾ ശേഖരിക്കുന്ന രീതി വെച്ച് നോക്കിയാൽ, ഓർഡർ ചെയ്ത സമയത്ത് കിട്ടിയിരുന്നതിനേക്കാൾ ഇരട്ടി ലാഭത്തിന് അദ്ദേഹത്തിന് ഈ ഫോണുകൾ അവിടെ വിൽക്കാൻ സാധിച്ചേക്കും." എന്നാണ്.

 

PREV
Read more Articles on
click me!

Recommended Stories

ഭക്ഷണത്തിനായി തലയിട്ട പാത്രത്തിൽ തല കുരുങ്ങി, മരണവെപ്രാളത്തിൽ നായ തകർത്തത് ഗ്ലാസ് ഡോറും ബൈക്കും; വീഡിയോ
ഉള്ളത് 16 സീറ്റ്, കയറിയത് 60 പേർ; രാജസ്ഥാനിലെ ജീപ്പ് യാത്ര കണ്ട് അമ്പരന്ന് നെറ്റിസെന്‍സ്, വീഡിയോ