
"കാശ്മീരിലെ മഞ്ഞ് വിറ്റ് പണമുണ്ടാക്കാൻ പറ്റുമോ?" എന്ന ചോദ്യവുമായി സമൂഹ മാധ്യമങ്ങളിൽ പരീക്ഷണം നടത്തിയ ഒരു യുവാവാണ് ഇപ്പോൾ താരം. ഇൻസ്റ്റാഗ്രാം ക്രിയേറ്ററായ 'ഡീലക്സ് ഭയ്യാജി' ആണ് അസാധാരണമായ ഈ സാഹസത്തിന് മുതിർന്നത്. കശ്മീരിൽ നിന്നും മഞ്ഞ് ശേഖരിക്കുക മാത്രമല്ല. അത് ഉരുകാതെ ദില്ലിയിലെത്തിച്ച ശേഷം അത് വില്പന നടത്തുകയും ചെയ്തു. മഞ്ഞ് ശേഖരിക്കുന്നത് മുതൽ അത് ദില്ലിയിലെത്തിച്ച് വില്പന നടത്തുന്നത് വരെയുള്ള വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി.
കാശ്മീരിലെ ഗുൽമാർഗിൽ നിന്ന് നേരിട്ട് ശേഖരിച്ച ഫ്രഷ് മഞ്ഞ് ഉരുകാതെ ദില്ലിയിൽ എത്തിക്കുക എന്നതായിരുന്നു യുവാവിന്‍റെ ലക്ഷ്യം. ഇതിനായി മഞ്ഞ് ഉരുകുന്നത് തടയാൻ പ്രത്യേകമായി രൂപകൽപ്പന ചെയ്ത ഇൻസുലേറ്റഡ് ഐസ് ബോക്സിലാണ് അദ്ദേഹം മഞ്ഞ് ശേഖരിച്ചു. തുടർന്ന് ശ്രീനഗർ വിമാനത്താവളത്തിലെത്തിയ യുവാവ് ഈ ബോക്സുമായി ദില്ലിയിലേക്കുള്ള വിമാനം കയറി. യാത്രയ്ക്കിടെ സഹയാത്രികർക്കും അതൊരു വലിയ കൗതുകമായിരുന്നു. കൂട്ടത്തിൽ ഒരാൾ പറഞ്ഞു, "എനിക്ക് തോന്നുന്നില്ല ഇത് കൊണ്ടുപോകാൻ പറ്റുമെന്ന്, വഴിയിൽ വെച്ച് തന്നെ ഇത് ഉരുകിപ്പോകും." എന്നാൽ ആ വെല്ലുവിളി ഏറ്റെടുത്തുകൊണ്ട് യുവാവ് തന്‍റെ യാത്ര തുടർന്നു.
ദില്ലിയിലെത്തിയ യുവാവിനെ സുഹൃത്തുക്കൾ സ്വീകരിച്ചു. തുടർന്ന് ദില്ലിയുടെ ഹൃദയഭാഗമായ കോണോട്ട് പ്ലേസിൽ വെച്ച് അദ്ദേഹം ബോക്സ് തുറന്നപ്പോൾ അത്ഭുതമെന്ന് പറയട്ടെ, മഞ്ഞ് ഉരുകാതെ തന്നെ ഇരുന്നു. ഉടൻ തന്നെ അദ്ദേഹം തന്‍റെ വിൽപന ആരംഭിച്ചു. 20 രൂപ നൽകിയാൽ കാശ്മീരിലെ യഥാർത്ഥ മഞ്ഞ് തൊട്ടുനോക്കാം എന്നതായിരുന്നു വാഗ്ദാനം. വഴിപോക്കരായ നിരവധി ആളുകൾ അത്ഭുതത്തോടെ മഞ്ഞ് തൊട്ടുനോക്കാൻ എത്തി. ദില്ലിയിലെ കടുത്ത ചൂടിൽ മഞ്ഞ് ഉരുകിത്തീരുന്നതിന് മുൻപ് 240 രൂപ സമ്പാദിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ വലിയ ചർച്ചകളാണ് നടക്കുന്നത്. യുവാവിന്‍റെ മാർക്കറ്റിംഗ് ബുദ്ധിയെയും ഈ രസകരമായ ഐഡിയയെയും നിരവധി പേർ പ്രശംസിച്ചു. യുവാവിന്‍റെ മാർക്കറ്റിംഗ് വൈഭവത്തെ കുറിച്ച് നിരവധി പേരാണ് കുറിപ്പുകളെഴുതിയത്. ആർക്കും പകർത്താനാകാത്ത സ്റ്റാർട്ടപ്പ് ഐഡിയയെന്നും ഭ്രാന്തും സർഗ്ഗാത്മകവും ഒരുമിച്ച മികച്ച ശ്രമമെന്നും ചിലർ കുറിച്ചു. ഇതിനോടകം 1.6 കോടിയിലധികം ആളുകളാണ് ഈ വീഡിയോ കണ്ടത്.