
വാഹനം ഓടിക്കുമ്പോൾ മറ്റൊരു പ്രവർത്തിയിൽ ഏർപ്പെട്ടുന്നത് അപകടങ്ങൾക്ക് കാരണമാകും. ഇതിൽ തന്നെ ഏറ്റവും അപകടകരമാണ് വാഹനം ഓടിക്കുമ്പോഴുള്ള മൊബൈൽ ഉപയോഗം. വാഹനം ഓടിക്കുമ്പോൾ ഇന്‍സ്റ്റാഗ്രാം സ്ക്രോൾ ചെയ്തു കൊണ്ടിരിക്കുന്ന ഡ്രൈവർമാരെ കുറിച്ചുള്ള വീഡിയോകൾ പല സ്ഥലങ്ങളില്‍ നിന്നായി ഇതിന് മുമ്പ് പങ്കുവയ്ക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇതാദ്യമായി വാഹനം ഓടിക്കുന്നതിനിടെ ടിവി സീരിയല്‍ കാണുന്ന ഒരു ഡ്രൈവറുടെ വീഡിയോ സമൂഹ മാധ്യമങ്ങളെ വീണ്ടും പൊതു ഗതാഗതത്തെ കുറിച്ചും പൊതു നിരത്തിലെ സുരക്ഷിത യാത്രയെ കുറിച്ചുമുള്ള ആശങ്ക ഉയർത്തി.
ട്രാഫിക്ക് ബ്ലോക്കുകൾക്ക് ഏറെ പേരുകേട്ട ബെംഗളൂരുവിലെ തിരക്കേറിയ ഒരു നഗര പാതയിലാണ് ബസ് ഡ്രൈവറുടെ ഈ അഭ്യാസം. അദ്ദേഹം താന്‍ ഓടിക്കുന്ന ബസിൽ തന്നെ വിശ്വസിച്ച് കയറിയ യാത്രക്കാരുടെ ആരുടെയും ജീവന് ഒരു വിലയും കല്‍പ്പിക്കാതെ ബസ് സ്റ്റിയറിംഗിന് ഇടയിൽ മൊബൈലില്‍ സീരിയല്‍ വച്ച് അതും കണ്ട് കൊണ്ടാണ് ബസ് ഓടിക്കുന്നത്. സമയം രാത്രി യാത്രയ്ക്കിടെയാണ് ബസ് ഡ്രൈവറുടെ ഈ അഭ്യാസ പ്രകടനം.
രാത്രി 2 മണിക്ക് മണിക്കൂറിൽ 80 കിലോമീറ്റർ വേഗതയിലാണ് ബസ് സഞ്ചരിച്ചിരുന്നത്. കർണ്ണാടകയിലെ ഹുബ്ലി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വിജയാനന്ദ് ട്രാവൽസ് ലിമിറ്റഡിന്‍റെ ബസിലാണ് ഈ അഭ്യാസമെന്ന് സമൂഹ മാധ്യമ കുറിപ്പുകൾ പറയുന്നു. വീഡിയോയില്‍ ബസിൽ പതിച്ചിരിക്കുന്ന വിആർഎൽബസ് എന്ന സൈറ്റിലേക്കുള്ള ഒരു ഓണ്‍ലൈന്‍ ലിങ്കും കാണാം. ഉച്ചത്തിൽ പാട്ട് വയ്ക്കുന്നത് പോലും ഡ്രൈവർമാരുടെ ശ്രദ്ധ തെറ്റിക്കുമെന്നതിനാലാണ് ബസിൽ പാട്ട് വയ്ക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. എന്നാല്‍, ഇവിടെ സ്വകാര്യമായി ടിവി സീരിയൽ കണ്ട് കൊണ്ട് ഒരു ബസ് ഡ്രൈവർ വാഹനം ഓടിക്കുകയാണ്.
വീഡിയോ സമൂഹ മാധ്യമങ്ങളിൽ വലിയ പ്രചാരം നേടി. എന്ത് വിശ്വസിച്ച് രാത്രി യാത്രയ്ക്ക് ബസ് തെരഞ്ഞെടുക്കുമെന്ന് ചിലര്‍ ആശങ്കപ്പെട്ടു. തന്‍റെ വാഹനത്തില്‍ കയറുന്ന യാത്രക്കാരുടെ ജീവന് പല ഡ്രൈവർമാരും ഒരു വിലയും കല്‍പ്പിക്കുന്നില്ലെന്നും ജീവന്‍ പണയപ്പെടുത്തി മാത്രമേ ഇത്തരം വാഹനങ്ങളില്‍ യാത്ര ചെയ്യാന്‍ പറ്റൂവെന്നും ചിലര്‍ കുറിച്ചു. 'എല്ലാ യാത്രക്കാരും ഡ്രൈവറെ വിശ്വസിച്ച് യാത്ര ആസ്വദിക്കുന്നു, പക്ഷേ. അയാൾ തികച്ചും അശ്രദ്ധനാണ്'. ഒരു കാഴ്ചക്കാരന്‍ എഴുതി. "നമുക്ക് മൊബൈൽ ലോക്കുകൾ ആവശ്യമാണ്! ബസ് നീങ്ങുമ്പോൾ, അത് ലോക്ക് ചെയ്യണം!" മറ്റൊരു കാഴ്ചക്കാരന്‍ ആവശ്യപ്പെട്ടു.