
39 -ാം ദിവസത്തിലേക്ക് നീങ്ങുന്ന യുഎസ്, ഇസ്രയേൽ - ഇറാൻ യുദ്ധം എങ്ങനെയെങ്കിലും തീർക്കാനുള്ള ശ്രമത്തിലാണ് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്‍റെ ഉപദേശത്തെ തുടർന്നാണ് യുഎസ് ഇറാൻ അക്രമണത്തിന് കോപ്പുകൂട്ടിയത്. എന്നാൽ, ഇസ്രയേൽ പദ്ധതിക്ക് അനുസരിച്ച് കാര്യങ്ങൾ മുന്നോട്ട് പോയില്ല. യുദ്ധത്തെ തുടർന്ന് ഇറാൻ ഹോർമൂസ് കടലിടുക്ക് അടച്ചതോടെ ലോകമെങ്ങും പെട്രോൾ, പ്രകൃതിവാതക ക്ഷാമം രൂക്ഷമായി. ഇതോടെ ഹോർമൂസ് തുറക്കാൻ ആരെങ്കിലും സഹായിക്കൂവെന്ന് പറയുന്നത് വരെയെത്തി ട്രംപ്. ഒടുവിൽ തങ്ങളുടെ എഫ് 15 ഇ പൈലറ്റിനെ രക്ഷിക്കാനുള്ള ദൗത്യത്തിനിടെ യുഎസിന് വലിയ നാശനഷ്ടം നേരിടേണ്ടിവന്നു. ഇതിനിടെയാണ് യുദ്ധം അവസാനിപ്പിക്കാനും സമാധാനം വേണമെന്നും തനിക്ക് വീട്ടിൽ പോകണമെന്നും കരഞ്ഞ് പറയുന്ന യുഎസ് സൈനിക ഉദ്യോഗസ്ഥയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായത്.
യുദ്ധം തങ്ങളുടെ വ്യക്തപരമായ തെരഞ്ഞെടുപ്പ് ആയിരുന്നില്ലെന്നും താനും സഹ സൈനികരും ക്ഷീണതരാണെന്നും തനിക്ക് സമാധാനം വേണമെന്നും വീട്ടിൽ പോകണമെന്നും പറഞ്ഞ് യുദ്ധ മുഖത്ത് നിന്നും കരയുന്ന ഒരു യുഎസ് സൈനിക ഉദ്യോഗസ്ഥയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. വിവിധ സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെ പങ്കുവയ്ക്കപ്പെട്ട വീഡിയോ വളരെ പെട്ടെന്ന് തന്നെ വൈറലായി. യുഎസിൽ യുദ്ധത്തിനെതിരെ ശക്തമായ വികാരമാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. 'No King' എന്ന പേരിൽ ട്രംപിനെതിരെയും ഇറാൻ യുദ്ധത്തിനെതിരെയും ശക്തമായ പ്രതിഷേധ പരിപാടികളാണ് യുഎസിൽ കഴിഞ്ഞ ദിവസങ്ങളിൽ അരങ്ങേറിയത്. ഇതോടെ യുഎസ് പൗരന്മാരും വീഡിയോ പങ്കുവച്ചു. എന്നാൽ വീഡിയോ വ്യാജമാണെന്നാണ് മറുവിഭാഗം ആരോപിക്കുന്നത്.
എവിടെ നിന്ന് എപ്പോൾ ആരാണ് വീഡിയോ എടുത്തത് എന്നുള്ള വിശദാംശങ്ങളൊന്നും വീഡിയോയിൽ ഇല്ല. അതേസമയം വീഡിയോ ആദ്യം പങ്കുവച്ചത് ഇറാൻ ഫോഴ്സാണെന്നും സംഗതി വ്യാജമാണെന്നും ഒരു കൂട്ടം സമൂഹ മാധ്യമ ഉപയോക്താക്കളും ആരോപിക്കുന്നു. എക്സിന്‍റെ ഗ്രോക്കും വീഡിയോ വ്യാജമാണെന്ന് വ്യക്തമാക്കി. വീഡിയോ എഐ സൃഷ്ടിയാണെന്നും പാരഡി അക്കൗണ്ടായ ഡെയ്‌ലി ചൈന ന്യൂസാണ് ആദ്യം പങ്കുവച്ചതെന്നും ഗ്രോക്ക് ചൂണ്ടിക്കാണിക്കുന്നു. ഒപ്പം യുഎസ് സൈനികരുടെ യൂണിഫോം അല്ല വീഡിയോയിലുള്ള ആൾക്കെന്നും ഗ്രോക്ക് ചൂണ്ടിക്കാട്ടുന്നു.