കഷ്ടം, വിദേശികൾ നമ്മളെ പറഞ്ഞുപഠിപ്പിക്കേണ്ട അവസ്ഥയായി; നടപ്പാതകളിലൂടെ ചീറിപ്പാഞ്ഞ് ഇരുചക്രവാഹനങ്ങൾ

Published : Dec 20, 2025, 10:50 AM IST
viral video

Synopsis

നടപ്പാതകളിലൂടെ ചീറിപ്പാഞ്ഞ് ഇരുചക്രവാഹനങ്ങൾ. തടഞ്ഞുനിർത്തി ബോധവൽക്കരിച്ച് വിദേശികൾ. നിയമങ്ങൾ കൂടുതൽ കർശനമാക്കണം എന്ന് ആവശ്യം. പൂനെയില്‍ നിന്നുള്ള വീഡിയോ വൈറലായി മാറുന്നു. വീഡിയോ കാണാം.

ഗതാഗതക്കുരുക്ക് കൂടുതലുള്ള ഇന്ത്യയിലെ പല നഗരങ്ങളിലും കാൽനട യാത്രക്കാർക്കുള്ള നടപ്പാതകളിലൂടെ ഇരുചക്ര വാഹനങ്ങൾ ഓടിക്കുന്നത് പതിവ് കാഴ്ചയാണ്. പുനെയിലെ പിംപ്രി - നിലഖ് മേഖലയിൽ ഇത്തരത്തിൽ നിയമലംഘനം നടത്തുന്നവരെ ബോധവൽക്കരിക്കാൻ വിദേശികൾ നേരിട്ടിറങ്ങിയ വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. കാൽനട യാത്രക്കാർക്കുള്ള നടപ്പാതങ്ങളിലൂടെ ഇരുചക്രവാഹനങ്ങൾ ഓടിച്ചുവന്ന യാത്രക്കാരെ രണ്ട് വിദേശികൾ തടയുകയും ട്രാഫിക് നിയമങ്ങൾ പാലിക്കാൻ അവരോട് ആവശ്യപ്പെടുകയും ചെയ്യുന്നതാണ് ദൃശ്യങ്ങൾ.

രക്ഷക് ചൗക്കിന് സമീപത്തു നിന്നാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ഒരു വിദേശി സ്കൂട്ടറുകൾക്ക് മുന്നിൽ തടസ്സമായി നിൽക്കുന്നു. മറ്റേയാൾ നടപ്പാതകൾ കാൽനടയാത്രക്കാർക്ക് മാത്രമുള്ളതാണെന്ന് ഇരുചക്ര വാഹനം ഓടിക്കുന്നവരെ ബോധ്യപ്പെടുത്തുന്നതും കാണാം. തിരക്കേറിയ റോഡുകളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ നടപ്പാതകൾ ഉപയോഗിക്കുന്നതുമൂലം ഉണ്ടാകുന്ന സുരക്ഷാ ഭീഷണികളെക്കുറിച്ച് ഇവർ വളരെ ശാന്തമായി യാത്രക്കാരോട് വിശദീകരിക്കുകയായിരുന്നു. ദൃശ്യങ്ങൾ ജനശ്രദ്ധ നേടിയതോടെ ഇന്ത്യൻ നഗരങ്ങളിലെ റോഡ് അച്ചടക്കത്തെയും പൗരബോധത്തെയും കുറിച്ചുള്ള ചർച്ചകളും ചൂടുപിടിക്കുകയാണ്.

ട്രാഫിക് നിയമങ്ങൾ നടപ്പിലാക്കാൻ അധികൃതർ പരാജയപ്പെട്ടിടത്ത് ഇടപെട്ട വിദേശികളെ പലരും കമന്റുകളിലൂടെ പ്രശംസിച്ചു. അതേസമയം രാജ്യത്തെ ട്രാഫിക് മര്യാദകളെക്കുറിച്ച് പുറത്തുനിന്നുള്ളവർ ഓർമ്മിപ്പിക്കേണ്ടി വന്ന സാഹചര്യം ലജ്ജാകരമാണെന്ന് അഭിപ്രായപ്പെട്ടവരും ഉണ്ട്. സ്കൂളുകൾ മുതൽ പൗരബോധം വളർത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും റോഡിന്റെയും നടപ്പാതകളുടെയും പോരായ്മകളെക്കുറിച്ചും നിരവധിപേർ ഓർമ്മിപ്പിച്ചു.

 

 

പൂനെ പോലുള്ള ഇന്ത്യയുടെ വൻ നഗരങ്ങളിൽ വളർന്നു വരുന്ന ട്രാഫിക് മാനേജ്‌മെന്റ് വെല്ലുവിളികളെയും കാൽനടയാത്രക്കാരുടെ സുരക്ഷയെയും കുറിച്ചുള്ള ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ് ഈ സംഭവം. നിയമങ്ങൾ കാറ്റിൽ പറത്തുന്ന പ്രവണതയ്ക്കെതിരെ ശക്തമായ നടപടികൾ വേണമെന്ന ആവശ്യവും ഇതോടെ ഉയരുന്നുണ്ട്.

PREV
Read more Articles on
click me!

Recommended Stories

അർദ്ധരാത്രിയിൽ റെയിൽവേ ട്രാക്കിൽ നിന്നും അസാധാരണ ശബ്ദം, ചെന്ന് നോക്കിയപ്പോൾ ട്രാക്കിൽ ഥാർ; വണ്ടിയും ഡ്രൈവറും അറസ്റ്റിൽ
ഫാദ‍ർ ഓഫ് ദി ഇയർ; മകളുടെ ജനനം ആഘോഷിച്ച് ആശുപത്രി വരാന്തയിൽ നൃത്തം ചെയ്ത് അച്ഛൻ, വീഡിയോ