നാഗാലാൻഡിലെ ഡിമാപൂർ റെയിൽവേ സ്റ്റേഷനിൽ മഹീന്ദ്ര ഥാർ എസ്‌യുവി റെയിൽവേ ട്രാക്കിലേക്ക് ഓടിച്ചു കയറ്റി പാളത്തിൽ കുടുങ്ങി. സംഭവത്തിൽ അശ്രദ്ധമായി വാഹനമോടിച്ച 65-കാരനായ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. വാഹനം സുരക്ഷിതമായി നീക്കം ചെയ്തതിനാൽ വൻ അപകടം ഒഴിവായി.

ഞെട്ടിക്കുന്ന ഒരു കാഴ്ചയാണ് നാഗാലാൻഡിലെ ഡിമാപൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറത്തുവന്നത്. റെയിൽവേ ട്രാക്കിലേക്ക് ഓടിച്ചു കയറ്റിയത് മഹീന്ദ്ര ഥാർ എസ്‌യുവി. വാഹനം പിന്നീട് പാളത്തിൽ കുടുങ്ങുകയായിരുന്നു. ഡിസംബർ 16-ന് അർദ്ധ രാത്രിയോടെയാണ് സംഭവമുണ്ടായത്. പഴയ ബർമ്മ ക്യാമ്പ് ഫ്ലൈഓവറിന് സമീപമുള്ള ഒന്നാം നമ്പർ റെയിൽവേ ട്രാക്കിലാണ് വാഹനം കുടുങ്ങിയത്. ഥാർ പാളത്തിൽ കുടുങ്ങിക്കിടക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു.

വാഹനവും ഡ്രൈവറും കസ്റ്റഡിയിൽ

വിവരമറിഞ്ഞ് രാത്രി തന്നെ ഡിമാപൂർ പോലീസും റെയിൽവേ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. പാളത്തിൽ കുടുങ്ങിയ ഥാർ സുരക്ഷിതമായി നീക്കം ചെയ്തതിനാൽ വൻ അപകടം ഒഴിവായി. റെയിൽവേ വസ്തുവകകൾക്കോ യാത്രക്കാർക്കോ യാതൊരുവിധ നാശനഷ്ടങ്ങളും സംഭവിച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഡിമാപൂർ സിഗ്നൽ അംഗാമി സ്വദേശിയും 65 -കാരനുമായ തേഫുനീതുവോ എന്നയാൾ പോലീസ് പിടിയിലായി. 

Scroll to load tweet…

അശ്രദ്ധമായി വാഹനമോടിച്ചതിനും റെയിൽവേ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിനും ഇയാൾക്കെതിരെ കേസെടുത്തു. വാഹനവും ഡ്രൈവറും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിന്‍റെ കസ്റ്റഡിയിലാണ്. പ്രാഥമിക അന്വേഷണത്തിൽ ഗുരുതരമായ അശ്രദ്ധയും ഗതാഗത, റെയിൽവേ നിയമങ്ങളുടെ ലംഘനവുമാണ് നടന്നതെന്ന് തെളിഞ്ഞതായി പിആർഒ പറഞ്ഞു.

ലൈസൻസ് റദ്ദ് ചെയ്യണമെന്ന്

അനുമതിയില്ലാതെ റെയിൽവേ ട്രാക്കിൽ പ്രവേശിക്കുന്നത് ഗുരുതരമായ കുറ്റമാണെന്നും ഇത് മനുഷ്യജീവനും റെയിൽവേ സംവിധാനങ്ങൾക്കും വലിയ ഭീഷണിയാണെന്നും അധികൃതർ ഓർമ്മിപ്പിച്ചു. സർക്കാർ ഇത്തരം ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കുകയും കർശന നടപടി സ്വീകരിക്കുകയും ചെയ്യണമെന്ന് എന്ന് കമന്‍റുകളിൽ നിരവധി പേർ അഭിപ്രായപ്പെട്ടു. വാഹനം പിടിച്ചെടുത്ത് കനത്ത പിഴ ചുമത്തുക അല്ലെങ്കിൽ ഇതുപോലുള്ള കൂടുതൽ സംഭവങ്ങൾ ഇനിയും ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ചിലർ ഓർമ്മിച്ചു. ട്രാക്കിൽ വാഹനമോടിക്കുന്ന സിനിമകൾ പോലെയായിരിക്കുമെന്ന് അയാൾ കരുതി, എന്തൊരു മണ്ടൻ എന്നായിരുന്നു മറ്റൊരു കമൻറ്.