മകളുടെ ജനനശേഷം ആശുപത്രി ഇടനാഴിയിൽ വെച്ച് സന്തോഷം കൊണ്ട് നൃത്തം ചെയ്യുന്ന ഒരച്ഛന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. 'ധുരന്ധർ' എന്ന ചിത്രത്തിലെ ഗാനത്തിനൊത്ത് ചുവടുവെച്ച ഈ അച്ഛന്റെ നിഷ്കളങ്കമായ സന്തോഷത്തെ യാമി ഗൗതം ഉൾപ്പെടെ നിരവധി പേർ അഭിനന്ദിച്ചു.

രോ മാതാപിതാക്കളുടെയും മനസ്സിൽ ഏറ്റവും സന്തോഷം ഉണ്ടാക്കുന്ന മുഹൂർത്തമാണ് മക്കളുടെ ജനനം. ഫോട്ടോയും വീഡിയോയും റീലും ഒക്കെയായി സന്തോഷം ആഘോഷിക്കുന്ന പലരെയും ആശുപത്രി വരാന്തയിൽ കാണാറുണ്ട്. എന്നാൽ ഇത്തരം കാഴ്ചകൾ ആണ്‍കുട്ടികളുടെ ജനന സമയത്താണ് കൂടുതലും കാണാറ്. പ്രത്യേകിച്ചും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പെണ്‍കുട്ടികളെ വിവാഹം കഴിപ്പിച്ച് മറ്റൊരു വീട്ടിലേക്ക് അയക്കേണ്ടവരാണെന്ന മിഥ്യാബോധമാണ് ഇത്തരമൊരു മനോഭാവത്തിന് കാരണം. എന്നാല്‍ തന്‍റെ മകളുടെ ജനനം ആശുപത്രി ഇടനാഴിയെ ഒരു ഡാന്‍സ് ഫ്ലോറാക്കി മാറ്റിയ അച്ഛന്‍റെ വീഡിയോ ഹൃദയങ്ങൾ കീഴടക്കി. വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ.

നൃത്തം ചവിട്ടി അച്ഛൻ

ഒരു സ്ത്രീ ചെറുപുഞ്ചിരിയോടെ നൃത്തം ചെയ്ത് കൊണ്ട് നവജാത ശിശുവിനെ എടുത്തു കൊണ്ടുവരുന്നു. അവരുടെ പിന്നിലെ രണ്ട് സ്ത്രീകളും സന്തോഷം അടക്കാനാകാതെ നൃത്തം ചെയ്യുന്നത് കാണാം. പിന്നാലെ ക്യാമറ അച്ഛനിലേക്ക് തിരിയുമ്പോൾ, അദ്ദേവും സന്തോഷം അടക്കാനാവാതെ ആശുപത്രി വരാന്തയാണെന്ന് ആലോചിക്കാതെ മനോഹരമായി നൃത്തം ചെയ്യുന്നു. അദ്ദേഹത്തിന്‍റെ നൃത്തം സ്ലോമോഷനിലാണ് വീഡിയോയിൽ കൊടുത്തിരിക്കുന്നത്. ഇത് ദൃശ്യത്തിന്‍റെ ഭംഗി ഇരട്ടിയാക്കുന്നു. ഏറെ സന്തോഷത്തോടെ കണ്ണ് തുറന്ന് അദ്ദേഹം തന്‍റെ മകളെ നോക്കുന്ന ദൃശ്യം കാഴ്ചക്കാരെ ഏറെ ആക‍ർഷിച്ചു.

Scroll to load tweet…

ഫാദർ ഓഫ് ദി ഇയർ

'ധുരന്ധർ' എന്ന ചിത്രത്തിലെ ഹിറ്റ് ഗാനമായ ‘FA9LA’ എന്ന ട്രെൻഡിനൊപ്പമാണ് ഈ അച്ഛൻ ചുവടുവെച്ചത്. 'ഈ ട്രെൻഡിലെ വിജയി' എന്ന അടിക്കുറിപ്പോടെ എക്സ് പ്ലാറ്റ്‌ഫോമിലാണ് വീഡിയോ ആദ്യം പ്രത്യക്ഷപ്പെട്ടത്. നിമിഷങ്ങൾക്കകം വൈറലായി. ആ അച്ഛന്‍റെ നിഷ്കളങ്കമായ സന്തോഷത്തെയും പ്രതികരണത്തെയും വാനോളം പുകഴ്ത്തി കമന്‍റുകൾ നിറഞ്ഞു. മകളുടെ ജനനം ആഘോഷിക്കുന്നതിലൂടെ അദ്ദേഹം സമൂഹത്തിന് ഒരു നല്ല സന്ദേശം നൽകുകയാണെന്നും അത് അഭിനന്ദനങ്ങൾ അർഹിക്കുന്നതാണെന്ന് പലരും കുറിച്ചു. ഫാദർ ഓഫ് ദി ഇയർ എന്നായിരുന്നു മറ്റൊരു കുറിപ്പ്.

ബോളിവുഡ് താരം യാമി ഗൗതമും ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. ‘ധുരന്ധർ’എന്ന ചിത്രത്തിന്‍റെ സംവിധായകൻ ആദിത്യ ധറിന്‍റെ ഭാര്യ കൂടിയായ യാമി, ദൃശ്യങ്ങൾ പങ്കുവെച്ചതോടെ വീഡിയോയുടെ സ്വീകാര്യത ഇരട്ടിച്ചു. തിയേറ്ററുകളിൽ തരംഗമായ 'ധുരന്ധർ' എന്ന സിനിമയിലെ ‘FA9LA’ എന്ന ഗാനം ഇതിനോടകം തന്നെ ആഗോളതലത്തിൽ വലിയ ശ്രദ്ധയാണ് നേടിയത്. നിരവധി പേർ റീലുകൾ പങ്കുവെക്കുകയും ചെയ്തു. എന്നാൽ ഈ വീഡിയോയിലെ നൃത്തം വെറുമൊരു ട്രെൻഡ് എന്നതിലുപരി ഒരു അച്ഛന്‍റെ സ്നേഹത്തിന്‍റെയും സന്തോഷത്തിന്‍റെയും പ്രതീകമായി മാറി.