
പൊതുസ്ഥലത്ത് 70 വയസ്സുള്ള വൃദ്ധയെ ഭയപ്പെടുത്തിയതിനെത്തുടർന്ന് ചൈനയിലെ മക്കാവുവിൽ ഒരു ഹ്യൂമനോയിഡ് റോബോട്ടിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം പതാനെയിലെ ലോക് യങ് ഫാ യുൻ റെസിഡൻഷ്യൽ കോംപ്ലക്സിന് സമീപമാണ് സംഭവം നടന്നത്.
സംഭവം ഇങ്ങനെ, റോബോട്ടിന്‍റെ ഉടമയായ 50 വയസ്സുകാരൻ മെഷീൻ പ്രവർത്തിപ്പിക്കുന്നതിനിടെ, റോബോട്ട് സ്ത്രീയുടെ തൊട്ടുപിന്നിൽ വന്ന് നിൽക്കുകയായിരുന്നു. തന്‍റെ ഫോണിൽ ശ്രദ്ധിച്ചു നിൽക്കുകയായിരുന്ന സ്ത്രീ പെട്ടെന്ന് തിരിഞ്ഞു നോക്കിയപ്പോൾ റോബോട്ടിനെ കണ്ട് പരിഭ്രാന്തയാവുകയും ദേഷ്യപ്പെടുകയും ചെയ്തു. "പേടിച്ചു പോയി. നിനക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാൻ കഴിയും, എന്നിട്ടും എന്തിനാണ് നീ ഇത്തരം കുഴപ്പങ്ങൾ ഉണ്ടാക്കുന്നത്? നിനക്ക് വട്ടാണോ?" എന്ന് ഇവർ കാന്‍റണീസ് ഭാഷയിൽ റോബോട്ടിനോട് ആക്രോശിക്കുന്നത് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോയിൽ വ്യക്തമാണ്. സ്ത്രീക്ക് ശാരീരിക പരിക്കുകളൊന്നും സംഭവിച്ചിട്ടില്ലെങ്കിലും, മുൻകരുതൽ എന്ന നിലയിൽ അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനകൾക്ക് ശേഷം ഇവരെ പിന്നീട് ഡിസ്ചാർജ് ചെയ്തു.
വൈറൽ വീഡിയോയിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥർ ഇടപെടുന്നതും റോബോട്ടിനെ അവിടെ നിന്ന് മാറ്റി കൊണ്ടുപോകുന്നതും കാണാം. റോബോട്ടിനെ പിന്നീട് ഉടമയ്ക്ക് തന്നെ വിട്ടുനൽകിയെങ്കിലും, പൊതുസ്ഥലങ്ങളിൽ ഇത്തരം യന്ത്രങ്ങൾ ഉപയോഗിക്കുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്ന് പോലീസ് ഉടമയ്ക്ക് കർശന നിർദ്ദേശം നൽകി.
ഒരു പ്രാദേശിക വിദ്യാഭ്യാസ കേന്ദ്രം പരീക്ഷണാർത്ഥം ഉപയോഗിച്ചതായിരുന്നു ഈ റോബോട്ട് എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വിദ്യാഭ്യാസ കേന്ദ്രത്തിന്‍റെ പ്രതിനിധിയായ ടോവിൻ മാക് പ്രാദേശിക മാധ്യമത്തോട് പ്രതികരിച്ചത് ഒരുപ്രദർശനം കഴിഞ്ഞ് മടങ്ങുന്നതിനിടയിലാണ് സംഭവം നടന്നത്. സ്ത്രീ വഴി മാറിക്കൊടുക്കുമെന്ന് കരുതിയാണ് റോബോട്ട് അവരുടെ പിന്നിൽ കാത്തുനിന്നതെന്നാണ്.
യൂണിട്രീ ജി1 എന്ന മോഡൽ റോബോട്ടാണ് ഈ സംഭവത്തിൽ ഉൾപ്പെട്ടത്. ഏകദേശം 4 അടി ഉയരമുള്ള ഈ റോബോട്ട് പ്രധാനമായും വിദ്യാഭ്യാസ ആവശ്യങ്ങൾക്കും പരസ്യപ്രചരണങ്ങൾക്കുമായാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. തടസ്സങ്ങൾ തിരിച്ചറിഞ്ഞ് മാറാനുള്ള അഡ്വാൻസ്ഡ് ഒബ്സ്റ്റക്കിൾ അവോയ്ഡൻസ് സിസ്റ്റവും ഡെപ്ത് ക്യാമറകളും ഇതിൽ സജ്ജീകരിച്ചിട്ടുണ്ട്