
സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടാനായി സ്വന്തം മകനെ വലിയൊരു പ്ലാസ്റ്റിക് ബാഗിലാക്കി ഉള്ളിലെ വായു കളഞ്ഞ് റഷ്യക്കാരിയായ അമ്മ. റഷ്യയിലെ സരടോവിൽ നിന്നുള്ള 36 -കാരിയായ ബ്ലോഗറായ അന്ന സപാരിനയാണ് തന്‍റെ മകനെ ഒരു വലിയ പ്ലാസ്റ്റിക് ബാഗിൽ കിടത്തി ഒരു വാക്വം പമ്പ് ഉപയോഗിച്ച് പ്ലാസ്റ്റിക് ബാഗിലെ വായും വലിച്ച് കളഞ്ഞത്. സമൂഹ മാധ്യമങ്ങളില്‍ വീഡിയോ കൂടുതൽ ശ്രദ്ധനേടുന്നതിന് വേണ്ടിയായിരുന്നു അന്ന ഇത്തരമൊരു കാര്യം ചെയ്തത്. അന്ന തന്നെ വീഡിയോ തന്‍റെ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചതിന് പിന്നാലെ കുട്ടിയുടെ ജീവനെ കുറിച്ച് വലിയ ആശങ്കയാണ് ഉയർന്നത്.
പ്ലാസ്റ്റിക് ബാഗിനുള്ളിൽ ഒരു കുട്ടി കിടക്കുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. പിന്നാലെ ഒരു വാക്വം പമ്പ് ഉപയോഗിച്ച് അന്ന പ്ലാസ്റ്റിക് ബാഗിനുള്ളിലെ വായു വലിച്ച് കളയുന്നു. ഇതോടെ കുട്ടി പ്ലാസ്റ്റിക് കവറിനുള്ളിൽ ഒട്ടിപ്പിടിച്ചത് പോലെ കിടക്കുന്നു. പിന്നാലെ അവന്‍ അസ്വസ്ഥനാകുന്നതും 'അമ്മേ' എന്ന് വിളിക്കുന്നതും വീഡിയോയിൽ കാണാം. ഡിസംബർ എട്ടിന് പങ്കുവച്ച വീഡിയോ ഇതിനകം ദശലക്ഷക്കണക്കിന് കാഴ്ചക്കാരാണ് കണ്ടത്. വീഡിയോ പങ്കുവച്ചതിന് പിന്നാലെ രൂക്ഷമായ വിമർശനവും ഉയർന്നു.
അശ്രദ്ധവും അപകടകരവുമായ പ്രവര്‍ത്തിയെന്നാണ് നിരവധി പേര്‍ വീഡിയോയ്ക്ക് താഴെ കുറിച്ചത്. കുട്ടിയുടെ ജീവന്‍ അപകടത്തിലാക്കിയ അമ്മയ്ക്കെതിരെ നടപടി വേണമെന്നും നിരവധി പേരെഴുതി. ചിലര്‍ വീഡിയോ റഷ്യൻ ശിശു സംരക്ഷണ അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തി. അന്ന സപാരിനയുടെ പ്രവർത്തികളെക്കുറിച്ച് ഔപചാരിക അന്വേഷണം നടത്തണമെന്ന് ഉദ്യോഗസ്ഥരും ആവശ്യപ്പെട്ടു. ഇത്തരം സ്റ്റണ്ടുകൾ നിമിഷങ്ങൾക്കുള്ളിൽ പ്രത്യേകിച്ചും കുട്ടികളുടെ ശ്വാസംമുട്ടലിന് കാരണമാകുമെന്നും അത് അവരുടെ മരണത്തിലേക്ക് നയിക്കാനുള്ള സാധ്യത കൂടുതലാണെന്നും ഇത്തരം കാര്യങ്ങൾ ചെയ്യാന്‍ ശ്രമിക്കരുതെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ച് പറ്റാന്‍ സ്വന്തം കുട്ടികളുടെ ജീവന്‍ വച്ച് കളിക്കാന്‍ പോലും മനുഷ്യന് പ്രശ്നമില്ലാതായിരിക്കുന്നുവെന്നാണ് ഒരു കാഴ്ചക്കാരനെഴുതിയത്. ഇത്തരം വീഡിയോകൾ നിരോധിച്ചത് കൊണ്ട് മാത്രമായില്ലെന്നും ഇത്തരം പ്രവര്‍ത്തികൾ ചെയ്യുന്ന മാതാപിതാക്കൾക്ക് കനത്ത ശിക്ഷ നൽകണമെന്നും ചിലരെഴുതി.