
മോബൈൽ മോഷണം പല രാജ്യങ്ങൾക്കും ഇന്ന് വലിയൊരു തലവേദനയാണ്. ലോകത്തിൽ ഏറ്റവും കൂടുതല്‍ മൊബൈൽ മോഷണം നടക്കുന്ന നഗരങ്ങളിലൊന്ന് ഇംഗ്ലണ്ടാണ്. മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും മറിച്ചല്ല സ്ഥിതി. മൊബൈൽ മോഷ്ടാക്കളുടെത് വലിയൊരു ശൃംഖലയാണെന്നാണ് പല രാജ്യങ്ങളിലെയും പോലീസ് വകുപ്പുകളും പറയുന്നത്. അത് ചൈനയിലെ സെക്കന്‍റ്സ് മാര്‍ക്കറ്റ് വരെ നീളുന്നു. കഴിഞ്ഞ ദിവസം ഒരു മൊബൈൽ മോഷണം തടഞ്ഞ റഷ്യന്‍ സഞ്ചാരിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
അർജന്റീനയിലെ ബ്യൂണസ് അയേഴ്‌സിലായിരുന്നു സംഭവം നടന്നത്. 33 -കാരിയായ അലക്‌സാണ്ട്ര ഡോകെറ്റോവ എന്ന സ്ത്രീ, ഒരു ട്രാഫിക്കിൽ തന്‍റെ മൊബൈലും നോക്കി സൈക്കിളിൽ ഇരിക്കവെ പെട്ടെന്ന് അവിടെ ബൈക്കിലെത്തിയ രണ്ട് പേര്‍ അലക്സാണ്ട്രയുടെ മൊബൈൽ തട്ടിപ്പറിക്കാന്‍ ശ്രമിക്കുകയായിരുന്നു. ആദ്യം അമ്പരന്ന് പോയ അലക്സാണ്ട്ര, തൊട്ടടുത്ത നിമിഷം ബൈക്കിന് പിന്നിലിരുന്ന ആളെ പിടികൂടി. ഇയാൾ രക്ഷപ്പെടാൻ നോക്കിയെങ്കിലും അലക്സാണ്ട്ര പിടി വിട്ടില്ല. ഇതിനിടെ ബൈക്കുമായി മറ്റേയാൾ കടന്നു. അലക്സാണ്ട്രയും മോഷ്ടാവും റോഡിലേക്ക് വീണു. സംഭവം കണ്ട് മറ്റ് വഴിയാത്രക്കാര്‍ ഇതിനിടെ ഓടിയെത്തുകയും മോഷ്ടാവിനെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയുമായിരുന്നു.
അലക്സാണ്ട്രയ്ക്ക് തലയ്ക്ക് പരിക്കേറ്റെങ്കിലും സുഖം പ്രാപിച്ച് വരുന്നെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. പോലീസ്, രക്ഷപ്പെട്ടയാളെ മണിക്കൂറുകൾക്കുള്ളില്‍ പിടികൂടി. ഇരുവരുടെയും വീട് റൈഡ് ചെയ്ത് 10 ഓളം മോബൈലുകൾ കണ്ടെടുത്തു. ഇരുവർക്കുമെതിരെ നേരത്തെ നിരവധി കേസുകളുണ്ടെന്നും റിപ്പോര്‍ട്ടുകളിൽ പറയുന്നു. പരിക്ക് വകവെയ്ക്കാതെ മോഷ്ടാക്കളെ പിടികൂടുന്ന അലക്സാണ്ട്രയുടെ വീഡിയോ ഇതിനിടെ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
അലക്സാണ്ട്രയുടെ ധീരതയും വഴിയാത്രക്കാരുടെ വേഗത്തിലുള്ള പ്രതികരണവും സമൂഹമാധ്യമങ്ങളില്‍ വളരെ അധികം അഭിനന്ദിക്കപ്പെട്ടു. അതേസമയം ലോകമെങ്ങും സഞ്ചാരികൾ അക്രമിക്കപ്പെടുന്നത് വലിയ ആശങ്കയായി പലരും കുറിച്ചു.