അലക്കാൻ മത്രമല്ല, തുണി മടക്കാനും യന്ത്രം റെഡി; സ്കൂൾ വിദ്യാർത്ഥിയുടെ കണ്ടുപിടിത്തം വൈറൽ

Published : Mar 30, 2026, 03:33 PM IST
Clothes Folding Machine

Synopsis

ഒരു സ്കൂൾ വിദ്യാർത്ഥി സ്വന്തമായി തുണി മടക്കുന്ന ഉപകരണം നിർമ്മിച്ചു. ലളിതമായ വസ്തുക്കൾ ഉപയോഗിച്ച് നിർമ്മിച്ച ഈ യന്ത്രം വളരെ കുറഞ്ഞ സമയം കൊണ്ട് വസ്ത്രങ്ങൾ കൃത്യമായി മടക്കാൻ സഹായിക്കുന്നു. ഈ കണ്ടുപിടിത്തത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും നിരവധി പേർ വിദ്യാർത്ഥിയെ അഭിനന്ദിക്കുകയും ചെയ്തു.

 

സ്റ്റാർട്ടപ്പുകളുടെ കാലമാണ്. പുതിയ സംരംഭകരെയും പുതിയ കണ്ടുപിടിത്തങ്ങളെയും പ്രോത്സാഹിപ്പിക്കുന്ന കാലം. ഇന്ത്യയും ഇക്കാര്യത്തിൽ പിന്നിലല്ല. പറഞ്ഞുവരുന്നത് ഒരു വിദ്യാർത്ഥി സ്വന്തമായി നിർമ്മിച്ച തുണു മടക്കുന്ന ഉപകരണത്തെ കുറിച്ചാണ്. തുണി അലക്കുന്നതിന് വാഷിംഗ്‍മെഷ്യൻ വന്നത് സ്ത്രീകളുടെ ജോലി ഭാരം പകുതിയിലേറെയാണ് കുറച്ചത്. ദേ ഇപ്പോൾ തുണി മടക്കിവയ്ക്കാനും യന്ത്രം റെഡി.

തുണി മടക്കാനും യന്ത്രം റെഡി

തുണികൾ മടക്കാനുള്ള ഉപകരണത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. നിരവധി പേരാണ് വീഡിയോ കണ്ട് അത്ഭുതത്തോടെ കുറിപ്പെഴുതാനെത്തിയത്. വീഡിയോയിൽ, സ്കൂൾ യൂണിഫോമിലുള്ള ഒരു വിദ്യാർത്ഥി വസ്ത്രങ്ങൾ വേഗത്തിൽ മടക്കാൻ കഴിയുന്ന ഒരു ഉപകരണം എങ്ങനെ ഉപയോഗിക്കാമെന്ന് വിശദീകരിക്കുന്നു. ഫ്ലാറ്റ് ബോർഡുകൾ, ഹിഞ്ചുകൾ, ലിവർ അധിഷ്ഠിത സംവിധാനം തുടങ്ങിയ ലളിതമായ വസ്തുക്കൾ കൊണ്ടാണ് മെഷീൻ നിർമ്മിച്ചിരിക്കുന്നത്. വസ്ത്രങ്ങൾ കൃത്യമായി മടക്കുന്നതിനായി ഒരു പ്രത്യേക ക്രമത്തിൽ ചലിക്കുന്ന ഇടത്, വലത്, താഴെയുമായി മൂന്ന് പാനലുകൾ ഈ ഉപകരണത്തിലുണ്ടെന്ന് വീഡിയോയിൽ അവകാശപ്പെടുന്നു. വീഡിയോയിൽ ഒരു ഷർട്ടും ഒരു മുണ്ടും വിദ്യാർത്ഥി മടക്കിക്കാണിക്കുന്നു. സ്ലീവുകളും വശങ്ങളും മടക്കുന്നതിനായി സൈഡ് പാനലുകൾ അകത്തേക്ക് തിരിച്ചതിന് ശേഷം താഴെയുള്ള പാനൽ ഒരു ഒതുക്കമുള്ള, ചതുരാകൃതി തുണി മടക്കി വയ്ക്കുന്നു. അതും വളരെ ചെറിയ സമയത്തിനുള്ളിൽ കാര്യം കഴിയുന്നു.

 

 

അഭിനന്ദിച്ച് നെറ്റിസെന്‍സ്

സമൂഹ മാധ്യമ ഉപയോക്താക്കളെ പുതിയ കണ്ട് പിടിത്തം ഏറെ ആകർഷിച്ചു. സമയം ലാഭിക്കാൻ മറ്റൊരു ഉപകരണം കൂടിയെന്നായിരുന്നു ഒരു കാഴ്ചക്കാരൻ കുറിച്ചത്. ക്ലാസ് മുറികളിൽ നിന്ന് എങ്ങനെ ഉപയോഗപ്രദമായ പരിഹാരങ്ങൾ ലഭിക്കുമെന്നതിന്‍റെ ഉത്തമ ഉദാഹരണമാണിതെന്ന് അവർ വിശേഷിപ്പിച്ചു. ഇന്ന് വലിയ കമ്പനികളിൽ നിന്നോ ഫാൻസി ലാബുകളിൽ നിന്നോ എല്ലായ്‌പ്പോഴും പുതിയ ആശയങ്ങൾ വരുന്നില്ലെന്നും എന്നാൽ പൊതുസമൂഹത്തിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നും നൂതനമായ ആശയങ്ങൾ പിറവി കൊള്ളുന്നുണ്ടെന്നും നിരവധി പേർ ചൂണ്ടിക്കാണിച്ചു.

 

 

PREV
Read more Articles on
click me!

Recommended Stories

ആരും പ്രതീക്ഷിച്ച് കാണില്ല, വിദ്യാർത്ഥികൾ നോക്കിനിൽക്കെ സദസിനെ ഇളക്കിമറിച്ച് പ്രൊഫസർ, വീഡിയോ കാണൂ
ബെംഗളൂരു വിമാനത്താവള റൺവെയിൽ നിന്നും സിഗരറ്റ് വലിച്ച് ടെക്കി; ചോദ്യം ചെയ്ത ജീവനക്കാരോട് തട്ടിക്കയറി, വീഡിയോ