
ദില്ലിയിൽ നടന്ന ഒരു ശുചീകരണ യജ്ഞത്തിനിടെ വൃക്ഷിത് ഫൗണ്ടേഷനിലെ സന്നദ്ധപ്രവർത്തകർക്ക് മാലിന്യക്കൂമ്പാരത്തിനടിയിൽ നിന്നും അസ്ഥികൂട അവശിഷ്ടങ്ങൾ ലഭിച്ചു. ഇതോടെ ശുചീകരണ യജ്ഞം നിർത്തിവച്ച് പോലീസ് അധികൃതരെ വിവരമറിയിച്ചു. ഫോറൻസിക് ഉദ്യോഗസ്ഥർ സ്ഥലം പരിശോധന നടത്തി. കൂടുതൽ അന്വേഷണത്തിനായി അവശിഷ്ടങ്ങൾ ശേഖരിച്ചു. ലഭിച്ച അസ്ഥികൂടങ്ങൾ ഉപേക്ഷിക്കപ്പെട്ട മെഡിക്കൽ വിദ്യാഭ്യാസപരമായ അസ്ഥികൂട വസ്തുക്കളാണോ അതോ യഥാർത്ഥ മനുഷ്യരുടെതാണോയെന്ന് വ്യക്തമല്ല.
ശുചീകരണ പ്രവർത്തനത്തിനിടെ മാലിന്യക്കൂമ്പാരത്തിനടിയിൽ നിന്ന് അസ്ഥികൂടത്തിന്‍റെ അവശിഷ്ടങ്ങൾ കണ്ടെത്തിയ വാർത്ത സമൂഹ മാധ്യമങ്ങളിൽ വൈറലായി. വൃക്ഷിത് ഫൗണ്ടേഷൻറെ നേത്വത്തിൽ നടന്ന ശുചീകരണ പ്രവർത്തിക്കിടെയാണ് ഈ കണ്ടെത്തൽ. സംരക്ഷണ കയ്യുറകളും മാസ്കുകളും ധരിച്ച സന്നദ്ധപ്രവർത്തകർ ഒരു വലിയ മാലിന്യക്കൂമ്പാരം മാറ്റുന്നതിനിടെയാണ് അതിന്‍റെ അടിയിൽ നിന്നും മനുഷ്യാസ്ഥികൾ പോലെ തോന്നിക്കുന്ന വസ്തുക്കൾ കണ്ടെത്തിയത്. സംശയാസ്പദമായ അവശിഷ്ടങ്ങൾ കണ്ടെത്തിയ ഉടൻ തന്നെ സംഘം ശുചീകരണ പ്രവർത്തനം നിർത്തിവച്ച് പ്രാദേശിക അധികാരികളെ വിവരം അറിയിച്ചു.
പോലീസും ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. അതേസമയം മനുഷ്യാസ്ഥിയാണോ മെഡിക്കൽ മാലിന്യമാണോയെന്ന് സ്ഥിരീകരിച്ചിട്ടില്ല. ബയോമെഡിക്കൽ മാലിന്യങ്ങൾ തെറ്റായി സംസ്കരിക്കുന്നത് ഇന്ത്യയിൽ ഗുരുതരമായ ഒരു പ്രശ്നമാണ്. വസ്തുക്കൾ ഉപേക്ഷിക്കുമ്പോൾ ആശുപത്രികളും ലബോറട്ടറികളും കർശനമായ നടപടിക്രമങ്ങൾ പാലിക്കണമെന്നാണ് വ്യവസ്ഥയെങ്കിലും ഇത് പലപ്പോഴും പാലിക്കപ്പെടാറില്ലെന്നതാണ് യാഥാർത്ഥ്യം. സംഭവത്തിന്‍റെ വീഡിയോ വൃക്ഷിത് ഫൗണ്ടേഷൻ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചതിന് പിന്നാലെ വൈറലായി. നിരവധി പേർ അത് മെഡിക്കൽ മാലിന്യമാകാണെന്ന് ആശ്വസിച്ചു. എന്നാൽ ദില്ലിയിലെ കുറ്റകൃത്യ നിരക്ക് വച്ച് അത് മറച്ച് വയ്ക്കപ്പെട്ട മനുഷ്യാസ്ഥിയാകാമെന്ന് ചിലർ ചൂണ്ടിക്കാണിച്ചു.