
ചെറുപ്പത്തിൽ നമുക്ക് കിട്ടുന്ന വിഷുക്കൈനീട്ടങ്ങളും, ചെറിയ ചെറിയ പോക്ക്റ്റ്മണിയുമെല്ലാം നാം സൂക്ഷിച്ചുവച്ചിട്ടുണ്ടാകും. അതിൽ കുറേയൊക്കെ നമ്മുടെ അച്ഛനും അമ്മയും സഹോദരങ്ങളുമെല്ലാം നമ്മെ പറ്റിച്ചെടുത്തിട്ടുണ്ടാവും. എന്നാൽ, ബെംഗളൂരുവിൽ നിന്നുള്ള ഈ കൊച്ചുമിടുക്കി ചെയ്തത് എന്താണ് എന്ന് അറിയുമോ? അവൾ തന്റെ പിഗ്ഗി ബാങ്കിലെ പണമെടുത്ത് സിൽവർ കോയിനുകൾ വാങ്ങി. ജോയ് ആലുക്കാസിന്റെ സ്റ്റോറിലെത്തിയാണ് ഈ കൊച്ചുമിടുക്കി സിൽവർ കോയിനുകൾ വാങ്ങിയത്. ഈ വീഡിയോയാണ് ഇപ്പോൾ വൈറലായി മാറുന്നത്.
കൗണ്ടറിൽ എത്തിയ പെൺകുട്ടി പണം ഒരു ജീവനക്കാരന് കൈമാറുന്നത് കാണാം. പണം കൈമാറിക്കഴിയുമ്പോ അവൾക്ക് ഒരു പായ്ക്ക് സിൽവർ കോയിനുകൾ ലഭിക്കുന്നത് കാണാം. അവ എണ്ണിത്തിട്ടപ്പെടുത്തുകയും എല്ലം ശരിയാണോ എന്ന് പരിശോധിക്കുകയും ചെയ്യുന്നതും വീഡിയോയിൽ കാണാം. പിന്നീട് പെൺകുട്ടി ജീവനക്കാരനോടൊപ്പം ഒരു ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതും വീഡിയോയിൽ കാണാവുന്നതാണ്. വളരെ സന്തോഷത്തോടെ അവൾ സിൽവർ കോയിനുകൾ ഇട്ടിരിക്കുന്ന ബാഗുമായി നിൽക്കുന്നതാണ് പിന്നെ കാണുന്നത്.
നിരവധിപ്പേരാണ് ഈ വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. പെൺകുട്ടിയുടെ സമ്പാദ്യശീലത്തെ പുകഴ്ത്തിക്കൊണ്ട് കമന്റുകൾ നൽകിയ ആളുകളുണ്ട്. പെൺകുട്ടികൾ അല്ലെങ്കിലും സമ്പാദിക്കുകയും നോക്കിച്ചിലവഴിക്കുകയും ചെയ്യുന്ന കാര്യത്തിൽ അടിപൊളിയാണ് എന്ന് അഭിപ്രായപ്പെട്ടവരുണ്ട്. അവളൊരു മിടുക്കിയാണ് എന്നും ഈ ശീലം കൊള്ളാം എന്നും അഭിപ്രായപ്പെട്ടവരുണ്ട്. ഇൻവെസ്റ്റ്മെന്റിന്റെ ലോകത്തേക്ക് സ്വാഗതം എന്നാണ് ഒരാൾ കമന്റ് നൽകിയത്. അതേസമയം തന്നെ, ഇത്ര ചെറിയ പ്രായത്തിൽ കുട്ടികൾ ഇങ്ങനെ പണം സമ്പാദിക്കുന്നതിനെ കുറിച്ചൊക്കെ ചിന്തിക്കേണ്ടതുണ്ടോ, പകരം അവരെ അവരുടെ ബാല്ല്യകാലം ആസ്വദിക്കാൻ അനുവദിക്കുകയല്ലേ വേണ്ടത് എന്ന് കമന്റ് നൽകിയവരും ഉണ്ട് .