
അമ്മയുടെ 12 ലക്ഷത്തിന്റെ (10,000 പൗണ്ട്) കടം വീട്ടി അത്ഭുതപ്പെടുത്തി 17 -കാരൻ. അവിശ്വസനീയതയോടെയും അമ്പരപ്പോടെയും നിൽക്കുന്ന അമ്മയുടെ ഈ ഹൃദയസ്പർശിയായ വീഡിയോ അനേകങ്ങളെയാണ് ആകർഷിച്ചത്. അമൻ ദുഗ്ഗൽ എന്ന 17 -കാരനാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കിട്ടത്. മകനൊരുക്കിയ ഈ സർപ്രൈസ് ശരിക്കും അമ്മയുടെ കണ്ണ് നനയിച്ചു കളഞ്ഞു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. കടം വീട്ടിയതിനെ കുറിച്ച് പറയുന്നതിന് മുമ്പായി, താൻ അമ്മയെ ഒരുപാട് സ്നേഹിക്കുന്നുവെന്നും, കുറച്ചു കാലമായി ഇത് ചെയ്യണമെന്ന് ആഗ്രഹിക്കുകയായിരുന്നുവെന്നും അമൻ പറയുന്നത് കേൾക്കാം. തനിക്ക് വേണ്ടി ഇതുവരെ ചെയ്ത എല്ലാ കാര്യങ്ങൾക്കും അവൻ അമ്മയ്ക്ക് നന്ദി പറയുന്നുമുണ്ട്.
തന്റെ ജീവിതത്തിലെ 'ഏറ്റവും സവിശേഷയായ സ്ത്രീ' എന്നാണ് അവൻ അമ്മയെ വിശേഷിപ്പിക്കുന്നത് തന്നെ. താൻ ഇത് പലപ്പോഴും പറയാറില്ലെങ്കിലും, ഹൃദയത്തിൽ നിന്നാണ് ഇത് പറയുന്നതെന്നും അവൻ പറയുന്നു. അതോടെ അമ്മ ആകെ വികാരാധീനയാവുന്നതും വീഡിയോയിൽ കാണാം. 'ഞാനും നിന്നെ സ്നേഹിക്കുന്നു, പക്ഷേ എന്തിനാണ് ഞാൻ ഇങ്ങനെ കരയുന്നതെന്ന് എനിക്ക് മനസിലാകുന്നില്ല' എന്നാണ് അമ്മ പറയുന്നത്. തുടർന്ന് അമൻ പണം അമ്മയുടെ കൈകളിൽ ഏൽപ്പിക്കുന്നു. 'ഇത് അമ്മയുടെ എല്ലാ കടങ്ങളും വീട്ടാൻ വേണ്ടിയുള്ളതാണ്. ഇനി മുതൽ എല്ലാ മാസവും നമ്മുടെ ബില്ലുകൾ അടയ്ക്കാനും എനിക്ക് കഴിയുമെന്ന് ഞാൻ ഉറപ്പു നൽകുന്നു' എന്നാണ് പിന്നീട് അമൻ പറയുന്നത്. ഇതുകേട്ട് വികാരാധീനയായ അമ്മ പൊട്ടിക്കരഞ്ഞുകൊണ്ട് മകനെ കെട്ടിപ്പിടിക്കുന്നത് കാണാം.
'എന്റെ അമ്മ എനിക്ക് വേണ്ടി ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്തുതന്നു. ഒടുവിൽ അമ്മയെ നോക്കാൻ എനിക്ക് സാധിക്കുന്നതിൽ എനിക്ക് വളരെയധികം സന്തോഷമുണ്ട്, ഞാനതിൽ വളരയേറെ അഭിമാനിക്കുന്നു. ഈ അനുഭൂതി എനിക്ക് വാക്കുകൾ കൊണ്ട് വിവരിക്കാനാവില്ല, എത്രയോ തവണ ഞാൻ ഈ നിമിഷം സ്വപ്നം കണ്ടിട്ടുണ്ട്. ജോലി തുടങ്ങി വെറും ഒരു വർഷത്തിനുള്ളിൽ തന്നെ ഇത് യാഥാർത്ഥ്യമായിരിക്കുന്നു. ഇതിൽ ഞാൻ അങ്ങേയറ്റം കൃതജ്ഞതയുള്ളവനാണ്. ദൈവത്തോടും എന്റെ അമ്മയോടും, കൂടാതെ എന്നോടുതന്നെയും ഞാൻ നന്ദി പറയുന്നു' എന്നാണ് വീഡിയോയുടെ ക്യാപ്ഷനിൽ അമൻ കുറിച്ചിരിക്കുന്നത്. അനേകങ്ങളാണ് വീഡിയോയ്ക്ക് കമന്റ് നൽകിയിരിക്കുന്നത്. ആ അമ്മ ഭാഗ്യമുള്ളവളാണ് എന്നാണ് ആളുകൾ കുറിച്ചിരിക്കുന്നത്.