ഇന്ത്യൻ ഇൻഫ്ലുവൻസറായ സച്ചിൻ അവസ്തിയെയും ഭാര്യയെയും ദക്ഷിണ കൊറിയയിൽ 38 മണിക്കൂർ തടഞ്ഞുവച്ചു. ജെജു ദ്വീപിൽ എത്തിയ ഇവരെ വ്യക്തമായ കാരണങ്ങളില്ലാതെ ജയിലിന് സമാനമായ സ്ഥലത്ത് പാർപ്പിക്കുകയും പത്തിരട്ടി വിലയ്ക്ക് മടക്ക ടിക്കറ്റ് എടുക്കാൻ നിർബന്ധിച്ചു. 

Add Asianetnews as a Preferred SourcegooglePreferred

വ്യക്തമായൊരു വിശദീകരണമില്ലാതെ ദക്ഷിണ കൊറിയയിലും ചൈനയിലുമായി 38 മണിക്കൂർ തന്നെ കസ്റ്റഡിയിലെടുത്തതായി സച്ചിൻ അവസ്തി എന്ന ഇന്ത്യൻ സമൂഹ മാധ്യമ ഉള്ളടക്ക നിർമ്മാതാവ്. സച്ചിൻ അവസ്തി തന്‍റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ദക്ഷിണ കൊറിയയിൽ തടങ്കലിലായ വിവരം പങ്കുവച്ചത്. ഭാര്യ ദീപ്ശിഖ മിശ്രയ്‌ക്കൊപ്പം ദക്ഷിണ കൊറിയയിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു സംഭവം. നിരവധി ഫോട്ടോകളും വീഡിയോകളും ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച സച്ചിൻ, 38 മണിക്കൂറോളം ദക്ഷിണ കൊറിയയിലും (ജെജു ദ്വീപ്) ചൈനയിലും തടങ്കലിൽ കഴിയുകയാണെന്ന് കുറിച്ചു.

തടഞ്ഞുവച്ചു. പിന്നാലെ തിരിച്ചയച്ചു

"ഞങ്ങൾ ആവേശത്തോടെ യാത്രയ്ക്ക് തയ്യാറായി ദക്ഷിണ കൊറിയയിലെ ജെജു ദ്വീപിൽ എത്തി. ഏതാനും മണിക്കൂറുകൾക്കുള്ളിൽ എല്ലാം മാറി." സച്ചിന്‍ തന്‍റെ ഇന്‍സ്റ്റാഗ്രാമിൽ എഴുതി. ജെജു ദ്വീപിൽ എത്തിയെങ്കിലും മറ്റ് സ്ഥലങ്ങളിലേക്ക് പോകാൻ അനുവദിക്കാതെ ആളുകളെ പാർപ്പിക്കുന്ന ഒരു സ്ഥലത്തേക്ക് കൊണ്ട് പോയി. എന്നാൽ, എന്താണ് കാരണമെന്ന് ആരും വ്യക്തമാക്കിയില്ല. അവിടെ ഒരു ജയിലിൽ കഴിയുന്നത് പോലുള്ള സാഹചര്യമായിരുന്നു. സൂര്യപ്രകാശം അകത്ത് കടക്കാതെ മുറിയിൽ നിന്നും പുറത്തേക്കിറങ്ങാൻ വഴിയില്ലായിരുന്നു. ഒരു ജയിലിന് സമാനമായ സ്ഥലമായിരുന്നു അതെന്നും അദ്ദേഹം വിവരിക്കുന്നു.

View post on Instagram

മടക്ക ടിക്കറ്റിന് 10 മടങ്ങ് അധിക ചാർജ്ജ്

അവിടെ താമസിപ്പിച്ച ശേഷം ചെലവേറിയ റിട്ടേണ്‍ ടിക്കറ്റ് ബുക്ക് ചെയ്യാൻ അവ‍ർ ഭീഷണിപ്പെടുത്തി. ഇത് ചൈന വഴിയായിരുന്നു. ഈ യാത്രയ്ക്കായി ഏറെ നേരം കാത്തിരിക്കേണ്ടി വന്നു. ഫോണ്‍ ഉപയോഗിക്കാൻ പോലും വിലക്കുണ്ടായിരുന്നു. ഭക്ഷണവും വെള്ളവും പരിമിതമായിരുന്നു. ഉറങ്ങാൻ പോലും കഴിഞ്ഞില്ല. ബോഡിക്യാം ഉപയോഗിച്ചിരുന്ന ഒരു ഉദ്യോഗസ്ഥൻ തങ്ങളോടൊപ്പം വാഷ് റൂമിലേക്ക് കയറിയെന്നും സച്ചിൻ എഴുതി. മടക്ക ടിക്കറ്റിന് സാധാരണ ടിക്കറ്റ് വിലയേക്കാൾ 10 മടങ്ങ് അധികം ചെലവായി. എങ്ങനെയെങ്കിലും പുറത്ത് കടക്കണമെന്ന് തോന്നിയതിനാൽ പണം ചെലവഴിച്ചെന്നും അദ്ദേഹം കുറിച്ചു. സച്ചിന്‍റെ അനുഭവം വിവരിക്കുന്ന ഇന്‍സ്റ്റാഗ്രാം ചിത്രങ്ങളും യൂട്യൂബും നിരവധി പേർ പങ്കിട്ടു.