'പുലർച്ചെ മൂന്ന് മണി, ഒറ്റയ്ക്ക്, ആളൊഴിഞ്ഞ റോഡ്, എന്നിട്ടും പേടിയില്ല'; ഇന്ത്യൻ യുവതിയുടെ വീഡിയോ വൈറൽ

Published : Jan 04, 2026, 02:43 PM IST
woman walking home on Singapore at 3 am

Synopsis

സിംഗപ്പൂരിൽ പുലർച്ചെ 3 മണിക്ക് തനിച്ച് നടക്കുന്ന ഇന്ത്യൻ യുവതിയുടെ വീഡിയോ വൈറലായി. സിംഗപ്പൂരിലെ സുരക്ഷിതത്വത്തെ പ്രശംസിക്കുന്ന വീഡിയോ, ഇന്ത്യയിലെ സാഹചര്യങ്ങളുമായി താരതമ്യം ചെയ്തുകൊണ്ട് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചു.  

 

രാത്രി വൈകി തനിച്ച് റോഡിലൂടെ നടക്കുന്നത് ഭയമില്ലാത്ത ഒരു സാധാരണ കാര്യമാണെന്ന് കാണിച്ച് തരുന്ന ഇന്ത്യൻ യുവതിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. സിംഗപ്പൂരിൽ താമസിക്കുന്ന കൃതിക ജെയിൻ എന്ന യുവതിയാണ് പുലർച്ചെ 3 മണിക്ക് ആളൊഴിഞ്ഞ റോഡിലൂടെ ഭയമില്ലാതെ നടന്നുപോകുന്ന വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്.

സുരക്ഷിതം ഈ നഗരം

"സിംഗപ്പൂരിൽ ഇപ്പോൾ പുലർച്ചെ 3 മണിയാണ്, ഞാൻ തനിച്ച് വീട്ടിലേക്ക് നടന്നുപോവുകയാണ്. പിന്നിൽ ആരെങ്കിലും ഉണ്ടോയെന്ന് നോക്കേണ്ട ആവശ്യമില്ല, എനിക്ക് ഒട്ടും പേടി തോന്നുന്നില്ല," എന്നാണ് കൃതിക വീഡിയോയിൽ പറയുന്നത്. ഈ സുരക്ഷിതത്വം സിംഗപ്പൂരിൽ ഒരു ആഡംബരമല്ല, മറിച്ച് അവിടുത്തെ സാധാരണ ജീവിതത്തിന്‍റെ ഭാഗമാണെന്നും അവർ കൂട്ടിച്ചേർത്തു. ഇന്ത്യയിൽ ആയിരുന്നെങ്കിൽ ഇത്രയും വൈകിയ സമയത്ത് പുറത്തിറങ്ങുന്നതിനെക്കുറിച്ച് തനിക്ക് ചിന്തിക്കാൻ പോലും കഴിയില്ലെന്ന് കൃതിക പറയുന്നു. സിംഗപ്പൂരിലെ ആകാശക്കാഴ്ചകളോ ടൂറിസ്റ്റ് കേന്ദ്രങ്ങളോ അല്ല, മറിച്ച് ഈ സുരക്ഷിതത്വമാണ് താൻ ഈ നഗരത്തെ സ്നേഹിക്കാൻ പ്രധാന കാരണമെന്നും വീഡിയോയുടെ അടിക്കുറിപ്പിൽ അവർ വ്യക്തമാക്കുന്നു.

 

 

ഞങ്ങളുടെ നാട്ടിലും വേണമെന്ന് സ്ത്രീകൾ

ലക്ഷക്കണക്കിന് ആളുകളാണ് ഈ വീഡിയോ കണ്ടത്. ഇതിന് താഴെ സമ്മിശ്രമായ പ്രതികരണങ്ങളാണ് വരുന്നത്. സുരക്ഷിതത്വം എന്നത് ഏതൊരു വ്യക്തിയുടെയും അടിസ്ഥാന അവകാശമാണെന്നും, അത് ആഘോഷിക്കേണ്ടി വരുന്നത് തന്നെ സങ്കടകരമാണെന്നും പലരും അഭിപ്രായപ്പെട്ടു. "സുരക്ഷിതത്വം അനുഭവപ്പെടുന്നത് ഒരു സ്വാഭാവിക കാര്യമായി മാറണം," എന്നാണ് ഒരു കമന്റ്. വീഡിയോ ഇന്ത്യയുമായി താരതമ്യം ചെയ്തതിനെതിരെ ചിലർ വിമർശനവുമായി രംഗത്തെത്തി. ഇന്ത്യയുടെ വലുപ്പവും സിംഗപ്പൂരിന്റെ വലുപ്പവും താരതമ്യം ചെയ്യാനാകില്ലെന്നും, ഇത്തരം താരതമ്യങ്ങൾ ശരിയല്ലെന്നും ചിലർ വാദിക്കുന്നു. എന്നാൽ ഭൂരിഭാഗം സ്ത്രീകളും കൃതികയുടെ വാക്കുകൾ ശരിവെക്കുകയും, തങ്ങൾക്ക് സ്വന്തം നാടുകളിലും ഇത്തരം സ്വാതന്ത്ര്യം വേണമെന്ന് ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു. മറ്റ് രാജ്യങ്ങളിലെ സുരക്ഷിതത്വത്തെക്കുറിച്ചുള്ള ഇത്തരത്തിലുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ മുൻപും വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

 

PREV
Read more Articles on
click me!

Recommended Stories

'കാൽ കയറ്റിവയ്ക്കാനുള്ളതാണോ സീറ്റ്?'; പിന്നാലെ യാത്രക്കാരന്‍റെ മുഖത്ത് ഒറ്റയടി; ഇതാണോ പൗരബോധമെന്ന് നെറ്റിസെൻസ്
'ഇതാണ് സാറ്...'; സ്വന്തം കൈയിൽ നിന്നും 5 ലക്ഷം ചെലവഴിച്ച് വിദ്യാർത്ഥികളെ വിമാനത്തിൽ കയറ്റി അധ്യാപകൻ, വീഡിയോ