പറന്നുപറന്നുപറന്ന് ജോലിസ്ഥലത്തേക്ക്, വ്യത്യസ്തമായ യാത്രാമാർ​ഗവുമായി യുവാവ്

Published : Oct 17, 2026, 07:03 PM IST
viral video

Synopsis

കാറിലാണ് യാത്രയെങ്കിൽ എത്തിച്ചേരാൻ എടുക്കുന്ന സമയത്തേക്കാൾ അല്പം കൂടുതൽ സമയം പാരാമോട്ടറിൽ തയ്യാറെടുത്ത് പറന്നെത്താൻ എടുക്കും. എങ്കിലും, പ്രിയപ്പെട്ട പാട്ടുകൾ കേട്ടുകൊണ്ട് ആകാശ കാഴ്ചകൾ ആസ്വദിച്ച് ജോലിക്ക് പോകാനാണ് ജേക്കിന് ഏറെ ഇഷ്ടം.

ജോലിക്ക് പോകാൻ നമ്മളാരും ചിന്തിക്കാത്ത വഴി കണ്ടെത്തി കൊളറാഡോയിലെ ജേക്ക് ഹട്ട്‌ലർ എന്ന യുവാവ്. വാഹനങ്ങളെയെല്ലാം ഒഴിവാക്കി, പുറത്ത് ഒരു പ്രൊപ്പല്ലർ ഘടിപ്പിച്ച് ആകാശത്തിലൂടെ പറന്നാണ് ഇദ്ദേഹം ജോലിസ്ഥലത്ത് എത്താറുള്ളത്. കുട്ടിക്കാലം മുതലേ വിമാനങ്ങളിൽ പറക്കാൻ ഏറെ ഇഷ്ടപ്പെട്ടിരുന്ന ആളാണ് ജേക്ക്. കോളേജ് കാലത്ത് പൈലറ്റ് ലൈസൻസ് സ്വന്തമാക്കിയെങ്കിലും, ചെലവ് കൂടുതലായതിനാൽ പിന്നീട് ആ മോഹം ഉപേക്ഷിക്കേണ്ടി വന്നു.

എന്നാൽ, ഒരു യൂട്യൂബർ തന്റെ പാരാമോട്ടറുമായി മക്ഡൊണാൾഡ്സിൽ പോയി ഭക്ഷണം വാങ്ങി ആകാശത്തുവെച്ച് കഴിക്കുന്ന ഒരു വീഡിയോ കണ്ടതോടെയാണ് അദ്ദേഹത്തിന്റെ ജീവിതം വീണ്ടും മാറിമറിഞ്ഞത്. ആ ദൃശ്യങ്ങൾ തന്നെ പൂർണ്ണമായി സ്വാധീനിച്ചെന്നും തനിക്കും ഇത് ചെയ്യണമെന്ന് തോന്നി എന്നും അദ്ദേഹം പറയുന്നു.

എന്താണ് പാരാമോട്ടറിങ്?

പാരാഗ്ലൈഡറിനൊപ്പം ഒരു എൻജിനും പ്രൊപ്പല്ലറും ചേർന്നതാണ് പാരാമോട്ടർ. ഇത് പുറത്ത് ധരിച്ച്, നിലത്തുനിന്ന് ഓടിവന്ന് ആകാശത്തേക്ക് ഉയരാം. റൺവേയുടെ ആവശ്യമില്ല എന്നതാണ് ഇതിന്റെ പ്രത്യേകത. 'പാരാജെറ്റ് മാവറിക്' എൻജിനും 'ഓസോൺ സിറോക്കോ 3' വിങ്ങുമാണ് ജേക്ക് യാത്രയ്ക്കായി ഉപയോഗിക്കുന്നത്.

കൊളറാഡോയിലെ പ്യൂബ്ലോയ്ക്ക് മുകളിലൂടെയാണ് ജേക്ക് ജോലിസ്ഥലത്തേക്ക് പറക്കുന്നത്. വളരെ ചെറിയ രൂപമായതിനാൽ റഡാറുകളിൽ പെടില്ല എന്നതിനാൽ, യാത്ര തിരിക്കുന്നതിന് മുൻപ് തന്നെ ജേക്ക് ടവറിലെ സഹപ്രവർത്തകരെ വിവരം അറിയിക്കും. ആകാശത്തുകൂടി പറക്കുമ്പോൾ എവിടെയെത്തി എന്ന് കൃത്യമായി അപ്ഡേറ്റുകൾ നൽകുകയും ചെയ്യും. വിമാനത്താവളത്തിന് സമീപമെത്തുമ്പോൾ ലാൻഡ് ചെയ്യാനുള്ള അനുമതിക്കായി കാത്തുനിൽക്കുകയാണ് പതിവ്.

കാറിലാണ് യാത്രയെങ്കിൽ എത്തിച്ചേരാൻ എടുക്കുന്ന സമയത്തേക്കാൾ അല്പം കൂടുതൽ സമയം പാരാമോട്ടറിൽ തയ്യാറെടുത്ത് പറന്നെത്താൻ എടുക്കും. എങ്കിലും, പ്രിയപ്പെട്ട പാട്ടുകൾ കേട്ടുകൊണ്ട് ആകാശ കാഴ്ചകൾ ആസ്വദിച്ച് ജോലിക്ക് പോകാനാണ് ജേക്കിന് ഏറെ ഇഷ്ടം.

തന്റെ വിവാഹനിശ്ചയത്തിനായി പാരാമോട്ടർ എൻജിൻ തകരാറാണെന്ന് പറഞ്ഞ് കബളിപ്പിച്ച് അതിൽ മോതിരം വെച്ച് നൽകിയ വ്യത്യസ്തനായ ഒരു പ്രണയകഥയും ഈ എയർ ട്രാഫിക് കൺട്രോളർക്കുണ്ട്. തന്റെ മകൾക്ക് കുറച്ചുകൂടി പ്രായമായാൽ അവളെയും പറക്കലിന്റെ ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകാനുള്ള തയ്യാറെടുപ്പിലാണ് ഈ യുവാവ്.

PREV
Read more Articles on
click me!

Recommended Stories

കടലിൽ ഒഴുകിനടന്ന് ഐഫോണുകളും ആഡംബര പെർഫ്യൂമുകളും! കപ്പൽ മുങ്ങി, പിന്നാലെ ഹോർമുസ് കടലിടുക്കിൽ നിധിവേട്ടയുമായി ഇറാനിയൻ മത്സ്യത്തൊഴിലാളികൾ, വീഡിയോ
തേഡ് എസി കോച്ചിലെ ബർത്തിൽ വിശാലമായിരുന്ന് പാൻ തയ്യാറാക്കുന്ന കച്ചവടക്കാരൻ, വീഡിയോ വൈറൽ