
ഥാറിൽ റോങ് സൈഡ് ഡ്രൈവിംഗ് ചെയ്യുകയും അതിനെ കുറിച്ച് വീമ്പ് പറയുകയും ചെയ്യുന്ന ഒരു യുവാവിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. പിന്നാലെ ഇതൊരു പകർച്ചവ്യാധിയാണെന്ന് സമൂഹ മാധ്യമ ഉപയോക്താക്കൾ. ഇതൊരു തരം ഥാർ മാനസീകാവസ്ഥയാണെന്ന് റട്ടൻ ധില്ലൺ എന്ന എക്സിൽ ഉപയോക്താവാണ് കുറിച്ചത്. പിന്നാലെ നിരവധി സമൂഹ മാധ്യമ ഉപയോക്താക്കൾ അദ്ദേഹത്തെ പിന്തുണച്ച് എത്തി. റീലുകൾക്ക് വേണ്ടി പൗരബോധവും എന്തിന് ബോധം പോലും വേണ്ടെന്ന് വയ്ക്കാൻ ആളുകൾ തയ്യാറാണെന്ന് നിരവധി പേർ കുറിച്ചു. പലരും സുരക്ഷാ ആശങ്കയെ മുൻനിർത്തി വീഡിയോ ആനന്ദ് മഹീന്ദ്രയെ ടാഗ് ചെയ്തു.
സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പങ്കുവയ്ക്കപ്പെട്ട വീഡിയോയിൽ റോങ് സൈഡിലൂടെ വാഹനം ഓടിക്കുകയും അതിനെ കുറിച്ച് അഭിമാനത്തോടെ വീഡിയോയിൽ സംസാരിക്കുകയും ചെയ്യുന്ന യുവാവിനെ കാണാം. വീഡിയോയിൽ, ഒരു യുവാവ് ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നതിനെക്കുറിച്ച് വീമ്പിളക്കുന്നു. മഹീന്ദ്ര ഥാർ സ്വന്തമാക്കുന്നതിന്‍റെ ഏറ്റവും വലിയ നേട്ടം തെറ്റായ വശത്ത് വാഹനമോടിക്കുകയെന്നതാണ്. മറുവശത്ത് ഗതാഗതക്കുരുക്ക് ഉണ്ടായാൽ തെറ്റായ വശത്ത് കൂടി വാഹനമോടിക്കുക. ഒരു പ്രശ്നവുമില്ല, ആരും നിങ്ങളെ അടിക്കില്ല, ആരും നിങ്ങളെ ഡിപ്പർ കൊണ്ട് അടിക്കില്ല, ആരും നിങ്ങളോട് തെറ്റായി ഒന്നും പറയില്ല. എന്നെ വിശ്വസിക്കൂവെന്നും, ഈ ടോൾ ഗെയിമിനായി ഞങ്ങൾ 20 ലക്ഷം നൽകിയെന്നും ഇയാൾ വീഡിയോയിൽ പറയുന്നു. യുവാവ് ഡ്രൈവിംഗ് സീറ്റിലിരുന്ന് സംസാരിക്കുമ്പോൾ വാഹനം തെറ്റായ വശത്ത് കൂടി മുന്നോട്ട് നിങ്ങൂന്നു. വൺവേയിലൂടെ എതിരെ വരുന്ന കാറുകളും, ബസും ബൈക്കുകളും അടക്കമുള്ള വാഹനങ്ങൾ പെട്ടെന്ന് മുന്നിലൊരു ഥാറിനെ കണ്ട് വഴി മാറിപ്പോകുന്നതും വീഡിയോയിൽ കാണാം.
വീഡിയോ പങ്കുവച്ച് കൊണ്ട് രൂക്ഷമായ ഭാഷയിലാണ് റട്ടൻ ധില്ലൺ കുറിപ്പെഴുതിയത്. ഇതൊരു തരം പകർച്ചവ്യാധിയാണെന്നും കൊവിഡിന് ശേഷം റോഡുകൾ കീഴടക്കിയെന്നും അദ്ദേഹം കുറിച്ചു. ഒരു വാഹനം വാങ്ങുന്നത് എങ്ങനെയാണ് സാമാന്യ ബുദ്ധിയെ ഇല്ലാതാക്കുമെന്ന് ചോദിച്ച അദ്ദേഹം ഇത്തരം മാനസികാവസ്ഥ ഭ്രാന്തിനും അപ്പുറമാണെന്നും ചൂണ്ടിക്കാട്ടി. ഒരു വാഹനം വാങ്ങുന്നതിലൂടെ മനഃശാസ്ത്രപരമായ സ്വിച്ച് തിരിയുന്നുവെന്ന് ആർക്കെങ്കിലും മനസ്സിലാക്കാൻ കഴിഞ്ഞാൽ അവർക്ക് താൻ ഓരാഴ്ചത്തെ അവധിക്കാലം സ്പോണ്‍സർ ചെയ്യാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തരം പകർച്ചവ്യാധികൾ വേഗത്തിൽ പടരുമെന്നും അതിനാൽ ഈ വാഹനം സുഹൃത്തുക്കൾ വാങ്ങാതിരിക്കാൻ ശ്രദ്ധിക്കണമെന്നും അദ്ദേഹം എക്സിൽ എഴുതി. റട്ടൻറെ കുറിപ്പ് പെട്ടെന്ന് തന്നെ വൈറലായി. സമാനമായ നിരവധി അനുഭവങ്ങൾ, പ്രത്യേകിച്ചും ഥാർ ഉടമസ്ഥരുടെ കൊള്ളരുതായ്മകൾ കൊണ്ട് കമന്‍റുകൾ നിറഞ്ഞു. നിരവധി പേർ മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്രയെ വീഡിയോ ടാഗ് ചെയ്തു. റോഡിൽ ഥാർ കണ്ടാൽ വഴി തിരിച്ച് വിടാൻ ഡ്രൈവർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മറ്റ് ചിലർ എഴുതി.