കൂനൂർ റെയിൽവേ സ്റ്റേഷൻ സഞ്ചാരികള്‍ക്കായി ഒരുക്കുന്ന മനോഹരമായ താമസസ്ഥലമാണ് വൈറലാകുന്നത്. യുനെസ്കോ പൈതൃക പട്ടികയിലുള്ള നീലഗിരി മൗണ്ടൻ റെയിൽവേയുടെ ഭാഗമായ ഈ സ്റ്റേഷനിലെ പഴയ റിട്ടയറിംഗ് റൂമുകൾ കുറഞ്ഞ നിരക്കിൽ സഞ്ചാരികൾക്കായി നവീകരിച്ചിരിക്കയാണ്.

ട്രെയിൻ വരാനായി റെയിൽവേ സ്റ്റേഷനിലെ ബെഞ്ചുകളിൽ കാത്തിരിക്കുകയും, അല്ലെങ്കിൽ ബാഗ് തലയിണയാക്കി ഉറങ്ങുകയും ചെയ്യുന്ന പഴയ രീതികളൊക്കെ ഇനി മറന്നേക്കൂ. തമിഴ്‌നാട്ടിലെ നീലഗിരി കുന്നുകൾക്കിടയിലുള്ള കൂനൂർ റെയിൽവേ സ്റ്റേഷൻ ഇപ്പോൾ സഞ്ചാരികൾക്ക് നൽകുന്നത് ഒരു രാജകീയ അനുഭവമാണ്. യുനെസ്കോ പൈതൃക പട്ടികയിലുള്ള നീലഗിരി മൗണ്ടൻ റെയിൽവേയുടെ ഭാഗമായ ഈ സ്റ്റേഷനുള്ളിലെ താമസസൗകര്യം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

19-ാം നൂറ്റാണ്ടിലെ ബ്രിട്ടീഷ് കൊളോണിയൽ വാസ്തുവിദ്യ നിലനിർത്തിക്കൊണ്ടാണ് കൂനൂർ സ്റ്റേഷൻ നിർമ്മിച്ചിരിക്കുന്നത്. വുഡ് പാനൽ ചെയ്ത വെയിറ്റിംഗ് റൂമുകളും പഴയകാല റെയിൽവേ യാർഡും ഇവിടുത്തെ പ്രത്യേകതയാണ്. സ്റ്റേഷനിലെ പഴയ റിട്ടയറിംഗ് റൂമുകൾ പുതുക്കിപ്പണിതാണ് സഞ്ചാരികൾക്കായി അത്യാധുനിക സൗകര്യങ്ങളോടു കൂടിയ മുറികളാക്കി മാറ്റിയിരിക്കുന്നത്. ആഡംബരത്തേക്കാൾ ഉപരിയായി, വളരെ വൃത്തിയുള്ളതും സുഖകരവുമായ താമസമാണ് ഇവിടെ ലഭിക്കുന്നത്.

വൈകുന്നേരം 4 മണിക്ക് അവസാന ട്രെയിനും പോയിക്കഴിഞ്ഞാൽ സ്റ്റേഷൻ പൂർണ്ണമായും നിശബ്ദമാകും. നഗരങ്ങളിലെ ശബ്ദമലിനീകരണമില്ലാതെ, മലനിരകളിലെ തണുത്ത കാറ്റും ഏകാന്തതയും ആസ്വദിക്കാൻ ഈ താമസം സഹായിക്കും. രാവിലെ 7 മണിക്കുള്ള ട്രെയിനിൽ യാത്ര ചെയ്യേണ്ടവർക്ക് സ്റ്റേഷനിൽ തന്നെ താമസിക്കുന്നത് വഴി രാവിലെത്തെ തിരക്കുകൾ ഒഴിവാക്കാം.

ഈ സൗകര്യം എല്ലാവർക്കും ലഭ്യമാകില്ല. അതിന് കൂനൂരിലേക്ക് വരുന്നതോ അല്ലെങ്കിൽ അവിടെ നിന്ന് പുറപ്പെടുന്നതോ ആയ കൺഫേം ടിക്കറ്റ് ഉണ്ടായിരിക്കണം. ബുക്കിംഗിനായി 10 അക്ക പി.എൻ.ആർ നമ്പർ നിർബന്ധമാണ്. വെയ്റ്റ്‌ലിസ്റ്റ് ടിക്കറ്റുകൾക്ക് ഓൺലൈൻ ബുക്കിംഗ് സാധ്യമല്ല. കുറഞ്ഞത് 3 മണിക്കൂർ മുതൽ പരമാവധി 48 മണിക്കൂർ വരെ താമസിക്കാം. ചെക്ക്-ഇൻ സമയത്ത് ആധാർ കാർഡോ മറ്റ് സർക്കാർ തിരിച്ചറിയൽ രേഖകളോ ബുക്കിംഗ് രസീതോ ഹാജരാക്കണം. നീലഗിരിയിലെ മറ്റ് ഹോട്ടലുകളെ അപേക്ഷിച്ച് വളരെ കുറഞ്ഞ നിരക്കിലാണ് ഇവിടെ മുറികൾ ലഭിക്കുന്നത്. മുറികളുടെ ഗ്രേഡ് അനുസരിച്ച് 12 മണിക്കൂറിന് ഏകദേശം 100 രൂപ മുതൽ 800 രൂപ വരെയാണ് നിരക്ക് . 24 മണിക്കൂറിന് 1500 രൂപ വരെയാകാം. ഡോർമിറ്ററി ബെഡുകൾക്ക് 12 മണിക്കൂറിന് 50 രൂപ മുതൽ 300 രൂപ വരെയേ ആകൂ. മുറികൾക്ക് 20 രൂപയും ഡോർമിറ്ററിക്ക് 10 രൂപയും ഐ ആർ സി ടി സി സർവ്വീസ് ചാർജ് ഈടാക്കും.

View post on Instagram

നീലഗിരി ടോയ് ട്രെയിനിന് വൻ തിരക്കുള്ളതിനാൽ യാത്രയ്ക്ക് 1 മുതൽ 2 മാസം മുൻപെങ്കിലും ടിക്കറ്റും മുറികളും ബുക്ക് ചെയ്യേണ്ടതാണ്. ട്രെയിൻ ടിക്കറ്റ് ക്യാൻസൽ ചെയ്താൽ റൂം ബുക്കിംഗും ഓട്ടോമാറ്റിക്കായി റദ്ദാക്കപ്പെടും. യാത്രകളിൽ ആഡംബരത്തേക്കാൾ ഉപരിയായി വേറിട്ട അനുഭവങ്ങൾ തേടുന്നവർക്ക് കൂനൂർ റെയിൽവേ സ്റ്റേഷനിലെ ഈ താമസം ഒരു അത്ഭുതമായിരിക്കും.