
ജീവിതത്തിലെ ചില നിമിഷങ്ങൾ നമുക്ക് അവിസ്മരണീയമായ ഓർമ്മകൾ സമ്മാനിക്കുന്നതായിരിക്കും. അത്തരത്തിൽ അവിസ്മരണീയമായ ഒരു കാഴ്ചയ്ക്ക് ദക്ഷിണാഫ്രിക്കയിലെ ക്രൂഗർ നാഷണൽ പാർക്കിൽ സന്ദർശനത്തിന് എത്തിയ ഒരു കൂട്ടം സഫാരി സഞ്ചാരികൾ സാക്ഷിയായി. ഒരു സീബ്ര കുഞ്ഞ് ജനിച്ചു വീഴുന്നതിന്‍റെ അപൂര്‍വ്വ ദൃശ്യങ്ങളാണ് ഇവർക്ക് നേരിൽ കാണാനായത്. സഫാരി ഗ്രൂപ്പിലെ അംഗമായ ആമി ഡിപ്പോൾഡ് അവിശ്വസനീയമായ ആ ദൃശ്യം ക്യാമറയിൽ പകർത്തി സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചതോടെ ലോകം മുഴുവൻ അവിസ്മരണീയമായ ആ കാഴ്ചയ്ക്ക് സാക്ഷികളായി. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.
യാത്രക്കിടയിൽ ഒരു ജിറാഫിനെ കണ്ട സഫാരി സംഘം ആവേശഭരിതരാകുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. എന്നാൽ പെട്ടെന്ന് തന്നെ അവരുടെ ശ്രദ്ധ ജിറാഫിന് തൊട്ട് സമീപത്തായ നിൽക്കുന്ന ഏതാനും സീബ്രകളിലേക്ക് മാറുന്നു. സീബ്ര പ്രസവിക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് മനസിലായ ആമി ഡിപ്പോൾഡ് ജിറാഫിനോട് റോഡില്‍ നിന്ന് മാറാന്‍ ആവശ്യപ്പെടുകയും സീബ്രയ്ക്ക് അടുത്തേക്ക് വാഹനം ഓടിക്കുകയും ചെയ്യുന്നു.
ഈ സമയം ഗർഭിണിയായ സീബ്ര തന്‍റെ പ്രസവസമയം ആയതിനെ തുടർന്ന് നിലത്തേക്ക് കിടക്കുന്നു. സഫാരി സംഘം ആകാംക്ഷയോടെ നിശബ്ദരായി ആ കാഴ്ചയ്ക്ക് സാക്ഷികളായി. പ്രസവ വേദനയാൽ പുളഞ്ഞ സീബ്രയുടെ വയറ്റിൽ നിന്നും പതിയെ ഒരു കുഞ്ഞു സീബ്ര പുറത്തേക്ക് വന്നു. ആദ്യം തലയും പിന്നാലെ മുന്‍കാലുകളും ഉടലും പിന്നാലെ പിന്‍ കാലും പുറത്തെത്തി. കുഞ്ഞു പുറത്തുവന്നതോടെ സന്തോഷഭരിതയായ സീബ്ര തന്‍റെ കുഞ്ഞിനെ നക്കി സ്നേഹം പ്രകടിപ്പിക്കുന്നത് കാണാം. പിന്നെ അമ്മയ്ക്ക് അരികിൽ പതിയെ എഴുന്നേറ്റ് നിൽക്കാനായി കുഞ്ഞു സീബ്ര ശ്രമിക്കുന്നു. രണ്ട് തവണ ശ്രമിച്ചപ്പോഴും അത് കാലുറയ്ക്കാതെ താഴേക്ക് തന്നെ വീണു. എന്നാല്‍ അവനെ എഴുന്നേല്‍ക്കാനായി അമ്മ സ്നേഹപൂര്‍വ്വം ഒപ്പം നിന്നു.
വീഡിയോ വളരെ വേഗത്തിൽ സമൂഹ മാധ്യമങ്ങളില്‍ വൈറലായെങ്കിലും സമ്മിശ്ര പ്രതികരണമാണ് ഇതുമായി ബന്ധപ്പെട്ട് ഉപയോക്താക്കളുടെ ഭാഗത്തുനിന്നും ഉണ്ടായത്. അവിശ്വസനീയമായ ഫൂട്ടേജ് പങ്കിട്ടതിന് നിരവധി ഉപയോക്താക്കൾ ആമി ഡിപ്പോൾഡിന് നന്ദി അറിയിച്ചു. എന്നിരുന്നാലും, സീബ്രയുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും ഡോക്യുമെന്‍റേഷൻ കൂടാതെ അതിന്‍റെ സ്വാഭാവിക പ്രക്രിയയെ അവൾ മാനിക്കണമായിരുന്നു എന്നും അഭിപ്രായപ്പെട്ടവരും കുറവല്ല. അതേസമയം രണ്ട് കോടി പത്ത് ലക്ഷം പേരാണ് വീഡിയോ കണ്ടത്. പതിനാറ് ലക്ഷത്തോളം പേര്‍ വീഡിയോ ലൈക്ക് ചെയ്തു.