കനത്ത മഴയിൽ ഇരുവരും നനഞ്ഞു; ഓട്ടോ ഡ്രൈവർക്ക് ടീ ഷർട്ട് സമ്മാനിച്ച് യുവതി, വീഡിയോ വൈറൽ

Published : May 01, 2026, 03:57 PM IST
 Bengaluru auto ride

Synopsis

ബെംഗളൂരുവിൽ ഓട്ടോ യാത്രയ്ക്കിടെ മഴയിൽ നനഞ്ഞ ഡ്രൈവറുടെ അവസ്ഥ കണ്ട് യാത്രക്കാരിയായ പ്രിയങ്ക എന്ന യുവതി അദ്ദേഹത്തിന് ഒരു ടീ ഷർട്ട് സമ്മാനിച്ചു. മനുഷ്യത്വത്തിന്‍റെ ഈ ചെറിയ പ്രവൃത്തിയുടെ വീഡിയോ അവർ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചപ്പോൾ അത് വൈറലായി മാറുകയും നിരവധി പേരുടെ പ്രശംസ നേടുകയും ചെയ്തു.

 

സാധാരണക്കാരനായ ഒരു മനുഷ്യന്‍റെ ദൈന്യത കാണുമ്പോൾ കണ്ണ് കലങ്ങുന്നവരാണോ നിങ്ങൾ? എങ്കിൽ ഈ വീഡിയോ നിങ്ങളുടെ കണ്ണ് നനയ്ക്കും. ഒരു ഓട്ടോ യാത്രയ്ക്കിടെ പെയ്ത അതിശക്ത മഴയിൽ നനഞ്ഞ് കുതിർന്ന ഓട്ടോ ഡ്രൈവർക്ക് അയാളുടെ ദൈന്യത തിരിച്ചറിഞ്ഞ യാത്രക്കാരിയായ യുവതി തന്‍റെ ടീ ഷർട്ടുകളിലൊന്ന് അയാൾക്ക് സമ്മാനിച്ചു. ആ യാത്രയും സമ്മാനവും അവർ വീഡിയോയായി പങ്കുവച്ചപ്പോൾ നിരവധി പേരാണ് അഭിനന്ദനവുമായി എത്തിയത്.

മഴയിൽ നനഞ്ഞ് വിറച്ച് ഒരു യാത്ര

ബെംഗളൂരു സ്വദേശിനിയാ പ്രിയങ്ക, ജെ പി നഗറിൽ നിന്ന് കോറമംഗലയിലേക്കുള്ള തന്‍റെ യാത്രയ്ക്കിടെയുണ്ടായ അനുഭവം ഒരു വീഡിയോയായി ഇന്‍സ്റ്റാഗ്രാമിൽ പങ്കുവച്ചു. ഓട്ടോ ബുക്ക് ചെയ്തപ്പോൾ കാലാവസ്ഥ തെളിഞ്ഞതായിരുന്നു. എന്നാൽ യാത്ര തുടങ്ങിയതിന് പിന്നാലെ ചാറ്റൽ മഴ തുടങ്ങി. ആദ്യം അതൊരു സുഖകരമായ അനുഭവമായിരുന്നെങ്കിലും മഴ കനത്തതോടെ സംഗതി മാറി. ഓട്ടോയ്ക്ക് സൈഡ് കവറുകൾ ഉണ്ടായിരുന്നില്ല. അതിനാൽ തന്നെ ഇരുവരും നന്നായി നനഞ്ഞു. തന്‍റെ ഓട്ടോയിൽ കയറിയ യാത്രക്കാരി നനയുന്നതിൽ ഡ്രൈവർ പലപ്പോഴും അസ്വസ്ഥനായി. അയാൾ അത് പ്രിയങ്കയോട് പലവുരു പറഞ്ഞു. എന്നാൽ വീട്ടിലേക്കുള്ള യാത്രയായതിനാൽ എത്തിയ ഉടനെ വസ്ത്രം മാറാമെന്നതിനാൽ തനിക്ക് ആ നനച്ചിൽ ഒരു പ്രശ്നമായി തോന്നിയില്ലെന്ന് പ്രിയങ്ക പറയുന്നു. പക്ഷേ. ഡ്രൈവറുടെ അനുഭവം അങ്ങനെയായിരുന്നില്ല. അയാൾക്ക് ആ യാത്ര കഴിഞ്ഞ് മാറ്റിയിടാൻ ഒന്നുമുണ്ടായിരുന്നില്ല. മാത്രമല്ല, അയാൾ നന്നായി തണുക്കുന്നുമുണ്ടായിരുന്നു. എന്നിട്ടും അയാൾ തന്നെ സുരക്ഷിതമായി വീട്ടിലെത്തിച്ചു.

 

 

ചെറിയൊരു സഹായം, വലിയ സന്തോഷം

ഡ്രൈവറുടെ അവസ്ഥ കണ്ട് വികാരാധീനയായ പ്രിയങ്ക അദ്ദേഹത്തോട് കാത്തിരിക്കാൻ ആവശ്യപ്പെട്ടു. പിന്നാലെ വീട്ടിൽ നിന്നും ഒരു ടീ ഷർട്ട് കൊണ്ടുവന്ന് അദ്ദേഹത്തിന് സമ്മാനിച്ചു. ആ സമ്മാനം വാങ്ങിക്കൊണ്ട് നന്ദി പറയുന്ന അയാളുടെ മുഖം കാഴ്ചക്കാരന്‍റെ മനസിലുടക്കും. മനുഷ്യത്വം എന്നത് ഒരാളുടെ അസ്വസ്ഥതകൾ ശ്രദ്ധിക്കുകയും അവർക്ക് കഴിയുന്നത്ര സഹായം നൽകുകയും ചെയ്യുന്നതിലാണ് അടങ്ങിയിരിക്കുന്നതെന്ന് പ്രിയങ്ക കൂട്ടിച്ചേർക്കുന്നു. മറ്റുള്ളവരുടെ അഭിനന്ദനത്തിന് വേണ്ടിയല്ല താൻ ഈ അനുഭവം പങ്കുവച്ചതെന്നും അത്തരം ചെറിയ സഹായങ്ങൾ പോലും ഒരു സന്തോഷം നൽകുമെന്ന് ഓർമ്മിപ്പിക്കുന്നതിനാണെന്ന് അവർ കൂട്ടിച്ചേർക്കുന്നു. വീഡിയോ ഏതാണ്ട് അരലക്ഷത്തോളം പേരാണ് ലൈക്ക് ചെയ്തത്. നിരവധി പേർ പ്രിയങ്കയെ അഭിനന്ദിക്കാനെത്തി. മനുഷ്യർ ദയ കാണിക്കുമ്പോൾ എനിക്ക് അത് ഇഷ്ടമാണെന്നായിരുന്നു ഒരു കാഴ്ചക്കാരൻ കുറിച്ചത്.

 

PREV
Read more Articles on
click me!

Recommended Stories

'അണ്ണാൻ പോലും കലിപ്പിൽ'; 20 പേരെ കടിച്ച് പരിക്കേൽപ്പിച്ചു, സംഭവം രാജസ്ഥാൻ സർവകലാശാലയിൽ, വീഡിയോ
'ഹോർമൂസിൽ കുടുങ്ങിയ കപ്പലുകളെ പോലെ...'; നോയിഡ മെട്രോയിലെ തിരക്കിന്‍റെ വീഡിയോ; സർക്കാർ എന്താണ് ചെയ്യുന്നതെന്ന് നെറ്റിസെൺസ്