
സ്ത്രീകൾക്ക് മാത്രമായി വനിതാ ഡ്രൈവർമാർ നടത്തുന്ന ടാക്സി സർവീസിനെ പ്രശംസിക്കുന്ന യുവതിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ. 24/7 ലഭ്യതയുള്ള, ജിപിഎസ് സംവിധാനനമുള്ള, കാമറ അടക്കമുള്ള സുരക്ഷാ സവിശേഷതകളോടെ സ്ത്രീകൾക്ക് മാത്രമുള്ള കാബ് സർവീസ് ഗുരുഗ്രാമിലാണ് ലഭിക്കുക. ഇന്ത്യയിലെ മറ്റ് നഗരങ്ങളിലേക്കും ഈ സർവ്വീസ് ലഭ്യമാക്കണമെന്നും യുവതി തന്‍റെ വീഡിയോയിലൂടെ ആവശ്യപ്പെട്ടു. വീഡിയോ വൈറലായതിന് പിന്നാലെ സമൂഹ മാധ്യമ ഉപയോക്താക്കളും പിന്തുണയുമായെത്തി.
സ്ത്രീകൾക്ക് വേണ്ടി സ്ത്രീകൾ തന്നെ ഓടിക്കുന്ന ക്യാബ് കണ്ടെത്തിയ സന്തോഷം മറച്ച് വയ്ക്കാതെ സംസാരിച്ച് കൊണ്ടാണ് യുവതി തന്‍റെ വീഡിയോ തുടങ്ങുന്നത്. പിന്നാലെ ക്യാബിന് അടുത്തെത്തി അവർ വനിതാ ഡ്രൈവറോട് കാര്യങ്ങൾ തിരക്കുന്നു. അത്തരമൊരു സേവനം കാണുന്ന ഓരോ സ്ത്രീക്കും തൽക്ഷണം ആശ്വാസവും ആത്മവിശ്വാസവും അനുഭവപ്പെടുമെന്നും യുവതി അഭിപ്രായപ്പെട്ടു. ഇത്തരമൊന്ന് പ്രധാന നാഴികക്കല്ലാണെന്ന് വിശേഷിപ്പിച്ച അവർ, പ്രത്യേകിച്ചും സ്ത്രീ സുരക്ഷ ഏറ്റവും അപകടരമായ ഇക്കാലത്ത് സ്ത്രീകൾക്ക് മാത്രമുള്ള ക്യാബിനും ഒരു വനിതാ ഡ്രൈവറും ഉണ്ടായിരിക്കേണ്ടതിന്‍റെ പ്രാധാന്യത്തെ കുറിച്ച് എടുത്തു പറഞ്ഞു.
രാത്രിയും പുലർച്ചെയും വ്യത്യാസമില്ലാത്തെ ഏത് സമയത്തും സ്ത്രീകൾക്ക് സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്ന സേവനം എല്ലാ ദിവസവും 24 മണിക്കൂറും ലഭ്യമാണെന്ന് ഡ്രൈവർ സ്ഥിരീകരിച്ചു. സുരക്ഷയ്ക്കായി ജിപിഎസ് ട്രാക്കിംഗ്, ഇൻ-കാർ ക്യാമറകൾ, സെൻട്രൽ മോണിറ്ററിംഗ് സിസ്റ്റവുമായുള്ള തുടർച്ചയായ കണക്റ്റിവിറ്റി എന്നിവയുൾപ്പെടെ ഒന്നിലധികം സുരക്ഷാ സംവിധാനങ്ങൾ ക്യാബിലുണ്ട്. ഇത് യാത്രക്കാർക്ക് പരമാവധി സുരക്ഷ നൽകുന്നു. പക്ഷേ, ഈ സേവനം സ്ത്രീകൾക്ക് മാത്രമാണ്. അതേസമയം രാജ്യമെമ്പാടും സേവനം ലഭിക്കും. ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ സ്ത്രീകൾക്ക് മാത്രമുള്ള ഇത്തരം കാബുകൾ ഇപ്പോൾ തന്നെ ലഭ്യമാണ്. കൂടുതൽ വിപുലീകരിക്കാനുള്ള പദ്ധതികളുണ്ടെന്നും ഡ്രൈവർ വെളിപ്പെടുത്തി. ക്യാബുകൾ മാത്രമല്ല, സ്കൂട്ടർ സേവനവും ലഭ്യമാണ്. സ്ത്ര ശാക്തീകരണവും സുരക്ഷാ സംവിധാനങ്ങളുമുള്ള ഈ പൊതുഗതാഗത സംവിധാനത്തെ സമൂഹ മാധ്യമ ഉപയോക്താക്കളും പ്രശംസിച്ചു. നിലവിൽ പരിമിതമായ നഗരങ്ങളിൽ ഇത് ലഭ്യമാണെന്നും രാജ്യത്തെ കൂടുതൽ പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കണെന്നും നിരവധി പേർ ആവശ്യപ്പെട്ടു.