
കാനഡയിലെ ഒന്‍റാറിയോയിലുള്ള ഒരു യുവതി തന്‍റെ പൂച്ചക്കുട്ടിയുടെ അവിശ്വസനീയമായ മാറ്റം സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ചപ്പോൾ അത് ലോകമെമ്പാടുമുള്ള ആളുകളെ അത്ഭുതപ്പെടുത്തി. ഒരു സാധാരണ വലിപ്പമുള്ള പൂച്ചയായിരിക്കുമെന്ന് കരുതിയാണ് അവർ 'സ്പ്രൗട്ട്' (Sprout) എന്ന് പേരിട്ട ഈ സൈബീരിയൻ പൂച്ചയെ ദത്തെടുക്കുന്നത്. എന്നാൽ, സ്പ്രൗട്ടിന്‍റെ വളർച്ച ഉടമസ്ഥയുടെ എല്ലാ കണക്കുകൂട്ടലുകളെയും തെറ്റിക്കുന്നതായിരുന്നു.
കാനഡയിലെ ഒന്‍റാറിയോയിൽ നിന്നുള്ള 29-കാരിയായ കാർലി തോമസ് ആണ് തന്‍റെ പ്രിയപ്പെട്ട പൂച്ചയായ സ്പ്രൗട്ടിന്‍റെ മാറ്റം കണ്ട് അതിശയിച്ചിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ വളർത്തുമൃഗങ്ങളെയും ജീവിതശൈലിയെയും കുറിച്ചുള്ള വിഡിയോകൾ പങ്കുവെക്കാറുള്ള കാർലിയുടെ പുതിയ വീഡിയോ ഇപ്പോൾ തരംഗമായിരിക്കുകയാണ്. @hercozycrew എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് സ്പ്രൗട്ടിന്‍റെ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
2025 മെയ് മാസത്തിൽ സ്പ്രൗട്ടിനെ വീട്ടിലേക്ക് കൊണ്ടുവരുമ്പോൾ വെറും 1.5 പൗണ്ട് (ഏകദേശം 600 ഗ്രാം) മാത്രമായിരുന്നു അവന്‍റെ ഭാരം. എന്നാൽ 2026 ജനുവരി ആയപ്പോഴേക്കും അവൻ 11 പൗണ്ട് (ഏതാണ്ട് അഞ്ച് കിലോ) ഭാരമുള്ള ഒരു വലിയ പൂച്ചയായി മാറിക്കഴിഞ്ഞു. വരാനിരിക്കുന്ന ഫെബ്രുവരി 14-ന് സ്പ്രൗട്ട് തന്‍റെ ഒന്നാം ജന്മദിനം ആഘോഷിക്കാൻ ഒരുങ്ങുകയാണ്. സൈബീരിയൻ വർഗ്ഗത്തിൽപ്പെട്ട പൂച്ചകൾ സാധാരണയായി വളരെ പതുക്കെയാണ് വളരുന്നത്. ഏകദേശം മൂന്ന് വർഷത്തോളം സമയമെടുത്താണ് ഇവ പൂർണ്ണ വലിപ്പമെത്തുന്നത്. അതുകൊണ്ട് തന്നെ സ്പ്രൗട്ട് ഇനിയും വളരാൻ സാധ്യതയുണ്ടെന്നതാണ് ഏറ്റവും രസകരമായ കാര്യം.
"ഞാൻ വീട്ടിലേക്ക് കൊണ്ടുവന്നത് ഒരു പൂച്ചക്കുട്ടിയെയാണോ അതോ ഒരു നായക്കുട്ടിയെയാണോ?" എന്നാണ് കാർലി അത്ഭുതത്തോടെ ചോദിക്കുന്നത്. സ്പ്രൗട്ടിനെ ആദ്യമായി കൈയ്യിലെടുത്ത നിമിഷങ്ങളെ അവർ ഏറെ സ്നേഹത്തോടെ ഓർക്കുന്നു. "അവൻ കുഞ്ഞും സുന്ദരനുമായ ഒരു വാവയായിരുന്നു. ഇപ്പോഴും അവൻ വലിയ ക്യൂട്ട് തന്നെയാണ്," കാർലി പറയുന്നു.
നീലക്കണ്ണുകളുള്ള ഒരു പഞ്ഞിക്കെട്ടുപോലെ വീട്ടിലെത്തിയ സ്പ്രൗട്ട്, ഇന്ന് ആ വീടിന്‍റെ വലിപ്പമുള്ള കാവൽക്കാരനായി മാറിയിരിക്കുകയാണ്. ഈ കുഞ്ഞൻ വലിയവനായി മാറിയ കഥ സമൂഹ മാധ്യമങ്ങളും ഏറ്റെടുത്തു. റഷ്യയിൽ നിന്നുള്ള നീളമുള്ള രോമങ്ങളുള്ള ഒരു പ്രത്യേക ഇനമാണ് സൈബീരിയൻ പൂച്ചകൾ. സാധാരണയായി 8 മുതൽ 18 പൗണ്ട് വരെ ഭാരവും 17 മുതൽ 25 ഇഞ്ച് വരെ ഉയരവുമാണ് ഇവയ്ക്കുണ്ടാകാറുള്ളത്. കരുത്തുറ്റ ശരീരപ്രകൃതിയുള്ളവരാണെങ്കിലും, ഇവ വളരെ സൗഹാർദ്ദപരമായ പെരുമാറ്റമുള്ളവരും ഏത് സാഹചര്യത്തോടും പെട്ടെന്ന് പൊരുത്തപ്പെടുന്നവരുമാണ്.