'ഹെൽമെറ്റ് ഇല്ലാത്തതിന് അനിയന് 6,000 രൂപയുടെ പിഴ, പക്ഷേ വനിതാ എസ്പിക്ക് ഹെൽമെറ്റ് വേണ്ട'; ബീഹാറിൽ രണ്ട് നിയമമെന്ന് യുവാവ്, വീഡിയോ വൈറൽ

Published : May 30, 2026, 02:33 PM IST
without helmet

Synopsis

ബീഹാറിൽ ഹെൽമെറ്റില്ലാതെ സ്കൂട്ടറോടിച്ച വനിതാ പോലീസ് ഇൻസ്പെക്ടറുടെ വീഡിയോ വൈറലായി. ഇതേ കുറ്റത്തിന് സാധാരണക്കാരന് 6,000 രൂപ പിഴയിട്ടപ്പോൾ നിയമം എല്ലാവർക്കും ഒരുപോലെയാണോയെന്ന ചോദ്യം സോഷ്യൽ മീഡിയയിൽ ഉയർന്നു. നിയമപാലകർ തന്നെ നിയമം ലംഘിക്കുന്നതിനെതിരെ രൂക്ഷമായ വിമർശനമാണ് ഉയരുന്നത്.

 

രാജ്യത്തെ സാധാരണ ജനം തികച്ചും അസ്വസ്ഥരാണ്. രൂക്ഷമായ തൊഴിൽ ഇല്ലായ്മയും രൂക്ഷമായ പണപ്പെരുപ്പവും ഇന്ധന വിലയും ജനത്തിന്‍റെ നട്ടെല്ലൊടിക്കുന്നു. ഇതിനിടെയാണ് ട്രാഫിക് പിഴവിന് അമിത പിഴ ഈടാക്കുന്നത് പോലുള്ള നടപടികൾ. ഇതേസമയം സർക്കാർ ഉദ്യോഗസ്ഥർ പ്രത്യേകിച്ചും പോലീസ് ട്രാഫിക് നിയമങ്ങൾ കാറ്റിൽ പറത്തി പറന്ന് പോകുമ്പോൾ, ഇവിടെ ഒരേ കുറ്റത്തിന് രണ്ട് നിയമമുണ്ടോയെന്ന ചോദ്യം ജനം ഉയർത്തുന്നതും സ്വാഭാവികം. സമാനമായൊരു കുറിപ്പ് സമൂഹ മാധ്യമ ഉപയോക്താക്കളുടെ രോഷപ്രകടനത്തിന് കാരണമായി.

'നിയമം ബാധകമല്ലാത്ത പോലീസ് ഉദ്യോഗസ്ഥർ'

ബീഹാറിലെ മധുബാനിയിൽ നിന്നുള്ള ഒരു വനിതാ പോലീസ് ഇൻസ്പെക്ടർ ഹെൽമെറ്റ് ഇല്ലാതെ, മറ്റൊരാളെ പിന്നിലിരുത്തി സ്കൂട്ടർ ഓടിക്കുന്ന വീഡിയോ പങ്കുവച്ച് കൊണ്ട് യുവാവ് എഴുതിയ കുറിപ്പാണ് പ്രതിഷേധത്തിന് കാരണമായത്. തന്‍റെ അനിയൻ ഹെൽമെറ്റ് ഇല്ലാതെ ബൈക്ക് ഓടിച്ചതിന് 6,000 രൂപയാണ് പിഴ ഈടാക്കിയത്. ഇവിടെ രണ്ട് നക്ഷത്ര ചിഹ്നമുള്ള പോലീസ് ഉദ്യോഗസ്ഥ (ഇൻസ്പെക്ടർ ) ഹെൽമെറ്റ് ഇല്ലാതെ മറ്റൊരാളെ പുറകിൽ ഇരുത്തിക്കൊണ്ട് പോകുന്നുവെന്നാണ് യുവാവ് എക്സിൽ വീഡിയോ പങ്കുവച്ച് കൊണ്ട് കുറിച്ചത്. റോഡ് സുരക്ഷാ നിയമങ്ങൾ സാധാരണക്കാർക്ക് മാത്രമേ ബാധകമാവുകയോള്ളോ എന്ന് നിരവധി പേരാണ് ചോദിച്ചത്. ഉദ്യോഗസ്ഥരുടെ ഇരട്ടത്താപ്പ് നിർത്താൻ അവ‍ർക്ക് ഇരട്ടി പിഴ നൽകണമെന്നും നിരവധി പേർ ആവശ്യപ്പെട്ടു.

 

 

പ്രതികരിക്കാതെ ബീഹാർ പോലീസ്

പല പ്രതികരണങ്ങളും രൂക്ഷമായ ഭാഷയിൽ ഉദ്യോഗസ്ഥരെ വിമ‍ർശിച്ചു. സർക്കാർ ഉദ്യോഗസ്ഥർക്ക്, പ്രത്യേകിച്ച് പോലീസിന് പാലിക്കാൻ പറ്റാത്ത നിയമങ്ങൾ എന്തിനാണ് സാധാരണ ജനത്തിന്‍റെ മേൽ അടിച്ചേൽപ്പിക്കുന്നതെന്നായിരുന്നു പലരുടെയും ചോദ്യം. ആദ്യം ഉദ്യോഗസ്ഥർ മാതൃക കാണിക്കട്ടെ എന്നിട്ടാകാം ജനത്തിനെ പിഴിയുന്നതെന്ന് ചിലർ കുറിച്ചു. 'നിയമം സംരക്ഷിക്കേണ്ടവർക്ക് ലംഘിക്കാനുള്ളതാണ് നിയമ'മെന്നായിരുന്നു ഒരു കാഴ്ചക്കാരൻറെ പരിഹാസം. ‌വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ, നീതി, ഉത്തരവാദിത്തം, ഗതാഗത അച്ചടക്കം, നിയമപാലനം എന്നിവയെക്കുറിച്ചുള്ള ചർച്ചകൾ ശക്തമായി. വ്യക്തിയുടെ സ്ഥാനമോ പദവിയോ പരിഗണിക്കാതെ ഗതാഗത നിയമങ്ങൾ ഒരേപോലെ നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് ചിലർ ആവശ്യപ്പെട്ടു. അതേസമയം വൈറൽ വീഡിയോയിൽ ബീഹാർ പോലീസ് ഇതുവരെ മറുപടിയൊന്നും പറഞ്ഞിട്ടില്ല.

 

PREV
Read more Articles on
click me!

Recommended Stories

ഇന്ധനം ലാഭിക്കണമെന്ന് പ്രധാനമന്ത്രി, 53 ലക്ഷം രൂപയുടെ ആഡംബര ബൈക്കിൽ ഹെൽമറ്റില്ലാതെ യാത്ര ചെയ്ത് ബംഗാൾ മന്ത്രി, വീഡിയോ പിന്നാലെ വിമർശനം
ട്രെയിനിൽ വച്ച് എഴ് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ 'ഇടിച്ച് കൂട്ടി' യാത്രക്കാർ, വീഡിയോ വൈറൽ