അമേരിക്കയിലെ മേരിലാൻഡിൽ ഒരു വളർത്തുനായ അബദ്ധത്തിൽ ടോസ്റ്റർ പ്രവർത്തിപ്പിച്ചത് വലിയ തീപിടിത്തത്തിന് കാരണമായി. ഈ അപകടത്തിൽ മറ്റ് മൂന്ന് വളർത്തുമൃഗങ്ങൾ കൊല്ലപ്പെടുകയും വീടിന് ഏകദേശം 1.7 കോടി രൂപയുടെ നാശനഷ്ടം സംഭവിക്കുകയും ചെയ്തു. സുരക്ഷാ ക്യാമറ ദൃശ്യങ്ങളാണ് അപകടകാരണം വളർത്തുനായയാണെന്ന് സ്ഥിരീകരിക്കാൻ സഹായിച്ചത്.

മേരിക്കയിലെ മേരിലാൻഡ് സംസ്ഥാനത്ത് അപൂർവമായ ഒരു അപകടം ഏറെ ജനശ്രദ്ധ നേടി. വീട്ടിൽ ആരുമില്ലാത്ത സമയത്ത് കുടുംബത്തിന്‍റെ വളർത്തുനായ അബദ്ധത്തിൽ ടോസ്റ്റർ പ്രവർത്തിപ്പിക്കുകയും അതിൽ നിന്നും ഉയർന്ന് തീയിൽ മറ്റ് മൂന്ന് വളർത്ത് മൃഗങ്ങൾ വെന്തു മരിക്കുകയും വീട് കത്തിയമരുകയും ചെയ്തു. വീടിന് ഏകദേശം 2 ലക്ഷം ഡോളർ (ഏകദേശം 1.7 കോടി രൂപ) വിലമതിക്കുന്ന നാശനഷ്ടവും സംഭവിച്ചതായി അധികൃതർ അറിയിച്ചു. സുരക്ഷാ ക്യാമറയിലെ ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് അപകടത്തിന് പിന്നിൽ വളർത്ത് നായയാണെന്ന് വ്യക്തമായത്.

ഒറ്റനില വീട്ടിലെ അസാധാരണ തീ പിടിത്തം

മേരിലാൻഡിലെ ബെൽക്യാമ്പ് പ്രദേശത്തെ ഒരു ഒറ്റനില വീട്ടിലാണ് സംഭവം. വീട്ടുടമസ്ഥർ പുറത്തുപോയ സമയത്താണ് അപകടമുണ്ടായത്. അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിച്ച സുരക്ഷാ ക്യാമറയിലെ ദൃശ്യങ്ങളിൽ, 'ബോ' എന്ന പേരുള്ള വളർത്തുനായ അടുക്കളയിലെ കൗണ്ടറിലേക്ക് ചാടിക്കയറി അവിടെയുണ്ടായിരുന്ന ടോസ്റ്റർ അബദ്ധത്തിൽ പ്രവർത്തിപ്പിക്കുന്നത് കണ്ടെത്തി. ടോസ്റ്റർ അമിതമായി ചൂടായതോടെ സമീപത്ത് ഉണ്ടായിരുന്ന കത്തിപ്പിടിക്കാവുന്ന വസ്തുക്കൾക്ക് തീ പടരുകയും പിന്നീട് തീ വീടിന്‍റെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിക്കുകയുമായിരുന്നു.'

Scroll to load tweet…

ഒരു നായയും രണ്ട് പൂച്ചകളും വെന്തുമരിച്ചു

വിവരം ലഭിച്ചതിനെ തുടർന്ന് അഗ്നിശമനസേന സ്ഥലത്തെത്തി ഏകദേശം 20 മിനിറ്റിനുള്ളിൽ തീ നിയന്ത്രണവിധേയമാക്കി. എന്നാൽ, അതിനകം വീടിന്‍റെ വലിയൊരു ഭാഗം കത്തിനശിച്ചിരുന്നു. തീപിടിത്ത സമയത്ത് വീട്ടിൽ ആളുകൾ ഇല്ലാതിരുന്നതിനാൽ മനുഷ്യർക്കാർക്കും പരിക്കേറ്റില്ല. സമീപവാസികൾ സമയോചിതമായി ഇടപെട്ട് 'ബോ'യെയും മറ്റൊരു നായയെയും സുരക്ഷിതമായി രക്ഷപ്പെടുത്തി. എന്നാൽ, മറ്റൊരു വളർത്ത് നായയും രണ്ട് പൂച്ചകളും തീയിൽ കുടുങ്ങി ചത്തതായി അധികൃതർ അറിയിച്ചു. വീട്ടിലുണ്ടായിരുന്ന 'യോഡ' എന്ന താടിയുള്ള ഡ്രാഗൺ ഇനത്തിൽപ്പെട്ട വളർത്തുജീവിയെ പിന്നീട് ജീവനോടെ കണ്ടെത്തി ചികിത്സയ്ക്കായി മാറ്റി.

അന്വേഷണത്തിന് ശേഷം തീപിടിത്തം പൂർണമായും ആകസ്മികമാണെന്ന് മേരിലാൻഡ് സ്റ്റേറ്റ് ഫയർ മാർഷലിന്‍റെ ഓഫീസ് സ്ഥിരീകരിച്ചു. സംഭവത്തിൽ ദുരുദ്ദേശപരമായ ഇടപെടലോ മനഃപൂർവമായ അശ്രദ്ധയോ കണ്ടെത്തിയിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. വീടിന്‍റെ ഘടനയ്ക്ക് ഏകദേശം 1.5 ലക്ഷം ഡോളറിന്‍റെയും വീട്ടുപകരണങ്ങൾക്ക് 50,000 ഡോളറിന്‍റെയും നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക കണക്ക്. സംഭവത്തിന് പിന്നാലെ അഗ്നിസുരക്ഷാ വിദഗ്ധർ വളർത്തുമൃഗങ്ങളുള്ള വീടുകളിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് നിർദേശിച്ചു.