
മധ്യപ്രദേശിലെ ജബാൽപൂരിൽ ഒരു കൂട്ടം ആളുകൾ രാത്രിയിൽ യുവതിയുടെ വീട് ആക്രമിച്ചു. കല്ലും വടികളുമായെത്തിയ അക്രമി സംഘം യുവതിയുടെ വീട് അക്രമിക്കുകയും ജനൽ ചില്ലുകൾ എറിഞ്ഞ് തകർക്കുകയും ചെയ്തു. പിന്നാലെ സംഘം വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾ തല്ലിത്തകർത്തെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. ജനുവരി ഏഴാം തിയതിയായിരുന്നു സംഭവം. അക്രമണത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഇതിന് പിന്നാലെ അക്രമികൾക്കെതിരെ ശക്തമായ നടപടി വേണമെന്ന് സമൂഹ മാധ്യമ ഉപയോക്താക്കൾ ആവശ്യപ്പെട്ടു.
വീടിന്‍റെ രണ്ടാം നിലയിൽ നിന്നും ചിത്രീകരിച്ച വീഡിയോയിൽ ഒരു കൂട്ടം യുവാക്കൾ വീടിന് നേർക്ക് വലിയ കല്ലുകൾ വലിച്ചെറിയുന്നത് കാണാം. ഒരു കൂട്ടം യുവാക്കൾ തെരുവിൽ നിന്നും തുടർച്ചയായി വീടിന് നേർക്ക് വലിയ കല്ലുകൾ വലിച്ചെറിയുകയും ആക്രോശിക്കുകയും ചെയ്യുന്നു. വീഡിയോ വീടിന്‍റെ മറുഭാഗത്തേക്ക് മാറുമ്പോൾ അവിടെ നിന്നും യുവാക്കൾ കല്ലെറിയുന്നതും കാണാം.
രാത്രിയോടെ കൂടി അക്രമം നടക്കുമ്പോൾ മറ്റുള്ളവർ അക്രമികൾക്കിടയിലൂടെ നടന്ന് പോകുന്നത് കാണാമെങ്കിലും ആരും തന്നെ പ്രതികരിക്കാൻ തയ്യാറാകുന്നില്ല. അതേസമയം ആളുകൾ ബഹളം വയ്ക്കുന്ന ശബ്ദം വീഡിയോയിൽ കേൾക്കാം. അല്പം നേരം കഴിഞ്ഞ് സംഘം ഒരു വീടിന്‍റെ വാതിൽ ഇരുമ്പ് കമ്പി ഉപയോഗിച്ച് തകർക്കുന്നു. പിന്നാലെ തൊട്ടടുത്ത വീടിന്‍റെ വാതിലും സംഘം തകർക്കാൻ ശ്രമിക്കുന്നു. ഇതിനിടെ സംഘത്തിലെ ഒരാൾ വന്ന് മറ്റുള്ളവരെ വിളിച്ചു കൊണ്ട് പോകുന്നതും വീഡിയോയിൽ കാണാം.
മുന്‍വൈരാഗ്യത്തിന്‍റെ പേരിലാണ് സംഘം അക്രമണം നടത്തിയതെന്നും സംഭവം നടക്കുമ്പോൾ വീട്ടുകാർ വീട്ടിലുണ്ടായിരുന്നതായി പിന്നീട് പോലീസ് അറിയിച്ചു. എന്നാൽ, എന്തായിരുന്നു പ്രശ്ന കാരണമെന്ന് പോലീസ് വ്യക്തമാക്കിയില്ല. പ്രദേശത്തെ നിരവധി വാഹനങ്ങൾ അക്രമിച്ചെന്നും അക്രമി സംഘം പ്രദേശത്ത് താമസിക്കുന്നവരോട് അവിടം വിട്ടു പോകാൻ ആവശ്യപ്പെട്ടെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. പരാതിയെ തുടർന്ന് അക്രമി സംഘത്തിലെ ഹർഷിദ് ജാട്ട്, ദീപാംശു ജാട്ട്, ശുദാംശു ജാട്ട് എന്നിവർക്കെതിരെ ബെൽഗാം പോലീസ് ഭാരതീയ ന്യായ സംഹിത വകുപ്പ് പ്രകാരം കേസെടുത്തു.