മാർവാഡി വരനെ ഞെട്ടിച്ചുകൊണ്ട് രാജസ്ഥാനി നൃത്തം ചെയ്യുന്ന ഒരു ഡച്ച് വധുവിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പൂക്കളുമായി നടന്നുവന്ന വധു, വരനടക്കമുള്ളവരെ അമ്പരപ്പിച്ചുകൊണ്ട് തനി രാജസ്ഥാനി ശൈലിയിൽ നൃത്തം ചെയ്യുകയായിരുന്നു. 

പ്രണയത്തിന് യാതൊരു അതിർവരമ്പുകളും ഇല്ല എന്ന് പറയാറുണ്ട്. അതുപോലെ, ഇപ്പോൾ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ വിവാഹിതരാവുന്നത് ഒരു പുതിയ കാര്യമല്ലാതായി മാറിയിരിക്കയാണ്. അത്തരത്തിലുള്ള വിവാഹങ്ങളുടെ മനോഹരങ്ങളായ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അതുപോലെ ഒരു വീഡിയോയാണ് ഇതും. മാർവാഡി വരനെ ഞെട്ടിക്കാൻ രാജസ്ഥാനി നൃത്തവുമായി എത്തിയ ഒരു ഡച്ച് വധുവിന്റേതാണ് പ്രസ്തുത വീഡിയോ.

Add Asianetnews as a Preferred SourcegooglePreferred

'റിച്വൽസ് ടു റീൽസ്' എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് ഈ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. ഡച്ച് യുവതിയാണ് തന്റെ ഇന്ത്യൻ വരന് വേണ്ടി ഇത്തരത്തിൽ ഒരു സർപ്രൈസ് ഒരുക്കിയത്. വരന്റെ അടുത്തേക്ക് പൂക്കൾ വിതറി നടന്നുവരുന്ന വധുവിനെ വീഡിയോയിൽ കാണാം. എന്നാൽ, പെട്ടെന്ന് തന്നെ വരനടക്കം പലരേയും അമ്പരപ്പിച്ചുകൊണ്ട് വധു തനി രാജസ്ഥാൻ ശൈലിയിൽ നൃത്തം വയ്ക്കുകയായിരുന്നു.

ആത്മവിശ്വാസത്തോടെയും നിറഞ്ഞ പുഞ്ചിരിയോടെയുമാണ് വധുവിന്റെ നൃത്തമെന്നും വീഡിയോയിൽ കാണാം. പിന്നാലെ, തന്റെ വരനെയും അവൾ നൃത്തം ചെയ്യാനായി ക്ഷണിക്കുന്നത് കാണാം. വളരെ പെട്ടെന്നാണ് വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടത്. മറ്റൊരു സംസ്‌കാരത്തെയും അവിടുത്തെ രീതികളുമെല്ലാം ഇത്രത്തോളം ബഹുമാനത്തോടെ ഉൾക്കൊണ്ട വധുവിനെ പലരും സോഷ്യൽ മീഡിയയിൽ അഭിനന്ദിച്ചു. 'സ്നേഹമുള്ളവർക്ക് മാത്രമേ ഇങ്ങനെയൊക്കെ ചെയ്യാൻ കഴിയൂ', 'ഇതാണ് ഏറ്റവും ക്യൂട്ട് ആയ കാര്യം' തുടങ്ങിയ കമന്റുകളാണ് ആളുകൾ വീഡിയോയ്ക്ക് നൽകുന്നത്.

View post on Instagram

നേരത്തെയും ഇതുപോലെ വിവിധ രാജ്യങ്ങളിൽ നിന്നും സംസ്കാരങ്ങളിൽ നിന്നുമുള്ളവർ വിവാഹിതരാകുമ്പോഴുള്ള മനോഹരമായ കാഴ്ചകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. സ്നേഹത്തിനും പ്രണയത്തിനും യാതൊരു അതിർവരമ്പുകളും ബാധകമല്ല എന്ന് തെളിയിക്കുന്ന അത്തരം വീഡിയോകളും നെറ്റിസൺസ് ഏറ്റെടുത്തിട്ടുണ്ട്.