ഇന്ത്യക്കാരുടെ പെരുമാറ്റം ലജ്ജിപ്പിച്ചു; കനേഡിയൻ വിമാനത്താവളത്തിലെ അനുഭവം പറഞ്ഞ് യുവതി

Published : Sep 18, 2026, 04:21 PM IST
viral video

Synopsis

‘ഇത് നമ്മൾ ഓരോ ഇന്ത്യക്കാരും, പ്രത്യേകിച്ച് വിദേശത്തേക്ക് യാത്ര ചെയ്യുന്നവരും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ്. അവിടത്തെ നാട്ടുകാർ ഞങ്ങളെ നോക്കുന്നത് കണ്ട് കടുത്ത ലജ്ജ തോന്നി.’

യാത്രാവേളകളിൽ സിവിക് സെൻസോടെ പെരുമാറേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓർമ്മിപ്പിച്ചുകൊണ്ട് ഒരു യുവതി പങ്കുവച്ച വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. സാങ്കേതിക തകരാറിനെ തുടർന്ന് കനേഡിയൻ വിമാനത്താവളത്തിൽ ഇറങ്ങേണ്ടി വന്ന വിമാനത്തിലെ ചില ഇന്ത്യൻ യാത്രക്കാരുടെ പെരുമാറ്റമാണ് കടുത്ത വിമർശനത്തിന് ഇടയാക്കിയത്. മഹി വില്യംസൺ (@mark.maahi) എന്ന ഇന്ത്യൻ യുവതിയാണ് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ഈ ദുരനുഭവം പങ്കുവെച്ചത്.

ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്ക് യാത്ര ചെയ്യുകയായിരുന്ന വിമാനത്തിന് സാങ്കേതിക തകരാർ കാരണം കാനഡയിൽ അടിയന്തരമായി ഇറങ്ങേണ്ടി വരികയായിരുന്നു. വിമാനത്താവളത്തിൽ മൂന്നോ നാലോ മണിക്കൂർ കാത്തിരിക്കേണ്ടി വന്ന യാത്രക്കാരിൽ ഭൂരിഭാഗവും ഇന്ത്യക്കാരായിരുന്നു. ആ സമയത്ത് ചിപ്സ് കവറുകൾ, കുടിവെള്ളത്തിന്റെ കുപ്പികൾ, മറ്റ് അവശിഷ്ടങ്ങൾ എന്നിവ ഉപയോഗിച്ച ശേഷം പലരും അവിടെയുള്ള ഡസ്റ്റ്ബിനിൽ കളയുന്നതിന് പകരം നിലത്തിടുകയായിരുന്നു. കുട്ടികൾ വെള്ളം ഒഴിച്ചും ലഘുഭക്ഷണങ്ങൾ നിലത്തിട്ടും അവിടമാകെ വൃത്തിഹീനമാക്കി.

താൻ അനുഭവിച്ച മാനസിക ബുദ്ധിമുട്ടുകളെക്കുറിച്ചും മഹി വീഡിയോയിൽ പറയുന്നുണ്ട്. 'ഇത് നമ്മൾ ഓരോ ഇന്ത്യക്കാരും, പ്രത്യേകിച്ച് വിദേശത്തേക്ക് യാത്ര ചെയ്യുന്നവരും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ്. അവിടത്തെ നാട്ടുകാർ ഞങ്ങളെ നോക്കുന്നത് കണ്ട് കടുത്ത ലജ്ജ തോന്നി. ഒരു സമൂഹമെന്ന നിലയിൽ വിദേശ രാജ്യങ്ങളിൽ എത്തുമ്പോൾ നമ്മൾ നമ്മുടെ രാജ്യത്തിന്റെ പ്രതിനിധികളാണ്. മറ്റുള്ളവർക്ക് നമ്മളെയും നമ്മുടെ രാജ്യത്തെയും കുറിച്ച് മോശം അഭിപ്രായം ഉണ്ടാക്കാൻ ഇത്തരം പ്രവൃത്തികൾ ഇടയാക്കരുത്.'

നിരവധിപ്പേരാണ് ഈ സിവിക് സെൻസില്ലാത്ത പെരുമാറ്റത്തെ വിമർശിച്ചുകൊണ്ട് കമന്റുകൾ നൽകിയിരിക്കുന്നത്. 'സിവിക് സെൻസ് എല്ലായ്പ്പോഴും നമ്മോടൊപ്പമുണ്ടാകണം', 'പൊതുസ്ഥലങ്ങൾ വൃത്തിയായി സൂക്ഷിക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണ്' എന്നിങ്ങനെ നിരവധി പേരാണ് മഹിയുടെ നിലപാടിനെ അനുകൂലിച്ച് കമന്റുകൾ രേഖപ്പെടുത്തിയത്.

PREV
Read more Articles on
click me!

Recommended Stories

22,000 ശമ്പളമുള്ള സ്വകാര്യ മേഖലയിലെ ജോലി ഉപേക്ഷിച്ച് സർക്കാർ ജോലിയ്ക്ക്; ഇന്ന് മാസം 1.56 ലക്ഷം! വിജയരഹസ്യം പങ്കുവെച്ച് യുവതി, വീഡിയോ
അമേരിക്കൻ സുഖസൗകര്യങ്ങൾ ഉപേക്ഷിച്ച് ബീഹാറിലെ ഗ്രാമീണ ജീവിതം തെരഞ്ഞെടുത്ത് യുവതി, വീഡിയോ വൈറൽ