അമേരിക്കയിലെ ആധുനിക സൗകര്യങ്ങൾ ഉപേക്ഷിച്ച് ബിഹാറിലെ ഗ്രാമീണ ജീവിതം തെരഞ്ഞെടുത്തിരിക്കുകയാണ് ഹോപ്പ് എന്ന അമേരിക്കൻ വനിത. ബിഹാർ സ്വദേശിയായ അഭിഷേക് സിംഗിനെ വിവാഹം കഴിച്ച ഇവർ തൻ്റെ പുതിയ ജീവിതവിശേഷങ്ങൾ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെക്കുന്നു. ലളിതവും സ്നേഹം നിറഞ്ഞതുമായ ഈ ഗ്രാമീണ ജീവിതമാണ് താൻ ആഗ്രഹിച്ചതെന്ന് ഹോപ്പ് പറയുന്നു.

മേരിക്കയിലെ സൗകര്യങ്ങൾ ഉപേക്ഷിച്ച് ബീഹാറിലെ ഒരു കൊച്ചുഗ്രാമത്തിന്‍റെ ദൈനംദിന ജീവിത താളത്തിലേക്ക് മാറി ശ്രദ്ധനേടുകയാണ് അറ്റ്‌ലാന്‍റയിൽ വളർന്ന ഹോപ്പ് എന്ന അമേരിക്കൻ വനിത. ബിഹാർ സ്വദേശിയായ അഭിഷേക് സിംഗിനെ വിവാഹം കഴിച്ചതിനെത്തുടർന്നാണ് ഹോപ്പ് തന്‍റെ ജീവിതം ഇന്ത്യയിലേക്ക് മാറ്റിയത്. ഭർത്താവിനും മകനുമൊപ്പം കഴിഞ്ഞ ആറ് മാസമായി ബീഹാറിലെ ഗ്രാമത്തിൽ താമസിക്കുന്ന ഇവർ, തന്‍റെ വേറിട്ട ജീവിതം ഇൻസ്റ്റാഗ്രാം റീൽസിലൂടെ നിരന്തരം പങ്കുവെക്കുന്നുണ്ട്.

യുഎസിൽ നിന്നും ഇന്ത്യയിലേക്ക്

മികച്ച ജീവിത സൗകര്യങ്ങൾ തേടി ഇന്ത്യയിൽനിന്ന് യുഎസിലേക്ക് ആളുകൾ കുടിയേറുന്ന സാധാരണ കാഴ്ചയിൽനിന്ന് വ്യത്യസ്തമായി, നേരെ തിരിച്ചൊരു യാത്ര തെരഞ്ഞെടുത്തു എന്നതാണ് ഹോപ്പിന്‍റെ കഥയെ കൂടുതൽ ശ്രദ്ധേയമാക്കുന്നത്. 2023 -ലായിരുന്നു അഭിഷേക് സിംഗുമായുള്ള ഇവരുടെ വിവാഹം. ഒരു പ്ലാസ്റ്റിക് ടബ്ബിൽ കൈകൊണ്ട് തുണി അലക്കുന്നതും, തറയിലിരുന്ന് പാത്രങ്ങൾ കഴുകുന്നതും, പരമ്പരാഗത അടുപ്പിൽ ഭക്ഷണം പാകം ചെയ്യുന്നതും മുതൽ തനിക്ക് മുൻപ് അപരിചിതമായിരുന്ന എല്ലാ വീട്ടുജോലികളും ഹോപ്പ് സന്തോഷത്തോടെ ചെയ്യുന്നു. സാരിയും കുർത്തയും ധരിച്ചുള്ള വസ്ത്രധാരണവും സിന്ദൂരം ചാർത്തുന്ന വീഡിയോകളും സോഷ്യൽ മീഡിയയിൽ വലിയ സ്വീകാര്യതയാണ് നേടുന്നത്. തനിമയാർന്ന ഇന്ത്യൻ വിഭവങ്ങളായ സമോസ ചാട്ട്, പാവ് ഭാജി, റൊട്ടി എന്നിവ ഉണ്ടാക്കുന്നതും പ്രാദേശിക ഭാഷ സംസാരിക്കാൻ ശ്രമിക്കുന്നതും ഇവരുടെ സോഷ്യൽ മീഡിയ പേജുകളിൽ കാണാം.

View post on Instagram
 

എനിക്കിഷ്ടം ഗ്രാമീണ ജീവിതം

ഈ അത്ഭുതകരമായ സാംസ്കാരിക മാറ്റം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നത്. "വളരെ സൗകര്യപ്രദമായ ജീവിതം ഉപേക്ഷിച്ച് ഇത്തരം സാധാരണ ചുറ്റുപാടുകളിലേക്ക് വരാൻ വിദേശികളെ പ്രേരിപ്പിക്കുന്നത് യഥാർത്ഥ പ്രണയമാണോ അതോ ആത്മീയ അന്വേഷണമാണോ" എന്ന് ചില ഉപയോക്താക്കൾ സംശയം പ്രകടിപ്പിച്ചപ്പോൾ, "ഒരു ഗ്രാമത്തിൽ ജീവിക്കുന്നതിൽ എന്താണ് തെറ്റ്, അത് സന്തോഷകരമായ അനുഭവമാണ്" എന്ന് മറ്റു ചിലർ കുറിച്ചു. സംസ്കാരത്തെ മനോഹരമായി നെഞ്ചിലേറ്റിയ ഹോപ്പിനെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്. എല്ലാവിധ ആധുനിക സൗകര്യങ്ങളുമുള്ള അമേരിക്കൻ ജീവിതത്തേക്കാൾ ലളിതവും, സ്നേഹവും കൂട്ടായ്മയും നിറഞ്ഞ ഈ ഗ്രാമീണ ജീവിതമാണ് താൻ ആഗ്രഹിച്ചതെന്നാണ് വിമർശനങ്ങൾക്കുള്ള മറുപടിയായി ഹോപ്പ് വ്യക്തമാക്കുന്നത്.