
സ്വകാര്യ സ്ഥാപനത്തിലെ കടുത്ത ജോലിഭാരവും മാസം 22,000 രൂപ മാത്രം ലഭിച്ചിരുന്ന കുറഞ്ഞ ശമ്പളവും ഉപേക്ഷിച്ച്, ലക്ഷങ്ങൾ സമ്പാദിക്കുന്ന തന്‍റെ പുതിയ ജീവിതവഴികളെക്കുറിച്ച് വെളിപ്പെടുത്തി ദില്ലി സ്വദേശിയായ മാൻസി. സർക്കാർ ജീവനക്കാരി എന്ന നിലയിലും പാർട്ട് ടൈം കണ്ടന്‍റ് ക്രിയേറ്റർ എന്ന നിലയിലും കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ തനിക്ക് ആകെ ലഭിച്ച വരുമാനം 1.56 ലക്ഷം രൂപയാണെന്ന് ഇവർ സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി. ഇൻസ്റ്റാഗ്രാമിൽ @_misshka എന്ന ഹാൻഡ്‌ലിലൂടെയാണ് മാൻസി തന്‍റെ വരുമാനക്കണക്കുകളും അനുഭവങ്ങളും പങ്കുവെച്ചുള്ള വീഡിയോ പോസ്റ്റ് ചെയ്തത്.
മാൻസിയുടെ പ്രധാന വരുമാന മാർഗ്ഗം പ്രതിമാസം 90,000 രൂപ ശമ്പളം ലഭിക്കുന്ന ഫുൾ ടൈം സർക്കാർ ജോലിയാണ്. ഏത് വകുപ്പിലാണ് ജോലി ചെയ്യുന്നതെന്ന് ഇവർ വ്യക്തമാക്കിയിട്ടില്ല. ഓഗസ്റ്റിൽ പിയേഴ്സ്, ഇന്ദേ വൈൽഡ് ഉൾപ്പെടെ അഞ്ച് പ്രമുഖ ബ്രാൻഡുകളുമായി കൊളാബറേഷൻ നടത്തി. ഒരു കൊളാബറേഷനിൽ നിന്ന് 9,000 മുതൽ 15,000 രൂപ വരെ എന്ന തോതിൽ ആകെ 66,000 രൂപ ഇൻഫ്ലുവൻസിംഗിലൂടെ സ്വന്തമാക്കി. സർക്കാർ ശമ്പളവും ബ്രാൻഡ് വരുമാനവും ചേർത്ത് ഓഗസ്റ്റിൽ ലഭിച്ചത് 1.56 ലക്ഷം രൂപയെന്ന് മാൻസി വെളിപ്പെടുത്തുന്നു.
"മുൻപ് ജോലി ചെയ്തിരുന്ന സ്വകാര്യ സ്ഥാപനത്തിൽ കഠിനമായ ജോലിഭാരം അനുഭവിക്കേണ്ടി വന്നിരുന്നു. എന്നാൽ അന്ന് കൈയ്യിൽ കിട്ടിയിരുന്നത് വെറും 22,000 രൂപ മാത്രമായിരുന്നു," വീഡിയോയിൽ അടിക്കുറിപ്പായി മാൻസി കുറിച്ചു. തിരിഞ്ഞുനോക്കുമ്പോൾ താൻ ഏറെ മുന്നേറിയതായി മനസ്സിലാക്കുന്നുവെന്നും എന്നാൽ ഇതൊരു തുടക്കം മാത്രമാണെന്നും മാൻസി കൂട്ടിച്ചേർത്തു. വരും വർഷങ്ങളിലും കൂടുതൽ കഠിനാധ്വാനം ചെയ്യാനും ഉയർന്ന നേട്ടങ്ങൾ സ്വന്തമാക്കാനും ആഗ്രഹിക്കുന്നതായി വ്യക്തമാക്കി ഒപ്പം നിന്ന എല്ലാവർക്കും അവർ തന്‍റെ വീഡിയോയിലൂടെ നന്ദി അറിയിച്ചു.