
വിവാഹദിവസങ്ങളിലെ പല മുഹൂർത്തങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അതുപോലെ ഒരു വധുവിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടു കൊണ്ടിരിക്കുന്നത്. ആഭരണങ്ങളും വസ്ത്രങ്ങളുമണിഞ്ഞ് പൂർണമായും വധുവിന്റെ വേഷത്തിൽ കാറിനുള്ളിൽ ഇരിക്കുകയാണ് യുവതി എന്ന് വീഡിയോയിൽ കാണാം. വിവാഹത്തിരക്കുകൾക്കിടയിലും അവൾ തന്റെ ഫോണിൽ കാര്യമായി എന്തോ ചെയ്യുകയാണ്. അത് മറ്റൊന്നുമല്ല, ജോലിക്ക് അപേക്ഷിക്കാനായി ഇമെയിൽ അയക്കുന്ന തിരക്കിലാണ് വധു. 'വിവാഹദിവസവും ജോലിക്ക് അപേക്ഷിക്കുന്നു... പ്രയോറിറ്റി എന്തിനാണെന്ന് വ്യക്തമാണല്ലോ' (Applying for job even on wedding day.. priorities straight) എന്ന ക്യാപ്ഷനോടെയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്.
'ദുൽഹൻ മോഡ് ഓൺ, ഹസിൽ മോഡ് നെവർ ഓഫ്' എന്നും വധു കുറിച്ചിട്ടുണ്ട്. വളരെ പെട്ടെന്നാണ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. അനേകങ്ങളാണ് വീഡിയോയ്ക്ക് കമന്റ് നൽകിയിരിക്കുന്നത്. 'ഇത് രസകരമായ കാഴ്ചയാണ്' എന്ന് ഒരാൾ കുറിച്ചപ്പോൾ, 'ആ യുവതി എന്നെപ്പോലെ തന്നെയുണ്ട്' എന്നായിരുന്നു മറ്റൊരു കമന്റ്. ഇന്നത്തെ കാലത്ത് പലരും തങ്ങളുടെ കരിയറിന് നൽകുന്ന പ്രാധാന്യമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും ആളുകൾ വീഡിയോയ്ക്ക് താഴെ അഭിപ്രായപ്പെട്ടു. കരിയറും വ്യക്തിജീവിതവും ഒരുപോലെ കൊണ്ടുപോകാൻ യുവാക്കൾ നടത്തുന്ന ശ്രമങ്ങളെയും ഈ വീഡിയോ അടയാളപ്പെടുത്തുന്നു എന്ന കാര്യത്തിൽ തർക്കമില്ല.
അതേസമയം തന്നെ സ്വന്തം വിവാഹദിനത്തിൽ പോലും തന്റെ കരിയറിനും ഭാവി ജീവിതത്തിനും വേണ്ടുന്ന പ്രാധാന്യം നൽകുന്ന യുവതിക്ക് വിവാഹജീവിതത്തിലും അല്ലാതെയും ആളുകൾ ആശംസകൾ അറിയിച്ചിരിക്കുന്നതായും കാണാം. എന്തൊക്കെ പറഞ്ഞാലും കരിയറില്‍ നോ കോംപ്രമൈസ് എന്ന് പറയുന്ന ഇഷ്ടം പോലെ യുവതികള്‍ ഇന്നുണ്ട് എന്ന് കാണിക്കുന്നതാണ് ഈ വീഡിയോ.