ഗുജറാത്തിൽ 'സ്വയം ഇളകുന്ന കിണർ വെള്ളം', കാരണം കണ്ടെത്താൻ ജില്ലാ ഭരണകൂടം, വീഡിയോ

Published : Aug 07, 2026, 10:45 AM IST
mysterious well in Gujarat

Synopsis

ഗുജറാത്തിലെ മോർബിയിലെ ഒരു കിണറ്റിലെ വെള്ളം ബാഹ്യ ഇടപെടലുകളില്ലാതെ സ്വയം ഇളകിമറിയുന്നത് നാട്ടുകാരിൽ അത്ഭുതവും ഭയവും സൃഷ്ടിക്കുന്നു. മുൻപും സമാനമായ പ്രതിഭാസമുണ്ടായ ഈ കിണറ്റിലെ ചലനത്തിന് പിന്നിലെ കാരണം കണ്ടെത്താൻ ശാസ്ത്രീയ പഠനങ്ങൾ ആവശ്യമാണെന്ന് വിദഗ്ദ്ധർ പറയുന്നു.

ഗുജറാത്തിലെ മോർബി ജില്ലയിലെ വിർപാർദ ഗ്രാമത്തിലെ ഒരു കിണർ വീണ്ടും വാർത്താ പ്രാധാന്യം നേടുകയാണ്. യാതൊരു ബാഹ്യ ഇടപെടലും ഇല്ലാതെ കിണറിലെ വെള്ളം സ്വയം ഇളകി മറിയുന്നതായി നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് സംഭവം വീണ്ടും ശ്രദ്ധ നേടിയത്. ദിവസങ്ങൾക്ക് മുമ്പും സമാനമായ പ്രതിഭാസമുണ്ടായിരുന്നെന്നും എന്നാൽ പിന്നീട് കിണർ വെള്ളത്തിന്‍റെ ചലനം നിന്നിരുന്നെന്നും നാട്ടുകാർ കൂട്ടിച്ചേർക്കുന്നു. കിണർ വെള്ളത്തിന് വീണ്ടും സമാന ചലനമുണ്ടായത് നാട്ടുകാരെ ഒരേ സമയം അമ്പരിപ്പിക്കുകയും ഭയപ്പെടുത്തുകയും ചെയ്തു.

തിരമാലകൾ പോലെ ആടിയുലഞ്ഞ് കിണറിലെ വെള്ളം

കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയോടെയാണ് കിണറിലെ വെള്ളത്തിന് അസാധാരണ ചലനം വീണ്ടും കണ്ടെത്തിയത്. വിശാലമായ പാടത്ത് നിർമ്മിച്ച കിണറിലാണ് ഈ അസാധാരണ പ്രതിഭാസം കണ്ടെത്തിയത്. ഏതാണ്ട് നിറഞ്ഞ് കിടക്കുന്ന കിണറിലെ വെള്ളം ആരോ പിടിച്ച് കുലുക്കിയ ഗ്ലാസിലെ വെള്ളം പോലെ ശക്തമായി തിരയിടിക്കുന്നത് വ്യക്തമായി കാണാം. ചില സമയങ്ങളിൽ ശക്തമായ ചലനമുണ്ടാകുമ്പോൾ കിണറിന്‍റെ അരമതിൽ കടന്നും കിണർ വെള്ളം പുറത്തേക്ക് തെറിക്കുന്നത് വീഡിയോകളിൽ കാണാം. വിവരം വളരെ പെട്ടെന്ന് തന്നെ ഗ്രാമത്തിൽ പ്രചരിച്ചു. പിന്നാലെ നിരവധി ആളുകൾ ഈ അസാധാരണ കാഴ്ച കാണാനെത്തി. കാറ്റോ മഴയോ മറ്റ് വ്യക്തമായ കാരണങ്ങളോ ഇല്ലാത്ത സാഹചര്യത്തിലും വെള്ളത്തിന്‍റെ ഉപരിതലത്തിൽ തുടർച്ചയായി തിരമാലകൾ പോലെ രൂപപ്പെടുന്നത് കാഴ്ചക്കാരെ അത്ഭുതപ്പെടുത്തി. പിന്നാലെ സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പങ്കുവയ്ക്കപ്പെടുകയും വലിയ തോതിൽ ശ്രദ്ധനേടുകയും ചെയ്തു.

 

 

 

'പഠനം വേണം, കാരണം കണ്ടെത്താൻ'

അതേസമയം ഈ പ്രത്യേക പ്രതിഭാസത്തിന്‍റെ യഥാർഥ കാരണം ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഭൂഗർഭത്തിലെ ഭൗമശാസ്ത്രപരമായ മാറ്റങ്ങളോ, അതല്ലെങ്കിൽ പ്രദേശത്തിന്‍റെ ഭൂകമ്പ സാധ്യതയുമായി ബന്ധപ്പെട്ട സ്വാഭാവിക പ്രക്രിയകളോ ഇതിന് പിന്നിലുണ്ടാകാമെന്ന നിഗമനങ്ങൾ ചിലർ മുന്നോട്ട് വച്ചെങ്കിലും ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും ലഭ്യമായിട്ടില്ല. അതിനാൽ ശാസ്ത്രീയ പരിശോധനകൾക്ക് ശേഷമേ വ്യക്തമായ ഒരു വിശദീകരണം നൽകാനാകൂവെന്ന് വിദഗ്ദർ ചൂണ്ടിക്കാണിക്കുന്നു. 

സംഭവം വൈറലായതോടെ ഇതൊരു കൗതുകമുള്ള സംഭവമാണെന്നും എന്നാൽ അത് വച്ച് അഭ്യൂഹങ്ങളോ അന്ധ വിശ്വാസങ്ങളോ പ്രചരിപ്പിക്കരുതെന്ന് അധികൃതർ അറിയിച്ചു. സംഭവത്തെ കുറിച്ച് ജില്ലാ ഭരണകൂടം ശാസ്ത്രീയ അന്വേഷണം ആരംഭിച്ചു. മഴവെള്ളം ഭൂമിക്കടിയിലേക്ക് ഇറങ്ങിച്ചെല്ലുന്നതുമൂലം അവിടെ കുടുങ്ങിക്കിടക്കുന്ന വാതകത്തിന്‍റെ മർദ്ദമായിരിക്കാം ഇതിന് കാരണമെന്ന് പ്രാഥമിക നിരീക്ഷണങ്ങൾ പറയുന്നു. എന്നാൽ, സമീപകാലത്തായി പ്രദേശത്ത് ഭൂചലനങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് സംസ്ഥാന സീസ്‌മോളജി വകുപ്പ് വ്യക്തമാക്കി, സംഭവത്തിന്‍റെ കൃത്യമായ കാരണം കണ്ടെത്തുന്നതിനായി ഗ്രൗണ്ട് വാട്ടർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സംഘം വിശദമായ പഠനം നടത്തും. കിണറിലെ അസാധാരണ ചലനത്തിന് പിന്നിലെ യഥാർഥ കാരണം കണ്ടെത്താൻ വിദഗ്ധരുടെ പരിശോധനയ്ക്കും ഔദ്യോഗിക റിപ്പോർട്ടിനും കാത്തിരിക്കുകയാണ് പ്രദേശവാസികൾ.

 

PREV
Read more Articles on
click me!

Recommended Stories

'ഇന്ത്യക്കാരനെന്ന് കേട്ടതും പോലീസിനെ വിളിച്ചു'; ജപ്പാനിലെ ഒരു കടയുടമയിൽ നിന്നുണ്ടായ അനുഭവം വിവരിച്ച് യുവാവ്, വീഡിയോ
സർക്കാർ ആശുപത്രി കെട്ടിടത്തിന്‍റെ മേൽക്കൂര തകർന്ന് വീണത് രോഗിയുടെ തലയിൽ, യുവതിക്ക് ഗുരുതര പരിക്ക്; വീഡിയോ