നഗരത്തിലെ പാർക്കിംഗ് ബുദ്ധിമുട്ടുകളെയോ കാറിനെയോ ആശ്രയിക്കാതെ ഷോപ്പിംഗ് മാളുകളിലേക്ക് നടന്നുപോകാൻ കഴിയുന്ന ലളിതമായൊരു ജീവിതസാഹചര്യമാണ് ബെംഗളൂരുവിൽ താൻ ആഗ്രഹിക്കുന്നതെന്ന് ഭരത് വ്യക്തമാക്കി.

വിദേശയാത്രയ്ക്കു ശേഷം നഗരജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് തന്നെ മാറിയ അനുഭവം പങ്കുവെച്ച് ബെംഗളൂരു സ്വദേശിയായ യുവാവ്. ദിവസവും നടക്കാൻ സാധിക്കുന്ന നല്ല നടപ്പാതകൾ പോലുള്ള ചെറിയ കാര്യങ്ങൾ എത്രത്തോളം പ്രധാനമാണെന്ന് വിദേശത്തുനിന്ന് മടങ്ങിയെത്തിയ ശേഷമാണ് മനസ്സിലായതെന്ന് ഭരത് ജെയിൻ എന്ന യുവാവ് പങ്കുവെച്ച വീഡിയോയിൽ പറയുന്നു.

നഗരത്തിലെ പാർക്കിംഗ് ബുദ്ധിമുട്ടുകളെയോ കാറിനെയോ ആശ്രയിക്കാതെ ഷോപ്പിംഗ് മാളുകളിലേക്ക് നടന്നുപോകാൻ കഴിയുന്ന ലളിതമായൊരു ജീവിതസാഹചര്യമാണ് ബെംഗളൂരുവിൽ താൻ ആഗ്രഹിക്കുന്നതെന്ന് ഭരത് വ്യക്തമാക്കി. 'സമീപകാലത്ത് നടത്തിയ വിദേശയാത്രയ്ക്കിടയിൽ രണ്ടു മൂന്ന് കിലോമീറ്റർ ദൂരം വരെ യാതൊരു ബുദ്ധിമുട്ടുമില്ലാതെ എനിക്ക് നടന്നുപോകാൻ കഴിഞ്ഞിരുന്നു. കാർ വേണോ, എവിടെ പാർക്ക് ചെയ്യണം, എങ്ങനെ തിരികെ എത്തും എന്നതിനെക്കുറിച്ചൊന്നും അവിടെ ചിന്തിക്കേണ്ടി വന്നില്ല. എപ്പോൾ വേണമെങ്കിലും സ്വതന്ത്രമായി ഇറങ്ങി നടക്കാമെന്ന അവസ്ഥ ഒരു മനുഷ്യനെന്ന നിലയിൽ ഏറെ സന്തോഷം നൽകിയ അനുഭവമായിരുന്നു' ഭരത് പറഞ്ഞു.

നടക്കാൻ അനുയോജ്യമായ തെരുവുകളും സുരക്ഷിതമായ പൊതുവിടങ്ങളും നഗരവാസികളുടെ ദൈനംദിന ജീവിതത്തെ എത്രത്തോളം പോസിറ്റീവായി സ്വാധീനിക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ഇദ്ദേഹത്തിന്റെ പോസ്റ്റ്. സോഷ്യൽ മീഡിയയിൽ വീഡിയോയ്ക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നത്. നിരവധി ആളുകളാണ് ഭരതിന്റെ അഭിപ്രായത്തെ പിന്തുണച്ച് കമന്റുകളുമായി രംഗത്തെത്തിയത്.

View post on Instagram
 

'ജീവിതത്തിലെ കൊച്ചു കൊച്ചു കാര്യങ്ങളിലാണ് നമ്മൾ യഥാർത്ഥ സന്തോഷം കണ്ടെത്തുന്നത്' എന്ന് ഒരാൾ കുറിച്ചപ്പോൾ, 'വളരെ പ്രസക്തമായ കാര്യമാണ് ഇദ്ദേഹം പറഞ്ഞിരിക്കുന്നത്' എന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം. ആളുകൾ ലളിതമായ ഇത്തരം കാര്യങ്ങൾക്ക് പ്രാധാന്യം നൽകുന്നത് കാണുന്നത് ഏറെ ആശ്വാസകരമാണെന്നും പലരും അഭിപ്രായപ്പെട്ടു.