കുടുംബ കോടതി കെട്ടിടത്തിൽ നിന്നും യുവതി താഴേക്ക്... വീണതോ ചാടിയതോ?; സിസിടിവി ദൃശ്യങ്ങൾ വൈറൽ

Published : Sep 25, 2026, 07:17 PM IST
dehradun family court woman fall

Synopsis

ഡെറാഡൂണിലെ കുടുംബകോടതി കെട്ടിടത്തിൽ നിന്ന് യുവതി താഴേക്ക് വീണ് പരിക്കേറ്റ സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ വൈറലാകുന്നു. ഭർത്താവുമായുള്ള വിവാഹമോചന കേസിനായി കോടതിയിലെത്തിയ യുവതി അബദ്ധത്തിൽ വീണതാണോ അതോ മനഃപൂർവം ചാടിയതാണോ എന്ന് പോലീസ് അന്വേഷിക്കുകയാണ്. വലതുകൈയ്ക്ക് ഒടിവേറ്റ ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.

ഡെറാഡൂണിലെ കുടുംബകോടതി കെട്ടിടത്തിൽ നിന്ന് യുവതി താഴേക്ക് വീണ് പരിക്കേറ്റ സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. ബുധനാഴ്ച നടന്ന സംഭവത്തിൽ വലതുകൈയ്ക്ക് ഒടിവേറ്റ യുവതിയെ ചികിത്സയ്ക്കായി സർക്കാർ ഡൂൺ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം യുവതി മനഃപൂർവം ചാടിയതാണോ അതോ അബദ്ധത്തിൽ വീണതാണോയെന്ന കാര്യത്തിൽ പോലീസ് ഇതുവരെ സ്ഥിരീകരണം നൽകിയിട്ടില്ലെന്ന് റിപ്പോർട്ടുകൾ പറയുന്നു.

ചാടിയതോ അതോ വീണതോ?

കോടതി വളപ്പിലെ സിസിടിവി ദൃശ്യങ്ങളിൽ യുവതി പെട്ടെന്ന് ഫ്രെയിമിലേക്ക് എത്തുന്നതും തുടർന്ന് റെയിലിങ്ങിന് സമീപത്തേക്ക് നീങ്ങുന്നതും കാണാം. പിന്നാലെ ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥയും യുവതിയുടെ അടുത്തേക്ക് എത്തുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. എന്നാൽ ഉദ്യോഗസ്ഥയ്ക്ക് ഇടപെടാൻ കഴിയുന്നതിന് മുമ്പ് യുവതി താഴേക്ക് വീഴുകയായിരുന്നു. ഈ സമയം അഭിഭാഷകരടക്കം ചിലർ നിന്നിരുന്നതിനിടേയിലേക്കാണ് യുവതി പാഞ്ഞെത്തിയതും റെയിലിങ്ങിന് മുകളിലൂടെ താഴേയ്ക്ക് വീണതും.

സംഭവത്തിന് പിന്നാലെ അഭിഭാഷകരും മറ്റ് ആളുകളും റെയിലിങ്ങിന് സമീപത്തേക്ക് ഓടിയെത്തുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. രണ്ടാമത്തെ ദൃശ്യങ്ങളിൽ യുവതി താഴെത്തെ നിലയിൽ വീണ് കിടക്കുന്നതും കാണാം. വിജയ് കോളനി, ന്യൂ കാന്‍റ് റോഡ് സ്വദേശിനിയായ യുവതി ഭർത്താവ് സഞ്ജീവ് കുമാറുമായുള്ള കുടുംബ തർക്കവുമായി ബന്ധപ്പെട്ട കേസിനായി കോടതിയിലെത്തിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഏറെക്കാലമായി കുടുംബപ്രശ്നം നേരിടുന്ന യുവതിയോട് സംഭവത്തിന് ശേഷം പോലീസ് സംസാരിക്കാൻ ശ്രമിച്ചെങ്കിലും പരിക്കുകൾ കാരണം മൊഴി നൽകാൻ കഴിഞ്ഞില്ലെന്ന് സിറ്റി എസ്പി ശേഖർ സുവാൽ അറിയിച്ചു.

വിവാഹ മോചന ഹർജിയുമായി കോടതിയിൽ

കോടതി രേഖകൾ പ്രകാരം 2019 ഒക്ടോബർ 8 -നാണ് യുവതി ഹരിയാന സ്വദേശിയെ വിവാഹം കഴിച്ചത്. പിന്നീട് വിവാഹ മോചന ഹർജി ഫയൽ ചെയ്ത ഇവർ ഭർത്താവിൽ നിന്ന് പ്രതിമാസ ജീവനാംശം ആവശ്യപ്പെട്ട് കുടുംബ കോടതിയെ സമീപിച്ചു. ഇതിനെ തുടർന്ന് മാസം 5,000 രൂപ നൽകാൻ കോടതി ഉത്തരവിട്ടിരുന്നു. 48 മാസത്തെ കുടിശ്ശികയായി 2.40 ലക്ഷം രൂപയും ബാങ്ക് അക്കൗണ്ടിലേക്ക് സ്ഥിരമായി തുകയും അടയ്ക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. അതേസമയം സംഭവത്തിന്‍റെ യഥാർഥ കാരണം അന്വേഷിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

PREV
Read more Articles on
click me!

Recommended Stories

സമ്പത്ത് കാട്ടി വീഡിയോ പങ്കുവച്ചു, പിന്നാലെ യൂട്യൂബറുടെ വീട്ടിൽ മോഷണം; 118 പവനും പണവും കവർന്നു, വീഡിയോ
'ഇന്ത്യക്കാരെ സിവിക് സെൻസ് എങ്ങനെ പഠിപ്പിക്കും?' വന്ദേ ഭാരതിൽ മാലിന്യം തള്ളി യാത്രക്കാർ, ചോദ്യവുമായി ഹർഷ് ഗോയങ്ക, വീഡിയോ