
ബെംഗളൂരുവിലെ കനത്ത ഗതാഗതക്കുരുക്കിനിടയിൽ രണ്ട് സ്ത്രീകൾ തമ്മിലുള്ള മനോഹരമായ ഒരു ചെറിയ സൗഹൃദത്തിന്റെ നിമിഷമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നത്. ട്രാഫിക് ബ്ലോക്കിൽ കുടുങ്ങിയ വനിതാ ഓട്ടോ ഡ്രൈവർക്ക് ബൈക്ക് യാത്രികയായ യുവതി ചോക്ലേറ്റ് സമ്മാനിച്ചതാണ് കാഴ്ചക്കാരുടെ മനസ്സ് കീഴടക്കിയത്.
അലിഷ അൻസാരി എന്ന യുവതിയാണ് തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ ഈ വീഡിയോ പങ്കുവെച്ചത്. ബെംഗളൂരുവിലെ തിരക്കേറിയ റോഡിൽ ബൈക്കിൽ സഞ്ചരിക്കവെയാണ് അലിഷ സമീപത്തായി ഓട്ടോറിക്ഷ ഓടിക്കുന്ന മറ്റൊരു സ്ത്രീയെ ശ്രദ്ധിക്കുന്നത്. ബൈക്കിൽ നിന്ന് ചോക്ലേറ്റ് എടുത്ത അലിഷ, അരികിലുണ്ടായിരുന്ന സ്കൂട്ടർ യാത്രക്കാരുടെ സഹായത്തോടെ അത് ഓട്ടോ ഡ്രൈവർക്ക് കൈമാറുകയായിരുന്നു. ചോക്ലേറ്റ് ലഭിച്ച സന്തോഷത്തിൽ ഓട്ടോ ഡ്രൈവർ നോക്കുന്നതും വീഡിയോയിൽ കാണാം.
കുടുംബത്തെ നോക്കാനും ജീവിക്കാനും വേണ്ടി കഠിനാധ്വാനം ചെയ്യുന്ന സ്ത്രീകളെക്കുറിച്ച് അലിഷ പിന്നീട് സംസാരിക്കുന്നതും വീഡിയോയിൽ കാണാം. 'Women ho ya men, mehnat sabki khaas hai' (സ്ത്രീയാവട്ടെ പുരുഷനാവട്ടെ, എല്ലാവരുടെയും കഠിനാധ്വാനം വിലപ്പെട്ടതാണ്) എന്ന അടിക്കുറിപ്പോടെയാണ് അലിഷ ഈ വീഡിയോ പങ്കുവെച്ചത്.
നിരവധിപ്പേരാണ് ഈ വീഡിയോ കണ്ടിരിക്കുന്നതും അതിന് കമന്റുകളുമായി എത്തിയിരിക്കുന്നതും. 'ട്രാഫിക്കിനിടയിലെ വളരെ മനോഹരമായ ഒരു നിമിഷം', 'സ്ത്രീകൾ പരസ്പരം പിന്തുണയ്ക്കുന്നത് കാണുന്നത് എപ്പോഴും മനോഹരമാണ്' എന്നിങ്ങനെ നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.
ബെംഗളൂരുവിലെ വലിയ തിരക്കിനിടയിലും പരസ്പരമുള്ള ഇത്തരം ചെറിയ കണ്ടുമുട്ടലുകളും സ്നേഹപ്രകടനങ്ങളും ആളുകളിൽ സന്തോഷം നിറയ്ക്കുന്നതാണെന്ന് സോഷ്യൽ മീഡിയയിൽ ആളുകൾ അഭിപ്രായപ്പെടുന്നുണ്ട്. ആ ഓട്ടോറിക്ഷ ഡ്രൈവറായ യുവതിയെ സംബന്ധിച്ചും അത് വളരെ മനോഹരമായൊരു അനുഭവം തന്നെ ആയിരിക്കും അല്ലേ?