
ജീവിതപങ്കാളിയെ കണ്ടെത്താൻ വേറിട്ട വഴിയുമായി രംഗത്തെത്തിയിരിക്കുകയാണ് അമേരിക്കക്കാരിയായ ആരിൻ പാറ്റേഴ്സൺ എന്ന 36 -കാരി. പരമ്പരാഗത ഡേറ്റിംഗ് രീതികൾ മടുത്തതോടെ, ഒരു 'ഗൂഗിൾ ഫോം' വഴി ഭർത്താവിനെ ആവശ്യമുണ്ടെന്ന് കാണിച്ച് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ് ഇവർ. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഈ 'ഭർതൃ അപേക്ഷ' പെട്ടെന്ന് തന്നെ തരംഗമാവുകയും, 240-ലധികം പേർ ചോദ്യാവലി പൂരിപ്പിച്ച് അപേക്ഷ സമർപ്പിച്ചെന്ന് റിപ്പോർട്ടുകൾ പറയുന്നു.
അമേരിക്കയിലെ നോർത്ത് കരോളിനയിലുള്ള ഷാർലറ്റ് സ്വദേശിയാണ് ആരിൻ. സാധാരണ ഡേറ്റിംഗ് ആപ്പുകൾ പലപ്പോഴും സമയം വെറുതെ കളയാൻ മാത്രമേ ഉപകരിക്കാറുള്ളൂവെന്നും, ഗൗരവമില്ലാത്ത ബന്ധങ്ങൾക്ക് മുതിരുന്നവരെ ആദ്യമേ ഒഴിവാക്കാനാണ് ഇത്തരമൊരു കസ്റ്റം അപേക്ഷാഫോം ഡിസൈൻ ചെയ്തതെന്നും ആരിൻ വ്യക്തമാക്കുന്നു.
"കോഫി ഡേറ്റുകൾ, ഡിന്നർ ഡേറ്റുകൾ, നല്ല സംഭാഷണങ്ങൾ എന്നിവയിൽ താല്പര്യമുള്ളതും ബന്ധങ്ങൾക്ക് പ്രാധാന്യം നൽകുന്നതുമായ സുന്ദരനും ബുദ്ധിമാനും ദയാലുവും വിശ്വസ്തനുമായ ഒരു പുരുഷനെ കണ്ടുമുട്ടാൻ ഞാൻ ആഗ്രഹിക്കുന്നു," എന്നാണ് അപേക്ഷാഫോമിന്‍റെ തുടക്കത്തിൽ ആരിൻ കുറിച്ചിരിക്കുന്നത്. ജീവിതരീതിയെയും ഭാവിയിലെ ലക്ഷ്യങ്ങളെയും കുറിച്ച് തികച്ചും പ്രായോഗികവും നേരിട്ടുള്ളതുമായ ചോദ്യങ്ങളാണ് ഫോമിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. അപേക്ഷകരുടെ കരിയറിലെ ലക്ഷ്യങ്ങൾ, ദിനചര്യകൾ, വ്യക്തിപരമായ ശീലങ്ങൾ എന്നിവയ്‌ക്കൊപ്പം വിവാഹത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ, കുടുംബജീവിതത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ എന്നിവയും ഇതിൽ ആരിൻ ചോദിച്ചറിയുന്നുണ്ട്. അപേക്ഷകർക്ക് തങ്ങളുടെ പ്രതീക്ഷകളും വിട്ടുവീഴ്ച ചെയ്യാൻ കഴിയാത്ത കാര്യങ്ങളും പങ്കുവെക്കാനുള്ള പ്രത്യേക സൗകര്യവും ഫോമിലുണ്ട്.
സോഷ്യൽ മീഡിയയിൽ ആരിന്‍റെ അപേക്ഷ വൈറലായതോടെ സമ്മിശ്രവും രസകരവുമായ പ്രതികരണങ്ങളാണ് ലഭിക്കുന്നത്. "ഇത് തീർച്ചയായും ധീരവും വ്യത്യസ്തവുമായ ഒരു നീക്കമാണ്! ഇതിന്‍റെ അന്തിമഫലം എന്തായെന്ന് ഞങ്ങളെ അറിയിക്കാൻ മറക്കരുത്," എന്ന് ഒരാൾ കുറിച്ചപ്പോൾ, "സത്യസന്ധനും സ്നേഹമുള്ളവനും കരുതലുമുള്ളവനും, നിങ്ങളെ സംരക്ഷിക്കാൻ കഴിയുന്നതുമായ ഒരു നല്ല പങ്കാളിയെ ലഭിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു," എന്നാണ് മറ്റൊരു ഉപയോക്താവ് ആശംസിച്ചത്. തങ്ങളുടെ ജീവിതത്തിലും ഈ മാതൃക പിന്തുടരുമെന്ന് ചിലർ കുറിച്ചു.