
അച്ഛനമ്മമാരുടെ സ്നേഹവും വാത്സല്ല്യവും മക്കൾ എത്ര വളർന്നാലും മാറുന്ന ഒന്നല്ല. അത് തെളിയിക്കുന്ന അനേകം കുറിപ്പുകളും വീഡിയോകളുമെല്ലാം സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടാറുണ്ട്. അതുപോലെ ഒരു പോസ്റ്റാണ് ഇപ്പോൾ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. രാത്രിയിൽ യാത്രയ്ക്കിടെ ഒരു സ്റ്റേഷനിൽ വണ്ടി നിർത്തിയിട്ടപ്പോൾ അച്ഛൻ ഭക്ഷണവുമായി എത്തിയതിന്റെ കഥയാണ് യുവതി പങ്കുവച്ചിരിക്കുന്നത്. ഡൽഹിയിൽ നിന്ന് ഉദയ്പൂരിലേക്കുള്ള യാത്രയിലായിരുന്നു ഗരിമ ലുത്ര എന്ന യുവതി. അവളുടെ ജന്മനാട് വഴിയാണ് ആ ട്രെയിൻ പോകുന്നത്. വെറും രണ്ട് മിനിറ്റ് നേരത്തേക്ക് മാത്രമാണ് ട്രെയിൻ അവിടെ നിർത്തുക. അപ്പോഴാണ് അച്ഛൻ ഗരിമയ്ക്കുള്ള ഭക്ഷണവുമായി എത്തിയത്.
രാത്രി 11 മണിക്കാണ് ട്രെയിൻ ആ സ്റ്റേഷനിൽ എത്തിയതെന്നും വീഡിയോയിൽ ഗരിമ പറയുന്നു. ആ സമയത്താണ് അച്ഛൻ ഭക്ഷണവുമായി എത്തിയത് എന്നും അവൾ പറഞ്ഞു. 'നിങ്ങളുടെ മാതാപിതാക്കൾക്ക് മാത്രമേ നിങ്ങൾക്ക് വേണ്ടി ഇങ്ങനെ ചെയ്യാൻ കഴിയൂ' എന്നാണ് അവൾ തന്റെ പോസ്റ്റിൽ പറയുന്നത്. വീഡിയോയിൽ പിന്നീട് സ്റ്റേഷനിൽ കാത്തുനിൽക്കുന്ന അവളുടെ അച്ഛനെ കാണാം. ഒരു ചെറിയ കറുത്ത ബാഗും പിടിച്ച് പുഞ്ചിരിച്ചുകൊണ്ടാണ് അദ്ദേഹം നിൽക്കുന്നത്. അദ്ദേഹത്തിന്റെ പുഞ്ചിരിയിൽ എല്ലാമുണ്ട് എന്നും ഗരിമ പറയുന്നു.
ഹൃദയസ്പർശിയായ ഈ വീഡിയോ അനേകങ്ങളാണ് കണ്ടിരിക്കുന്നത്. നിരവധിപ്പേർ വീഡിയോയ്ക്ക് കമന്റുകളും നൽകിയിട്ടുണ്ട്. അച്ഛനമ്മമാരും മക്കളും തമ്മിലുള്ള ബന്ധത്തെ കുറിച്ച് വ്യക്തമാക്കുന്നതായിരുന്നു പല കമന്റുകളും. മകളെ നോക്കുമ്പോൾ ആ അച്ഛന്റെ മുഖത്തു കാണുന്ന നിഷ്കളങ്കമായ സ്നേഹത്തെയും വാത്സല്യത്തെയും കുറിച്ചുള്ളതായിരുന്നു മറ്റ് ചില കമന്റുകൾ. 'മാതാപിതാക്കളെ കാണുമ്പോൾ അവരെ കെട്ടിപ്പിടിക്കുമ്പോൾ നമുക്ക് കിട്ടുന്ന കരുത്ത് പറഞ്ഞറിയിക്കാൻ സാധിക്കാത്തതാണ്' എന്നാണ് മറ്റൊരു കമന്റ്.