
ഗോവയിലേക്കുള്ള ഒരു വിനോദയാത്രയ്ക്കിടെയുണ്ടായ അപ്രതീക്ഷിതമായ അനുഭവത്തിന്‍റെ കഥ പങ്കുവെച്ച് ഇൻസ്റ്റാഗ്രാം ഉപയോക്താവായ നിശ്ചിത നരേൻ. ബീച്ചുകളുടെ ഭംഗി കാണാനിറങ്ങിയ യാത്രയിൽ, ജീവിതത്തിൽ കനത്ത തിരിച്ചടികൾ നേരിട്ട ഒരു അപരിചിതന് ആശ്വാസമേകാൻ സാധിച്ചതിന്‍റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.
"എല്ലാ യാത്രകളും ബീച്ചുകളെക്കുറിച്ച് മാത്രമുള്ളതല്ല; ചിലപ്പോൾ ദൈവം നമ്മുടെ വഴികളിലേക്ക് അയക്കുന്ന മനുഷ്യരെക്കുറിച്ചുള്ളതു കൂടിയാണ്," എന്ന കുറപ്പോടെയാണ് നിശ്ചിത നരേൻ വീഡിയോ പങ്കുവെച്ചത്. ഗോവയിൽ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്യുന്ന മഹാരാഷ്ട്ര സ്വദേശിയായ വ്യക്തിയുമായാണ് നിശ്ചിത വീഡിയോയിൽ സംസാരിക്കുന്നത്. ഒരു ബിസിനസ്സ് ആരംഭിക്കുക എന്ന ലക്ഷ്യത്തോടെയാണ് താൻ ഗോവയിലെത്തിയതെന്നും എന്നാൽ, കാര്യങ്ങൾ പ്രതീക്ഷിച്ചതുപോലെ നടക്കാതെ വലിയ സാമ്പത്തിക നഷ്ടമുണ്ടായെന്നും അയാൾ വീഡിയോയിൽ പറയുന്നു. "ഞാൻ മഹാരാഷ്ട്രക്കാരനാണ്. ഇവിടെ ബിസിനസ്സ് ചെയ്യാനാണ് വന്നത്, എന്നാൽ എനിക്ക് എല്ലാം നഷ്ടപ്പെട്ടു," എന്ന് കണ്ണീരോടെ അദ്ദേഹം വ്യക്തമാക്കുന്നു.
തീർത്തും നിരാശനായ അദ്ദേഹത്തിന് ധൈര്യം പകരുകയും തന്നാലാവുന്ന എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്യുകയായിരുന്നു നിശ്ചിത. "ഞങ്ങളുടെ കഴിവിൽ പരമാവധി എന്തൊക്കെ ചെയ്യാൻ സാധിക്കുമോ, ആ രീതിയിൽ ഞങ്ങൾ സഹായിക്കാം. ആവശ്യമെങ്കിൽ മറ്റുള്ളവരുടെ സഹായവും ഉറപ്പാക്കാം," എന്ന് അവർ അദ്ദേഹത്തിന് ഉറപ്പ് നൽകുന്നു. സംഭാഷണത്തിനൊടുവിൽ അദ്ദേഹത്തിന് കഴിക്കാൻ ഭക്ഷണവും നൽകിയ ശേഷമാണ് യുവതി മടങ്ങിയത്. ജീവിതത്തിൽ എല്ലാവർക്കും കഷ്ടപ്പാടുകൾ ഉണ്ടാകാറുണ്ടെന്ന് പറഞ്ഞ ആ വ്യക്തി, യാത്ര ആസ്വദിക്കാനും തന്നെ മറക്കരുതെന്നും അവരോട് അഭ്യർത്ഥിക്കുന്നതും വീഡിയോയിൽ കാണാം.
വീഡിയോ വൈറലായതോടെ വലിയ പിന്തുണയാണ് സോഷ്യൽ മീഡിയയിൽ നിന്ന് നിശ്ചിതയ്ക്ക് ലഭിക്കുന്നത്. യുവതിയുടെ കരുണാർദ്രമായ നിലപാടിനെ പ്രശംസിച്ച് കൊണ്ട് നിരവധി പേർ രംഗത്തെത്തി. അദ്ദേഹത്തെ നാട്ടിലേക്ക് മടങ്ങാൻ സഹായിക്കാമെന്നും ജോലി നൽകാൻ തയ്യാറാണെന്നും അറിയിച്ച് കൊണ്ട് ഗോവയിൽ നിന്നുള്ള പ്രാദേശികവാസികൾ ഉൾപ്പെടെ നിരവധി പേർ കമന്‍റ് ബോക്സിൽ കുറിച്ചു.