
സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടാനും വൈറലാകാനും എന്തും ചെയ്യാൻ മടിയില്ലാത്ത ഒരു വലിയ വിഭാഗം ആളുകളെയാണ് നാം ഓരോ ദിവസവും കാണുന്നത്. ദൗർഭാഗ്യകരമായ ഈ പ്രവണത നിയന്ത്രിക്കാൻ മതിയായ മാർഗ്ഗങ്ങൾ ഇല്ല എന്നുള്ളത് ഏറെ നിരാശാജനകമാണ്. സമാനമായ ഒരു വീഡിയോ കഴിഞ്ഞദിവസം സോഷ്യൽ മീഡിയ ഉപയോക്താക്കൾക്കിടയിൽ വലിയതോതിലുള്ള രോഷവും വെറുപ്പും സൃഷ്ടിക്കുന്നതിന് കാരണമായി.
വീഡിയോയിൽ ഒരു സ്ത്രീ തൻറെ അടിവസ്ത്രം ഊരി മാറ്റി ഒരു സൂപ്പർമാർക്കറ്റിൽ ബ്രഡ്ഡുകൾക്കിടയിൽ വെക്കുന്ന ദൃശ്യങ്ങളാണ് ഉള്ളത്. ക്ലോ ലോപ്പസ് എന്ന പേരിൽ സോഷ്യൽ മീഡിയയിൽ അറിയപ്പെടുന്ന സ്ത്രീയാണ് ഇത്തരത്തിൽ ഒരു വെറുപ്പുളവാക്കുന്ന പ്രവൃത്തി ചെയ്തത്. ഒരു ചലഞ്ചിന്റെ ഭാഗമായാണ് താൻ ഇത്തരത്തിലേക്ക് കാര്യം ചെയ്തത് എന്നാണ് യുവതി അവകാശപ്പെടുന്നത്.
വീഡിയോയിൽ സാധനങ്ങൾ എടുക്കാൻ എന്ന രീതിയിൽ ഒരു ട്രോളിയുമായി യുവതി ബ്രഡ്ഡ് സൂക്ഷിച്ചിരിക്കുന്ന സെക്ഷന് മുന്നിൽ നിൽക്കുന്നത് കാണാം. തുടർന്ന് അവർ ചിരിച്ചുകൊണ്ട് ക്യാമറയിലേക്ക് നോക്കി തൻറെ അടിവസ്ത്രം അഴിച്ചുമാറ്റി ഒരു ബ്രെഡ് ട്രേയിൽ വയ്ക്കുന്നു. ശേഷം ക്യാമറയെ നോക്കി പുഞ്ചിരിച്ചുകൊണ്ട് ട്രോളിയുമായി നടന്നു നീങ്ങുന്നു.
സ്പാനിഷ് വാർത്താ ഏജൻസിയായ ലാ റാസോൺ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് ഒരു മെർകഡോണ സൂപ്പർമാർക്കറ്റിലാണ് സംഭവം നടന്നത്. വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ രോഷാകുലരായ സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ ഭാഗത്തുനിന്നും വലിയ വെറുപ്പും വിമർശനവും ആണ് ഈ സ്ത്രീക്കെതിരെ ഉയരുന്നത്.
മെർക്കഡോണ ഈ സ്ത്രീക്കെതിരെ പൊലീസിൽ പരാതി നൽകിയില്ലെങ്കിൽ താൻ ഇനി ഒരിക്കലും മെർക്കഡോണയിൽ നിന്ന് ബ്രെഡ്ഡ് വാങ്ങില്ല എന്നായിരുന്നു ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടത്. ഈ സ്ത്രീയെ ഒരു പൊതുശല്യമായി കണക്കാക്കി ജീവിതകാലം മുഴുവൻ സൂപ്പർമാർക്കറ്റുകളും ഷോപ്പിംഗ് സെൻ്ററുകളും പോലെയുള്ള പൊതുവിടങ്ങളിൽ നിന്നും അവരെ വിലക്കണമെന്നും മറ്റൊരു ഉപയോക്താവ് അഭിപ്രായപ്പെട്ടു.
റിപ്പോർട്ടുകൾ പ്രകാരം, മെർക്കഡോണ നിലവിൽ സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണ്.